ചെറുതുരുത്തി: പുലർച്ചെ അഞ്ചിന് ചെറുതുരുത്തി മേച്ചിരിക്കുന്നത്ത് ഉണ്ണിയേട്ടൻ ചായക്കടയിലെ നിരപ്പലക മാറ്റുമ്പോഴേ പതിവുകാരെത്തും. ചെമ്പുകൊണ്ട് നിർമ്മിച്ച പഴയ സമോവറിൽ വെള്ളം വച്ച് കരി കത്തിച്ച് ഉണ്ണിയേട്ടൻ പതിവു കച്ചവടത്തിന് ഒരുക്കം തുടങ്ങും. 1950കൾക്ക് ശേഷം പിതാവ് ഒറവൻപാടത്ത് രാഘവൻ സ്ഥാപിച്ചതാണ് കട. അന്നത്തെ പഴയശീലങ്ങളൊന്നും പക്ഷേ മകൻ പ്രഭാകരൻ എന്ന ഉണ്ണിയേട്ടനും മറന്നിട്ടില്ല.
നീണ്ട വർഷം പഴക്കമുള്ള ആ പഴയ സമോവറിൽ ചായ പാർന്നുകൊണ്ടേയിരിക്കുകയാണ് മകനും. കളിമണ്ണുകൊണ്ടുള്ള വെള്ളം നിറയ്ക്കാൻ ഉപയോഗിക്കുന്ന തൊട്ടിയും, പണം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ചെല്ലപ്പട്ടിയും കൗതുകമുണർത്തുന്ന കാഴ്ചയാണ്. പഴയ ഗ്രാമാന്തരീക്ഷത്തിൽ ചായയും, നാട്ടിൻപുറത്തെ നാടൻ പലഹാരങ്ങളുമാണ് മുഖ്യ ആകർഷണം. പ്രഭാകരന് കൂട്ടായി ഭാര്യ പ്രേമയുമുണ്ട്. രാവിലെ അഞ്ചോടെ കരി കത്തിച്ച് സമോവറിലെ വെള്ളം ചൂടാകാൻ ഒരു മണിക്കൂറോളമെടുക്കും. അപ്പോഴേക്കും പതിവുകാർ വന്നുനിറയും. പഴമയുടെ രുചി നുകരാൻ പുതുതലമുറക്കാരും. കെട്ടിടത്തിൽ ചെറിയ മാറ്റം വരുത്തിയെങ്കിലും ഇന്നും കടയ്ക്ക് പഴയ നിരപ്പലകയാണ് ഉപയോഗിക്കുന്നത്. ചായക്കടയ്ക്ക് പ്രത്യേകം പേരുമില്ല.
കരിയുടെ ലഭ്യത കുറഞ്ഞു. മരക്കരിക്കും മറ്റ് സാധനങ്ങൾക്കും വില അനിയന്ത്രിതമായി വർദ്ധിച്ചു. ഈ മേഖലയിൽ പിടിച്ചു നിൽക്കുക വളരെ പ്രയാസമാണ്.
ഉണ്ണിയേട്ടൻ
ചായക്കടക്കാരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |