തൃശൂർ : നാല് വർഷത്തിന് ശേഷം ദേശീയാടിസ്ഥാനത്തിൽ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ വോളിബാൾ ചാമ്പ്യൻഷിപ്പിന് കളമൊരുങ്ങുന്നു. വോളിബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യയിലെ അധികാര വടംവലിയെയും വ്യാപകമായ ക്രമക്കേടുകളെയും തുടർന്ന് കായിക മന്ത്രാലയം ഫെഡറേഷന്റെ അംഗീകാരം എടുത്തുകളഞ്ഞിരുന്നു. ശേഷം നിരവധി ടൂർണമെന്റുകൾ നടന്നെങ്കിലും താരങ്ങൾക്ക് ലഭിച്ചിരുന്ന സർട്ടിഫിക്കറ്റ് കൊണ്ട് യാതൊരു ഗുണവും ലഭിച്ചിരുന്നില്ല. ഫെഡറേഷന്റെയും മറ്റും അധികാര വടംവലിയിൽ നൂറുക്കണക്കിന് കായിക താരങ്ങളുടെ ഭാവിയാണ് ഇരുളടഞ്ഞത്. രണ്ട് മാസം മുമ്പ് കേന്ദ്ര കായിക മന്ത്രാലയം വോളിബാൾ ഫെഡറേഷന്റെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ജനുവരി ഏഴ് മുതൽ 14 വരെ രാജസ്ഥാനിലെ ജയ്‌പൂരിൽ ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പുരുഷ വനിതാ ടീമുകളെ ഓപ്പൺ ട്രയൽസിലൂടെ തെരഞ്ഞെടുത്ത് ഇന്ന് യാത്ര തിരിക്കുന്നത്.
കഴിഞ്ഞവർഷം അംഗീകാരമില്ലെങ്കിലും ഗുവാഹത്തിയിൽ നടന്ന ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകളായിരുന്നു ജേതാക്കൾ. പുരുഷ ടീമിന് ക്വാളിഫൈ ചെയ്യാനായില്ല. രണ്ട് വർഷം മുമ്പ് ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ കേരള ടീമുകൾ പങ്കെടുത്തത് ഹൈക്കോടതി ഉത്തരവിലൂടെയായിരുന്നു. അന്ന് പുരുഷ വനിത ടീമുകൾ സ്വർണം നേടി. അതേസമയം കഴിഞ്ഞവർഷം ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ വോളിബാൾ ഫെഡറേഷനുമായി നിലനിന്നിരുന്ന നിരന്തരമായ കേസുകളെ തുടർന്ന് കായിക മന്ത്രാലയം വോളിബാൾ മത്സരം ഉപേക്ഷിച്ചു.
ദേശീയ ചാമ്പ്യൻഷിപ്പിന് ശേഷം ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിലും ഈ ടീമുകൾ തന്നെയാകും പങ്കെടുക്കുക. ദേശീയ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളത്തിന് വെല്ലുവിളി ഉയർത്തുക റെയിൽവേസായിരിക്കും. പുരുഷ വിഭാഗത്തിൽ കേരളത്തിന് പുറമേ തമിഴ്‌നാട്, ബംഗാൾ, റെയിൽവേസ്, സർവീസസ് എന്നിവരും ശക്തരായ ടീമുകളാണ്. ഇന്നലെ ടീം കൊച്ചിയിൽ നിന്നും ബാംഗ്‌ളൂരുവിൽ നിന്നുമായി ജയ്പൂരിലേക്ക് പുറപ്പെട്ടു.
ദേശീയ ചാമ്പ്യൻഷിപ്പിന് പങ്കെടുക്കുന്ന അതേ ടീമിനെയാണ് ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിലും പങ്കെടുപ്പിക്കുക.
സി.കെ.ഉസ്മാൻ ഹാജി
സംസ്ഥാന വോളിബാൾ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ.
ദേശീയ ചാമ്പ്യൻഷിപ്പിന് ശക്തമായ ടീമിനെയാണ് കേരളം കളത്തിലിറക്കുന്നത്. വിജയപ്രതീക്ഷയോടെയാണ് ഇരു ടീമും പുറപ്പെടുന്നത്.
സഞ്ജയ് ബാലിഗ,
വനിത ടീം ചീഫ് കോച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |