
കയ്പ്പമംഗലം: തീരദേശത്തിന്റെ ഉപജീവനോപാധിയായ മത്സ്യബന്ധനത്തിലൂടെ ലഭിച്ച സമ്പാദ്യത്തിന്റെ ഒരു പങ്ക്, ഇല്ലായ്മകൾ കൊണ്ട് വലയുന്നവരിലെത്തിക്കാൻ ആരംഭിച്ച ഭക്ഷ്യവിതരണത്തിന് 27ാം പിറന്നാൾ. വിവിധ തുറകളിൽ നിന്നുമെത്തിയ 1,500 ഓളം പേർക്ക് ഏഴ് കിലോ വീതം അരിയാണ് നൽകിയത്. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. വഞ്ചിപ്പുരയിലെ ഐ.ആർ എട്ട് വള്ളക്കാർ വർഷം തോറും നടത്തിവരുന്ന പ്രസിദ്ധിയാർജ്ജിച്ച ഭക്ഷ്യവിതരണോദ്ഘാടനം ചാപ്പക്കടവ് മുത്തപ്പൻ ക്ഷേത്രാങ്കണത്തിൽ റിപ്പബ്‌ളിക്ക് ദിനത്തിലായിരുന്നു. കയ്പമംഗലം സി.ഐ ഷാജഹാൻ, എസ്.ഐ കെ.ഐ.സൂരജ് , ബി.എസ്.ശക്തിധരൻ, കെ.കെ.തമ്പി തുടങ്ങിയവർ പങ്കെടുത്തു.
ഐ.ആർ എട്ടെന്ന നൂറുമേനി
പരമ്പരാഗത മത്സ്യതൊഴിലാളികൾ 32 വർഷം മുൻപ് 24 യുവാക്കൾ ചേർന്ന് 12,500 രൂപ വീതം സ്വരൂപിച്ച് ആരംഭിച്ച തൊഴിലാളി കൂട്ടായ്മയുടേതാണ് ഐ.ആർ എട്ട് വള്ളം. നൂറ് മേനിയുടെ നേട്ടം കൈവരിക്കുന്നവരെന്ന നിലയിൽ, അക്കാലത്ത് പ്രസിദ്ധി നേടിയ ഐ.ആർ എട്ട് എന്ന കൂരിക്കുഴി ദേശക്കാർ നൽകിയിരുന്ന വിശേഷണത്തെ വഞ്ചിപ്പുരയിലെ 12ഓളം തൊഴിലാളികൾ തനത് പേരായി സ്വീകരിച്ചു. ഔട്ട് ബോർഡ് വള്ളത്തിലായിരുന്നു തുടക്കം. പിന്നീടത് 75 അടി നീളവും17 അടി വീതിയുമുള്ള ഇൻബോർഡ് വള്ളമായി. പങ്കാളികൾ ഉൾപ്പെടെ അൻപതോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
ഐ.ആർ എട്ട് തമ്പി
കൂട്ടായ്മയ്ക്ക് തുടക്കമിട്ട തമ്പിയാണ് ഇന്നും നായകന്റെ റോളിൽ. അതോടെ നാട്ടുകാർക്കിദ്ദേഹം ഐ.ആർ എട്ട് തമ്പിയായി. സുതാര്യത ഉറപ്പു വരുത്തി, കണക്കുകൾ കൈകാര്യം ചെയ്യാൻ പുറമേ നിന്നും ആളെയും ചുമതലപ്പെടുത്തി. ചെലവുകൾ കണക്കാക്കിയും മറ്റും പങ്കാളികൾക്കും തൊഴിലാളികൾക്കുമുള്ള വിഹിതവും മറ്റും നിശ്ചയിക്കുന്ന ഈ കൂട്ടായ്മയുടെ സുതാര്യതയാണ് ഇവരുടെ വിജയരഹസ്യം. ജീവൻ പണയം വെച്ചുള്ള ഉപജീവനോപാധിയിൽ നിന്നുണ്ടാകുന്ന സമ്പാദ്യത്തിലൊരു പങ്ക്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി, നീക്കി വയ്ക്കാനുള്ള കോഴിപറമ്പിൽ തമ്പിയുടെ നിശ്ചയം തീരദേശത്തിനും അഭിമാനമാണ്. കൊവിഡ് കാലത്തും ഈ സംഘം നിരവധി കാരുണ്യപ്രവർത്തനം നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |