ചാലക്കുടി: ചെറുതല്ല, നൂറ്റാണ്ടിലെ മഹാപ്രളയം വരുത്തിയ പാരിസ്ഥിതിക മാറ്റം. 2018ലെ മഹാപ്രളയം സർവമേഖലയിലും മാറ്റമുണ്ടാക്കി. ആഫ്രിക്കൻ ഒച്ചുകളുടെ ചേക്കേറ്റം, കാർഷിക വിളകൾക്ക് ദോഷം വരുത്തുന്ന കാട്ടുപുല്ലുകളുടെ വേരോട്ടം, അങ്ങനെയങ്ങനെ. എന്നാൽ പഠനങ്ങളോ മറ്റോ നടക്കാത്തതിനാൽ കാടിനകത്ത് പ്രളയമുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് വനംവകുപ്പിന് പോലും വിവരങ്ങളില്ല.
അതിരപ്പിള്ളി മേഖലയിൽ പുതിയ കാട്ടാനകളെത്തിയതും മഹാപ്രളയത്തിന്റെ മറ്റൊരേടാണെന്ന് പറയപ്പെടുന്നു. വർഷങ്ങളായി തുടരുന്നതാണ് അതിരപ്പിള്ളിയിലെ കാട്ടാനശല്യം. സ്ഥിരം നാട്ടിലിറങ്ങുന്ന ആനകൾ അന്നെല്ലാം വിരളമായിരുന്നു. ഇപ്പോൾ അങ്ങനയല്ല, എപ്പോൾ വേണമെങ്കിലും അത്യാഹിതം സംഭവിക്കാമെന്ന ഭീതിയിലാണ് ജനങ്ങൾ. അതിരപ്പിള്ളിയുടെ പേരിൽ അറിയപ്പെടുന്ന ആനകളേറെയുണ്ട്.
അതിരപ്പിള്ളി വല്യ ഒറ്റക്കൊമ്പൻ
കാടിറങ്ങുന്ന കൊമ്പന്മാരിൽ ഏറ്റവും വലിയ ആന. വയസ് ഏകദേശം 48. പത്തടിയിലേറെ ഉയരം. മരങ്ങൾ കുത്തിമറിക്കുന്നതിനിടെയാകാം ഒരു കൊമ്പ് നഷ്ടമായിട്ടുണ്ട്. വെറ്റിലപ്പാറ, കാലടി പ്ലാന്റേഷൻ, ഏഴാറ്റുമുഖം മേഖലകളിലേക്ക് സഞ്ചരിക്കുന്നതാണ് പ്രിയം. എണ്ണപ്പനയുടെ ചൊട്ടയാണ് ഏറ്റവും പഥ്യമുള്ള ആഹാരം. മദപ്പാട് വേളയിൽ പുഴയിലിറങ്ങുന്നത് സ്ഥിരം കാഴ്ച. ഇതുവരെ ആളുകളെ ആക്രമിച്ച ചരിത്രമില്ല. എങ്കിലും പരിസരവാസികൾ ഇപ്പോൾ ആശങ്കയിലാണ്. ആകാരവലുപ്പമേറെയുള്ള ഇവനും തങ്ങളുടെ നേരെ തിരിഞ്ഞാൽ എന്തുചെയ്യും...?
അതിരപ്പിള്ളി ചെറിയ ഒറ്റക്കൊമ്പൻ
വലിയ ഒറ്റക്കൊമ്പന് കൂട്ടായി ചെറിയ ഒറ്റക്കൊമ്പനും മേഖലയിലെ സ്ഥിരം സന്ദർശകനാണ്. വലിയ ഒറ്റക്കൊമ്പനുമായി പത്തിലേറെ വയസിന്റെ വ്യത്യാസമുണ്ടെങ്കിലും ഇരുവരും ചങ്ങാതിമാരാണ്. ഒരേ സംഘത്തിൽ ഇരു ആനകളെയും കണ്ടവരുണ്ട്. ചിലപ്പോഴെല്ലാം തനിച്ചും ചെറിയ ഒറ്റക്കൊമ്പൻ സഞ്ചരിക്കാറുണ്ട്. മദപ്പാട് വേളയിൽ ഇവനെ കൂട്ടത്തിൽ നിന്നും ഓടിക്കുന്നത് നാട്ടുകാർ കണ്ടിട്ടുണ്ട്. പുല്ലും എണ്ണപ്പന കായകളുമാണ് പ്രധാന ഭക്ഷണം. രണ്ടുവർഷം മുൻപാണത്രെ ഇവന്റെ ഇടതുകൊമ്പ് നഷ്ടമായത്.
അതിരപ്പിള്ളി അയ്യപ്പൻകുട്ടി
ഒത്തൊരു ആന, പ്രായം മുപ്പതിന് മുകളിൽ. നേരത്തെ അതിരപ്പിള്ളി കാടുകളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നെങ്കിലും ഇപ്പോൾ കാണ്മാനില്ല. എണ്ണപ്പനത്തോട്ടവും പ്ലാന്റേഷൻ കാടുകളുമായിരുന്നു വിഹാര കേന്ദ്രം. ആർക്കും ഇതുവരെ ഒരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ല. അയ്യപ്പൻകുട്ടിയെന്ന പേര് എങ്ങനെ വന്നുവെന്നതും കാര്യവും ആർക്കുമറിയില്ല. മദപ്പാട് കാലത്ത് പിടിയാനകളെ തേടിപ്പോകുമ്പോൾ മാത്രമേ കാണാതാകുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ സ്ഥിരമായി കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |