തൃശൂർ: കോൺഗ്രസിലെ നാൽവർ സംഘത്തിന്റെ പരാതികളും എതിർപ്പും പുതിയ ഡി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് തടയാനുള്ള നീക്കമെന്ന വ്യാഖ്യാനവുമായി ഒരു വിഭാഗം നേതാക്കൾ. അന്വേഷണ സമിതി റിപ്പോർട്ടിനെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ ഈ സമയത്ത് നടത്തിയത് ഈ സംഘത്തിന്റെ മുൻകൂട്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. തൃശൂർ ഡി.സി.സി പ്രസിഡന്റിനെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇത് മനസിലാക്കിയാണ് പുതിയ വിവാദം ഉയർത്തിയത്. എ ഗ്രൂപ്പിലെ ഒരു വിഭാഗവും ഐ ഗ്രൂപ്പിലെ ചില നേതാക്കളും രഹസ്യപിന്തുണ നൽകി.
മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ.പ്രതാപൻ, മുൻ യു.ഡി.എഫ് ചെയർമാൻ എം.പി.വിൻസന്റ്, അനിൽ അക്കര എന്നിവരാണ് പുതിയ നേതൃത്വം വരുന്നതിന് തടസം നിൽക്കുന്നതെന്നാണ് പരാതി. ഒരു മാസം മുമ്പ് ജോസഫ് ടാജറ്റിനെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്ന് വ്യക്തമായതോടെ ഈ നേതാക്കളിൽ ചിലർ കെ.സി.വേണുഗോപാലിനെ കണ്ട് തടയണമെന്നാവശ്യപ്പെട്ടുവത്രേ. പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചാൽ തങ്ങൾ തെറ്റുകാരാണെന്ന് പറയുന്നതിന് തുല്യമാകുമെന്നാണ് ഇവരുടെ വാദം. കെ.മുരളീധരന്റെ തോൽവിക്ക് ശേഷമാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ജോസ് വള്ളൂരും എം.പി. വിൻസെന്റും രാജി വച്ചത്. പക്ഷേ താൻ ആർക്കെതിരെയും പരാതി നൽകിയിട്ടില്ലെന്ന് കെ.മുരളീധരൻ പറഞ്ഞതോടെ, എന്തിനാണ് രാജിവയ്ക്കാൻ നിർദ്ദേശിച്ചതെന്നാണ് ജോസ് വള്ളൂരിന്റെ ചോദ്യം.
എ ഗ്രൂപ്പിന്റെയും നീക്കം
പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാതിരിക്കാൻ എ ഗ്രൂപ്പും യോഗം ചേർന്ന് ജോൺ ഡാനിയേലിനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നീക്കവും ഫലം കാണാതായതോടെ എ ഗ്രൂപ്പ് നേതാവായ കെ.സി.ജോസഫിന്റെ ആശിർവാദത്തോടെയാണ് പുതിയ നീക്കമെന്ന് പറയുന്നു. അന്വേഷണ റിപ്പോർട്ടിൽ തങ്ങൾക്കെതിരെ പരാമർശമില്ലെന്ന് അന്വേഷണ കമ്മിഷനിൽ അംഗമായ കെ.സി.ജോസഫ് പറഞ്ഞതായി അനിൽ അക്കര വ്യക്തമാക്കിയിരുന്നു. ഇല്ലാത്ത ഒരു പേജ് കൂട്ടിച്ചേർത്താണ് പുറത്തുവന്നതെന്നാണ് വാദം. എന്നാൽ റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ലെന്ന് കെ.പി.സി.സി നേതൃത്വവും വ്യക്തമാക്കി. സ്ഥാനം തിരിച്ചുനൽകുന്നില്ലെങ്കിൽ തങ്ങൾക്ക് അനുയോജ്യനായ ആളെ പ്രസിഡന്റാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാൻ കെ.സി.വേണുഗോപാലോ കെ.പി.സി.സി പ്രസിഡന്റ് സുധാകരനോ തയ്യാറായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |