
വിപണി കൈയടക്കി ഫ്രീഡം ഫ്രൂട്ട് കേക്ക്
തൃശൂർ: ഓണം വന്നാലും വിഷു വന്നാലും ക്രിസ്മസ് വന്നാലും തൊട്ടതെല്ലാം വരുമാനമാണ് വിയ്യൂർ സെൻട്രൽ ജയിൽ അധികൃതർക്ക്. കഴിഞ്ഞ ഓണത്തിന് പൂക്കൃഷിയിലൂടെ മാത്രം 18,000 രൂപ വരുമാനമുണ്ടാക്കിയ ജയിലധികൃതർ ഇപ്പോഴിതാ ക്രിസ്മസ് പുതുവത്സരത്തിന് ഫ്രൂട്ട് കേക്ക് വിപണി കെെയടക്കി കഴിഞ്ഞു. ആദ്യകാലങ്ങളിൽ ജയിൽ സർക്കാരിന് ബാദ്ധ്യതയായിരുന്നെങ്കിൽ ഇപ്പോൾ ചെലവിലേക്ക് കാര്യമായ വിഹിതം നേടി സ്വയംപര്യാപ്തമാകുകയാണ് ജയിലുകൾ. 16 ലക്ഷം രൂപ പ്രതിമാസം തടവുകാർക്ക് കൂലി ഇനത്തിലും നൽകുന്നു.
റിമാൻഡ് തടവുകാരെ ഒഴിവാക്കിയാൽ 750ഓളം തടവുകാരാണ് ഇവിടെയുള്ളത്. ഇതിൽ അറുന്നൂറോളം പേരെ ഉയോഗപ്പെടുത്തിയാണ് ഫുഡ് യൂണിറ്റ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. പൂർണമായും പഴത്തിന്റെയും മുന്തിരിയുടെയും കാരറ്റിന്റെയും സത്ത് ഉയോഗിച്ചാണ് കേക്ക് ഈ സീസണിൽ മൂന്ന് ടൺ വീതം ഫ്രൂട്ട് പ്ലം കേക്കുകളാണ് നിർമ്മിക്കുന്നത്. സ്വകാര്യക്കമ്പനികളും മറ്റും ഫ്രൂട്ട് കേക്ക് വിപണിയിൽ ഇറക്കുന്നുണ്ടെങ്കിലും രാസവസ്തുക്കൾ ചേർക്കാത്തതിനാൽ മൂന്ന് ദിവസമാണ് കാലാവധി. 2011ലാണ് ഫുഡ് യൂണിറ്റ് ആരംഭിച്ചത്. ആദ്യം കൈകൊണ്ടാണ് ചപ്പാത്തി ഉണ്ടാക്കിയിരുന്നത്. പിന്നീട് യന്ത്രത്തിലേക്ക് മാറിയതോടെയാണ് പുറംവിൽപ്പനയിലേക്ക് തിരിഞ്ഞത്.
ലാഭം ഒമ്പത് ലക്ഷം
വിയ്യൂരിലെ ഫുഡ് യൂണിറ്റിലൂടെ മാത്രം പ്രതിമാസം എല്ലാ ചെലവും കഴിച്ച് പ്രതിമാസം ഒമ്പത് ലക്ഷം രൂപയുടെ ലാഭമാണ് ലഭിക്കുന്നത്. ചപ്പാത്തി, ചിക്കൻകറി, വെജിറ്റബിൾ കറി, മുട്ടക്കറി, ചില്ലി ചിക്കൻ, ചിക്കൻ ബിരിയാണി എന്നിവയാണ് ദിവസവും ഉത്പാദിക്കുന്നത്. ഇതിനുപുറമേ ബേക്കറി യൂണിറ്റിൽ ബ്രഡ്, കേക്ക്, റസ്‌ക് ഉൾപ്പെടെയുള്ള വിവിധഇനങ്ങളും ഉത്പാദിപ്പിക്കുന്നു. ജയിലിന് പുറമേ കോർപ്പറേഷൻ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും സ്റ്റാളിൽ വിൽപ്പനയുണ്ട്.
പച്ചക്കറിച്ചെലവും കുറവ്
അന്തേവാസികൾക്ക് ഭക്ഷണം നൽകാൻ മാത്രം പ്രതിമാസം പന്ത്രണ്ട് ലക്ഷത്തോളം രൂപയുടെ പച്ചക്കറി വേണം. എന്നാൽ വളപ്പിലെ പച്ചക്കറി ഉത്പാദനം വർദ്ധിച്ചതോടെ അഞ്ച് ലക്ഷം മാത്രമാണ് ചെലവ്. ബാക്കിയുള്ളത് മുഴുവൻ ഇവിടെ നിന്നാണ്. കൂടാതെ പന്നിഫാം, പശുവളർത്തൽ എന്നിവയിലൂടെയും വരുമാനമുണ്ട്. പെട്രോൾ പമ്പിൽ നിന്ന് മാത്രം പ്രതിമാസം ഒമ്പത് ലക്ഷത്തിന്റെ വരുമാനമുണ്ട്. ദിനവും ശരാശരി പന്ത്രണ്ട് ലക്ഷത്തിന്റെ വിൽപ്പനയാണ് ഇവിടെ.
തടവുകാർക്ക് ശിക്ഷാ ഇളവും
സ്ഥിരമായി ജോലി ചെയ്യുന്നവർക്ക്
മാസത്തിൽ 4 ദിവസം
കൂടുതൽ മികവ് പുലർത്തുന്നവർക്ക്
വർഷത്തിൽ 15 ദിവസം
ഫ്രീഡം ഫുഡ് യൂണിറ്റ്
സംസ്ഥാനത്ത് 12 ജയിലിൽ
വിയ്യൂരിൽ ലാഭം 9 ലക്ഷം
വിവിധ മേഖലകളിൽ നിന്നായി വർഷം തോറും കോടിക്കണക്കിന് രൂപയുടെ വരുമാനം സർക്കാരിലേക്ക് അടയ്ക്കാനുകുന്നുണ്ട്.
കെ.അനിൽ കുമാർ
സെൻട്രൽ ജയിൽ സൂപ്രണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |