SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

വീഴ്ചകൾ തുടർക്കഥ, ശേഷം പരിശോധന

  • വില്ലനാകുന്നത് അശ്രദ്ധയും മദ്യപിച്ചുള്ള ഡ്രൈവിംഗും അടിസ്ഥാന സൗകര്യമില്ലായ്മയും

തൃശൂർ : അശ്രദ്ധയും മദ്യപിച്ചുള്ള ഡ്രൈവിംഗും ദേശീയപാതകളെ മരണപ്പാതകളാക്കുന്നു. ജില്ലയുടെ പടിഞ്ഞാറ്, കിഴക്കൻ മേഖലകളിലെ ദേശീയ പാതകളാണ് മരണപ്പാതകളാകുന്നത്. നാട്ടികയിൽ മദ്യപിച്ച് വാഹനമോടിച്ച് നിയന്ത്രണം വിട്ട് പാഞ്ഞ് അഞ്ചു ജീവനാണ് നഷ്ടപ്പെട്ടത്. മദ്യലഹരി മൂലം കണ്ണടച്ച് പോയപ്പോൾ ബാരിക്കേഡുകൾ കാണാതെ ലോറി എന്തിലോ തട്ടുന്നുവെന്ന് തോന്നിയപ്പോഴാണ് വെട്ടിച്ചത്. ഇതോടെ ഉറങ്ങിക്കിടന്നിരുന്നവരുടെ ദേഹത്തേക്ക് വാഹനം പാഞ്ഞു കയറുകയായിരുന്നു. വഴി തെറ്റിയെന്ന് മനസിലായപ്പോൾ ലോറി പിന്നോട്ടെടുത്തപ്പോൾ വീണ്ടും ഇവരുടെ ശരീരത്തേക്ക് കയറി. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് പെരുമ്പാവൂരിലേക്ക് തടി കയറ്റി പുറപ്പെട്ടത്. മാഹിയിൽ നിന്നാണ് മദ്യം വാങ്ങി സൂക്ഷിച്ചത്. തുടർന്ന് വടകര മുതൽ മദ്യപാനം തുടങ്ങി. പൊന്നാനിയെത്തിയപ്പോഴേക്കും ലൈസൻസുള്ള ഡ്രൈവർ ജോസ് വാഹനം ഓടിക്കാൻ സാധിക്കാത്ത വിധം കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് പിന്നാലെ ഇന്നലെ കാളമുറിയിലും നാട്ടികയിലും വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേരുടെ കൂടി ജീവൻ നഷ്ടപ്പെട്ടു. ആവശ്യമായ ദിശാബോർഡ് സ്ഥാപിക്കാത്തത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാകുമ്പോൾ മറുവശത്ത് ഗതാഗത നിയമം പാലിക്കാത്ത ഡ്രൈവർമാരുടെ മരണപ്പാച്ചിലും അപകടം സൃഷ്ടിക്കുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ദേശീയപാതയിലടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസും മോട്ടോർ വാഹന വകുപ്പും ഭാര വാഹനങ്ങളടക്കം പരിശോധിച്ചു.


ജാഗ്രത വേണം, തീർത്ഥാടക വരവായി

ശബരിമല തീർത്ഥാടന കാലമായതിനാൽ സംസ്ഥാനത്തിന് പുറമേ അന്യസംസ്ഥാനത്ത് നിന്നുള്ള വാഹനങ്ങളുടെ വരവ് തുടങ്ങി. അതുകൊണ്ട് കൃത്യമായ നടപടികളുണ്ടാകണമെന്ന ആവശ്യം ശക്തമായി. മണ്ഡലമകര വിളക്ക് അടുത്തതോടെ നൂറുക്കണക്കിന് വാഹനങ്ങളാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നത്. പലപ്പോഴും രാത്രികാലങ്ങളിലാണ് യാത്ര ചെയ്യുന്നത്. ഇത് വലിയ അപകടങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഹൈവേ പട്രോളിംഗ് ഉൾപ്പടെ ശക്തമാക്കണമെന്ന ആവശ്യവുമുണ്ട്.


സീബ്രാ ലൈനില്ല

ദേശീയ പാതകളുടെ പല ഭാഗങ്ങളിലും കാൽനട യാത്രികർക്ക് റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാലൈനുകളടക്കം ഇല്ല. പല ഭാരവാഹനങ്ങളും സ്പീഡ് ഗവേണർ ഉണ്ടായിട്ടും അത് ഘടിപ്പിക്കാതെയാണ് സർവീസ് നടത്തുന്നത്. അധികൃതരുടെ പരിശോധനയിൽ ഒറ്റയടിക്ക് കണ്ടെത്താൻ സാധിക്കില്ല. സ്പീഡ് ഗവേണർ ഉണ്ടെങ്കിൽ കയറ്റം കയറാൻ ഏറെ ബുദ്ധിമുട്ടാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL