ബി.ജെ.പിയുടെയും സി.പി.എമ്മിന്റെ സംഘടനാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ
തൃശൂർ: ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പിന്റെ ജില്ലാ ഘടകം വരെ പൂർത്തിയാക്കി. പാർട്ടിക്കുള്ളിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രസിഡന്റുമാരുടെ പ്രഖ്യാപനവും സ്ഥാനാരോഹണവും. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. പതാക ദിനം കഴിഞ്ഞ് സെമിനാറുകളും ആരംഭിച്ചു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര സാദ്ധ്യത ഇല്ലെന്നാണ് വിവരം. അതേസമയം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരു വരുമെന്നതിനെ കുറിച്ച് അവ്യക്ത തുടരുകയാണ്.
ജസ്റ്റിൻ ജേക്കബ്ബും അഡ്വ.നിവേദിതയും
എ.ആർ.ശ്രീകുമാറും ചുമതലയേറ്റു
ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത ചരടുവലികൾ നടന്ന ജില്ലയിൽ മൂന്നു ജില്ലാ പ്രസിഡന്റുമാർ ചുമതലയേറ്റു. തൃശൂർ സെൻട്രൽ ജില്ലാ പ്രസിഡന്റായി ജസ്റ്റിൻ ജേക്കബ്ബും നോർത്ത് പ്രസിഡന്റായി അഡ്വ. നിവേദിത സുബ്രഹ്മണ്യനും സൗത്ത് പ്രസിഡന്റായി എ.ആർ.ശ്രീകുമാറുമാണ് ചുമതലയേറ്റത്. മൂന്നിടങ്ങളിലും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. നേരത്തെ ബൂത്ത് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ എന്നിവരെ പ്രഖ്യാപിച്ച ശേഷമാണ് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്. തൃശൂർ സെൻട്രൽ ജില്ലാ പ്രസിഡന്റായി ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ഒരാളെയാണ് പ്രസിഡന്റാക്കിയത് എന്നതും ശ്രദ്ധേയമായി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിൽ ക്രൈസ്തവ സഭകളുടെ പിന്തുണ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ജില്ലയിൽ ഒരു ന്യുനപക്ഷ വിഭാഗത്തിലുള്ള ആളെയും ഒരു വനിതയെയും കൊണ്ടുവന്നപ്പോൾ ഒരിടത്ത് ജനറൽ വിഭാഗത്തിലുള്ള നേതാവിനെയും പ്രസിഡന്റാക്കിയിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് നിയമനങ്ങളിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്നുണ്ട്. തൃശൂരിൽ അനീഷ് പക്ഷക്കാരനാണ് പ്രസിഡന്റ്. എന്നാൽ നോർത്തിൽ എ.ആർ.ശ്രീകുമാർ സുരേന്ദ്രനുമായി അടുപ്പം പുലർത്തന്ന ആളാണ്.
സി.പി.എം ജില്ലാ സെക്രട്ടറിയായി എം.എം.വർഗീസ് തുടർന്നേക്കും
സി.പി.എമ്മിന്റെ 24-ാമത് ജില്ലാ സമ്മേളനത്തിന് കുന്നംകുളം ഒരുങ്ങി. ഫെബ്രുവരി 9, 10, 11 തീയതികളിൽ കുന്നംകുളം നഗരസഭാ ടൗൺഹാളിലാണ് പ്രതിനിധി സമ്മേളനം. 450 ഓളം പാർട്ടി പ്രതിനിധികൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.
ജില്ലയിലെ 2667 ബ്രാഞ്ചുകളും 267 ലോക്കൽ കമ്മിറ്റികളും 17 ഏരിയാ കമ്മിറ്റികളുമുണ്ട്. നിലവിലെ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് തന്നെ സെക്രട്ടറിയായി തുടരുമെന്നാണ് സൂചന. കെ.വി.അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറിയാകുമെന്ന വാർത്തകൾ ഉയർന്നിരുന്നെങ്കിലും എം.എം.വർഗീസിന് തന്നെയാണ് സാദ്ധ്യത. ജില്ലാ സെക്രട്ടറിയേറ്റിലെ മുതിർന്ന അംഗങ്ങളായ യു.പി.ജോസഫ്, കേരള പ്രവാസി സംഘം സംസ്ഥാന ജന. സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ എന്നിവരെ ഒഴിവു വരുന്ന സംസ്ഥാന കമ്മിറ്റിയിലേക്ക് സംസ്ഥാന സമ്മേളനം പരിഗണിച്ചേക്കും. എൻ.ആർ.ബാലൻ, ബേബി ജോൺ എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇക്കുറി ഒഴിവാക്കും. മുൻ എംഎൽഎ കൂടിയായ എൻ.ആർ.ബാലന് 75 വയസ് പൂർത്തിയായതിനാലും ബേബി ജോണിനെ ആരോഗ്യപരമായ കാരണത്താലുമാണ് ഒഴിവാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |