
തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ രക്തബാങ്കിനെ സംസ്ഥാനത്തെ മികച്ച രക്തബാങ്കായി ദേശീയ ആരോഗ്യ മന്ത്രാലയം തിരഞ്ഞെടുത്തു. ട്രാൻസ്ഫ്യൂഷൻ മെഡിസിനിലെ ബിരുദാനന്തരപഠനം ഉൾപ്പടെ നിരവധി പദ്ധതികൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് നേട്ടം. സന്നദ്ധ രക്തദാനത്തിലെ മികവ്, രക്തഘടകങ്ങളുടെ ഉത്പ്പാദനം, കൃത്യമായ റിപ്പോർട്ടിംഗ്, സേവനത്തിലെ ഗുണനിലവാരം, മികച്ച രോഗീ സേവനം തുടങ്ങിയ മാനദണ്ഡങ്ങളെ ആധാരമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.
ദേശീയ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് വിഭാഗം എല്ലാ സംസ്ഥാനങ്ങളിലേയും മികച്ച രക്ത ബാങ്കിനെ ആദരിച്ചിരുന്നു. വകുപ്പ് മേധാവി ഡോ. സജിത്ത് വിളമ്പിൽ, മെഡിക്കൽ ഓഫീസർമാരായ ഡോ. കെ.എ. അർച്ചന, ഡോ. പി.എസ്. അഞ്ജലി, ഡോ. ആഷ്‌ലി മൊൺസൺ മാത്യു, ഡോ. നിത്യ എം. ബൈജു, സയന്റിഫിക് ഓഫീസർമാരായ എസ്. സിന്ധു, വി. ഷീജ, കൗൺസിലർ പ്രീതി വർഗീസ് എന്നിവർ കേന്ദ്ര അഡീഷണൽ ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. വിജയ വിജയ് മോത്ഘരെയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് ഡയറക്ടർ ഡോ. കൃഷൻ കുമാർ, അഡീഷണൽ ഡയറക്ടർ ഡോ. മേഘാ കോബ്രഗഡെ, ഡോ. മാനസ് റോയ്, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി പ്രൊജക്ട് ഡയറക്ടർ ഡോ.ആർ. ശ്രീലത, അഡീഷണൽ ഡയറക്ടർമാരായ സിനു കടകംപള്ളി, അനീഷ് എന്നിവർ സന്നിഹിതരായി.
ക്രിയാത്മക കേന്ദ്രം
ചുവന്ന രക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ, പ്ലാസ്മ, ക്രയോപ്രെസിപിറ്റേറ്റ് തുടങ്ങിയ വിവിധ രക്തഘടകങ്ങളുടെ നിർമ്മാണത്തിലും വിതരണത്തിലും കേന്ദ്രം ക്രിയാത്മകമാണ്. അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമെ അഫെറെസിസ് ഘടക ശേഖരണം, രക്തം വഴി പകരുന്ന രോഗങ്ങളുടെ പരിശോധനയ്ക്കുള്ള കെമിലുമെസെൻസ് ടെസ്റ്റ്, ക്വാളിറ്റി പരിശോധനയ്ക്ക് ഓട്ടോമാറ്റിക് കൊയാഗുലേഷൻ മെഷീൻ, ഇമ്മ്യൂണോ ഹെമറ്റോളജിയിലെ വിശദമായ ടെസ്റ്റുകൾ തുടങ്ങി നൂതന സംവിധാനങ്ങൾ നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |