SignIn
Kerala Kaumudi Online
Thursday, 22 October 2026 10.24 PM IST

പരിശോധന കടുപ്പിച്ച് പൊലീസും എക്‌സൈസും; 'കെട്ടുവിടാതെ' എം.ഡി.എം.എ

nar
സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ കമ്മി​ഷണർ ആർ. ഇളങ്കോയു ടെ നേതൃത്വത്തി​ൽ നശി​പ്പി​ക്കുന്നു

പിടിച്ചെടുത്തത് മൂന്നു കി.ഗ്രാം


തൃശൂർ: പൊലീസും എക്‌സൈസും പരിശോധനകൾ കടുപ്പിച്ചെങ്കിലും പിടിമുറുക്കി എം.ഡി.എം.എ. 2024 ൽ സിറ്റി പൊലീസ് പരിധിയിൽ മാത്രം പിടിച്ചെടുത്തത് മൂന്നു കി.ഗ്രാമിലേറെ മാരക രാസലഹരിവസ്തുവായ എം.ഡി.എം.എയാണ്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സിറ്റി പൊലീസ് പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്തത് അര കി.ഗ്രാമിലേറെയാണ്. റൂറൽ പൊലീസിന്റേയും എക്‌സൈസിന്റേയും നേതൃത്വത്തിൽ പിടികൂടിയ കണക്ക് കൂടി ഉൾപ്പെടുത്തിയാൽ പതിൻമടങ്ങ് കൂടും. വിനോദസഞ്ചാരമേഖലകളിലും മലയോരതീരമേഖലകളിലും നഗരങ്ങളിലെ വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ചുമാണ് മയക്കുമരുന്നുകളും രാസലഹരിവസ്തുക്കളും ഏറെയും വിൽക്കുന്നതെന്ന് പറയുന്നു. ചെക്ക് പോസ്റ്റുകളിലെ പരിശോധന ലഹരിക്കടത്തുകാർ എളുപ്പം മറികടക്കും. വളരെ കുറഞ്ഞ അളവിൽ കൊണ്ടുവരാമെന്നതിനാൽ പിടികൂടാനും പ്രയാസമാണ്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പനസംഘങ്ങളുടെ കണ്ണികളുമുണ്ട്. കഴിഞ്ഞ ദിവസം തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നതിന് വഴിയൊരുക്കിയതും ലഹരിവസ്തുക്കളായിരുന്നു. കഴിഞ്ഞദിവസം പാലിയേക്കരക്കടുത്തുള്ള ചിറ്റിശേരിയിലെ ചൂളയിൽ ലഹരിവസ്തുക്കൾ പൊലീസിന്റെ നേതൃത്വത്തിൽ സിറ്റി ഡ്രഗ്‌സ് ഡിസ്‌പോസൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കത്തിച്ചു നശിപ്പിച്ചു. കമ്മിഷണർ ആർ. ഇളങ്കോ, ക്രൈംബ്രാഞ്ച് എ.സി.പി. നിസാമുദ്ദീൻ, നർകോടിക് സെൽ എ.എസ്.ഐ സനീഷ് ബാബു, വനിതാ സിവിൽ പൊലീസ് ഓഫീസർ ഷിഫാന, സി.പി.ഒ മാരായ സച്ചിൻ ദേവ്, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് കത്തിച്ചത്.

പറന്നെത്തുന്ന ലഹരി

അയൽജില്ലകളിൽ നിന്ന് പാഴ്‌സൽ വഴിയും മറ്റ് രാജ്യങ്ങളിൽ നിന്ന് വിമാനത്തിലും എം.ഡി.എം.എ എത്തുന്നുണ്ട്. കഴിഞ്ഞദിവസം വയനാട് തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ ബസ് സർവീസിലെ പാർസൽ വഴി കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തിരുന്നു. ബസിന്റെ അടിഭാഗത്തെ കാബിനുള്ളിൽ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബംഗളൂരുവിൽനിന്നാണ് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് എത്തിക്കുന്നത്. ഈയിടെ മലപ്പുറം വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടികൂടിയ എം.ഡി.എം.എ ചലച്ചിത്രനടിമാർക്ക് നൽകാൻ കൊണ്ടുവന്നതെന്നായിരുന്നു പ്രതി മൊഴി നൽകിയത്. എം.ഡി.എം.എ കൈപ്പറ്റാൻ രണ്ടു നടിമാർ എറണാകുളത്തുനിന്ന് എത്തുമെന്നും പ്രതി വ്യക്തമാക്കിയിരുന്നു. ഒമാനിൽനിന്ന് പാൽപ്പൊടി പാക്കറ്റുകളിലാക്കിയാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയത്.

സിറ്റി പൊലീസ് പരിധിയിൽ
പുതുവർഷത്തിൽ പിടിച്ചെടുത്തത്:
കഞ്ചാവ്- 83.27 കിലോഗ്രാം
ഹാഷിഷ് ഓയിൽ- 4.975 കിലോഗ്രാം
എം.ഡി.എം.എ- അര കി.ഗ്രാം


2024 ൽ പിടിച്ചെടുത്തത്


കഞ്ചാവ്: 365.216 കി.ഗ്രാം
എം.ഡി.എം.എ: 2.900.
ഹാഷിഷ് ഓയിൽ: 2.147 കി.ഗ്രാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL