കാൽ നൂറ്റാണ്ടിനുശേഷം സ്വർണക്കപ്പിൽ മുത്തമിട്ട് തൃശൂർ
തൃശൂർ: കാൽനൂറ്റാണ്ടിനുശേഷം സ്‌കൂൾ കലോത്സവത്തിൽ തൃശൂരിന് സ്വർണക്കപ്പ്. അവസാനനിമിഷം വരെ മാറിമറിഞ്ഞ് ഒടുവിൽ ഫോട്ടോഫിനിഷിലാണ് ചാമ്പ്യന്മാരായത്. 1999ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലായിരുന്നു ഇതിന് മുൻപ് തൃശൂർ കപ്പടിച്ചത്. സംസ്ഥാന കലോത്സവം ആരംഭിച്ച ശേഷം ആറാം തവണയാണ് സാംസ്‌കാരിക തലസ്ഥാനം കിരീടം ചൂടുന്നത്.
1008 പോയിന്റ് നേടി ഒരു പോയന്റിന് പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നേട്ടം. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂരിനാണ് മൂന്നാം സ്ഥാനം. 2023ൽ കോഴിക്കോട് നടന്ന കലോത്സവത്തിൽ മൂന്നാം സ്ഥാനമായിരുന്നു തൃശൂരിന്. പലതവണ രണ്ടാം സ്ഥാനക്കാരായ തൃശൂരിന് ഏറെ കാത്തിരിപ്പിനൊടുവിലാണ് ഇക്കുറി കിരീടനേട്ടം. തുടക്കം മുതൽ തൃശൂർ ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിലുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷവും പോയിന്റ് പട്ടികയിൽ തൃശൂരും പാലക്കാടും മാറിമറിഞ്ഞു. ഹൈസ്‌കൂൾ വിഭാഗത്തിൽ 482 പോയുന്റും ഹയർ സെക്കൻഡറി വിഭാഗത്തിൽ 526 പോയിന്റും നേടി. ഏറ്റവും ആദ്യം 1969ലാണ് തൃശൂർ ആദ്യം കിരീടമണിഞ്ഞത്.
കിരീടനേട്ടത്തിൽ തൃശൂർ
1969 (കോട്ടയം), 1970 (തൃശൂർ), 1994 (കോഴിക്കോട്), 1996 (കോട്ടയം), 1999 (കൊല്ലം), 2025 (തിരുവനന്തപുരം)
പൂത്തുലഞ്ഞ് ആഹ്ളാദം
കാൽനൂറ്റാണ്ടിന് ശേഷം തലസ്ഥാന നഗരയിൽ തൃശൂർ കപ്പുയർത്തുമ്പോൾ അണിയറയിൽ ആഹ്‌ളാദം. മന്ത്രിമാരും കളക്ടറും ഉൾപ്പെടെയുള്ളവർ സ്വർണക്കപ്പിൽ മുത്തമിട്ട് ആരവം ഉയർത്തിയപ്പോൾ ചടങ്ങിൽ മുഖ്യാതിഥിയായത് നടനും തൃശൂർക്കാരനുമായ ടൊവിനോ തോമസ്. മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, കളക്ടർ അർജൂൻ പണ്ഡ്യൻ, ഡി.ഡി.ഇ: എ.കെ. അജിതകുമാരി, ജില്ലാ പ്രോഗ്രാം കൺവീനർ ബിനോയ് എന്നിവരും ഉണ്ടായിരുന്നു. സമ്മാനദാനച്ചടങ്ങിൽ പങ്കെടുത്ത ടൊവിനോയ്ക്ക് തൃശൂർ കിരീടം നേടിയത് ഇരട്ടിമധുരമായി.
തൃശൂർ ഇങ്ങെടുത്തൂട്ടാ...
കലോത്സവ കിരീടം നമ്മുടെ സ്വന്തം തൃശൂർ ഇങ്ങെടുത്തൂട്ടോയെന്ന് സമൂഹ മാദ്ധ്യമത്തിൽ സുരേഷ് ഗോപി എം.പി കുറിച്ചു. വിജയികൾക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |