SignIn
Kerala Kaumudi Online
Saturday, 24 October 2026 2.53 AM IST

ചേലക്കര ഇന്ന് പോളിംഗ് ബൂത്തിലേക്ക്

election

തൃശൂർ: തിരഞ്ഞെടുപ്പ് ചട്ടം മാനിച്ച് നേതാക്കളെല്ലാം മണ്ഡലം വിട്ടു, ചേലക്കര ഇന്ന് പോളിംഗ് ബൂത്തിലെത്തും. അവസാനവട്ടം ഒരിക്കൽ കൂടി വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഇന്നലെ മുന്നണികൾ. ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ ഉറപ്പിച്ചും പോക്കറ്റിലായത് ബൂത്തിലെത്തി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാനുമുള്ള തയ്യാറെടുപ്പുകൾ നടത്തി. രാവിലെ മുതൽ സ്ഥാനാത്ഥികളും കർമനിരതരായിരുന്നു.

പ്രചാരണത്തിന്റെ ശബ്ദകോലാഹലങ്ങളിലാതെ നിശബ്ദമായി അവസാന അടിയൊഴുക്കും അനുകൂലമാക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ തവണ 1,98,086 വോട്ടർമാർ ഉണ്ടായിരുന്നത് ഇക്കുറി 2,13,103 ആയി. 15,017 വോട്ടർമാർ കൂടുതലുണ്ട്. കഴിഞ്ഞ തവണ 77.04 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മണ്ഡലചരിത്രത്തിൽ ഇത്രയേറെ പ്രചാരണം നടത്തിയ മറ്റൊരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ തന്നെ പറയുന്നു.

ചേലക്കരക്കാരുടെ പൾസ് അറിഞ്ഞുകൊണ്ടുള്ള തന്ത്രങ്ങൾ തന്നെയായിരുന്നു ഈ ഉപതിരഞ്ഞെടുപ്പിൽ ഉടനീളം കണ്ടത്. എൽ.ഡി.എഫും യു.ഡി.എഫും നേരിട്ടാണ് മത്സരമെങ്കിലും എൻ.ഡി.എയും മുഴുവൻ കഴിവും പുറത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പി.വി. അൻവറിന്റെ ഡി.എം.കെ എത്ര വോട്ട് നേടുമെന്നതും സജീവ ചർച്ചയാണ്. വിജയം ഉറപ്പെന്ന് മുന്നണികൾ പറയുമ്പോഴും വൻഭൂരിപക്ഷം അവകാശപ്പെടുന്നില്ലെന്നത് മത്സരത്തിന്റെ വീറും വാശിയും വ്യക്തമാക്കുന്നു.


യു.ആർ.പ്രദീപ് ( എൽ.ഡി.എഫ്)

വോട്ടെടുപ്പിന്റെ തലേന്നും വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപ്. കൂടുതലും ശ്രദ്ധകേന്ദ്രരീകരിച്ചത് സ്വന്തം പഞ്ചായത്തായ ദേശമംഗലത്താണ്. സ്വന്തം തട്ടകത്തെ നിശബ്ദപ്രചാരണം കഴിഞ്ഞ് മണ്ഡലത്തിന്റെ ഭൂരിഭാഗം സ്ഥലത്തും എത്തി. ഇന്ന് രാവിലെ ഏഴിന് കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്‌കൂളിലെ 25-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തും. കെ. രാധകൃഷ്ണൻ എം.പി തോന്നൂർക്കര എ.യു.പി സ്‌കൂളിൽ രാവിലെ എട്ടിന് വോട്ട് രേഖപ്പെടുത്തും.

രമ്യ ഹരിദാസ് (യു.ഡി.എഫ്)
യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യഹരിദാസും ഇന്നലെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. രാവിലെ വരവൂരിൽ നിന്നും പര്യടനം തുടങ്ങി. തുടർന്ന് മുള്ളൂർക്കര, ചെറുതുരുത്തി, പാഞ്ഞാൾ, ചേലക്കര, പഴയന്നൂർ, തിരുവില്വാമല എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, കോളേജുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെത്തി വോട്ടർമാരെ കണ്ടു. ഇതിനിടെ പ്രവർത്തകരെയും നേതാക്കളെയും സന്ദർശിച്ച് നാളത്തെ ഒരുക്കങ്ങൾ വിലയിരുത്തി. രമ്യക്ക് മണ്ഡലത്തിൽ വോട്ടില്ല.


കെ. ബാലകൃഷ്ണൻ (എൻ.ഡി.എ)

സ്വന്തം തട്ടകത്ത് തന്നെയായിരുന്നു തിരുവില്വാമലക്കാരനായ എൻ.ഡി.എ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ ഇന്നലെ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. പഞ്ചായത്തിൽ ബി.ജെ.പി ഭരണം ലഭിച്ചപ്പോൾ വൈസ് പ്രസിഡന്റായിരുന്നു. അതിനാൽ പരമാവധി വോട്ടുകൾ അവിടെ നിന്നും സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നിശബ്ദ പ്രചാരണം. ഇന്ന് രാവിലെ ഏഴിന് പാമ്പാടി സ്‌കൂളിലെ 116-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.

കഴിഞ്ഞ തവണത്തെ വോട്ടിംഗ്
എൽ.ഡി.എഫ്: 54.41 %
യു.ഡി.എഫ്: 28.71 %
എൻ.ഡി.എ: 15.68 %
എസ്.ഡി.പി.ഐ: 0.73 %
നോട്ട: 0.47 %

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL