SignIn
Kerala Kaumudi Online
Saturday, 24 October 2026 3.56 AM IST

ഇരു മുന്നണികൾക്കും വോട്ട് ചോർച്ച !

തൃശൂർ : ചേലക്കര ഒരിക്കൽ കൂടി ചുവപ്പണിയുമ്പോൾ, ഭൂരിപക്ഷം മൂന്നിലൊന്നായി കുറച്ചെന്ന് അവകാശപ്പെട്ട് യു.ഡി.എഫ് സമാശ്വസിക്കുമ്പോൾ ഇരു മുന്നണികൾക്കും വോട്ടെണ്ണത്തിൽ ചോർച്ചയുണ്ടായെന്ന് കണക്കുകൾ. 1996 മുതൽ തുടർച്ചയായി ഏഴാംതവണയും മണ്ഡലം നിലനിറുത്തിയ എൽ.ഡി.എഫിന് പഴയ മേധാവിത്വം പുലർത്താനാകുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടികജാതി ഉന്നതികളുള്ള മണ്ഡലമാണ് ചേലക്കര. സി.പി.എമ്മിന്റെ സ്വാധീന മേഖലയാണിത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം വോട്ടുകളും കൈയടക്കിയിരുന്നു.

എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ ഈ മേഖലകളിലേക്ക് മറ്റ് മുന്നണികളും കടന്നുകയറി. 2021 ൽ 54 ശതമാനം വോട്ടോടെ, 39,400 ഭൂരിപക്ഷമാണ് കെ.രാധാകൃഷ്ണൻ നേടിയത്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലത് 5073 വോട്ടായി. ഇപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 7128 വോട്ടിന്റെ വർദ്ധനവ് ഉണ്ടായി. അപ്പോഴും മുൻ നിയമസഭാ തിരഞ്ഞെടുപ്പിലെ കാൽ ലക്ഷത്തിലേറെ വോട്ട് കുറയുകയായിരുന്നു. മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ എണ്ണായിരത്തിലേറെ വോട്ട് കൂടുതലായി ചേർത്തിട്ടുമുണ്ട്. അതിന്റെ വോട്ട് വിഹിതം കാര്യമായി ലഭിച്ചിട്ടുമില്ല.

നേട്ടം നിലനിറുത്താനാകാതെ യു.ഡി.എഫ്

എൽ.ഡി.എഫിന്റെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോഴും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ 2569 വോട്ട് കുറവാണ് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചത്. 55,195 വോട്ടുണ്ടായിരുന്നത് 52,626 ആയി. മുൻ എം.പി എന്ന നിലയിൽ മണ്ഡലത്തിൽ സുപരിചിത, ഭരണ വിരുദ്ധ വികാരം എന്നിട്ടും ചേലക്കരയിൽ ലോകസഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറഞ്ഞത് യു.ഡി.എഫിനെ കുഴയ്ക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തിരുവഞ്ചൂർ രാധകൃഷ്ണൻ, കൊടിക്കുന്നേൽ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ പ്രചാരണവും നടന്നു. പാലക്കാട്ടേക്കാൾ മികച്ച രീതിയിൽ പ്രചാരണം നടന്ന സ്ഥലമാണ് ചേലക്കരയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതം കൂട്ടാനായെന്ന ആത്മവിശ്വാസം മാത്രമാണുള്ളത്.

എൽ.ഡി.എഫിന് 2021 ൽ ലഭിച്ചത്

83415 വോട്ട്
2024 64827
നഷ്ടം 18588

യു.ഡി.എഫ്
2021 44015
2024 52626
ലാഭം 8611

എൻ.ഡി.എ
2021 24045
2024 33609
ലാഭം 9564

2024 ലെ ലോക്‌സഭാ കണക്ക്


എൽ.ഡി.എഫ് 60,368
ലാഭം 4459

യു.ഡി.എഫ് 55,195
നഷ്ടം 2569

എൻ.ഡി.എ 28,974
ലാഭം 4635.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL