തൃശൂർ : സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സൗമ്യതയുടെ മുഖവുമായി കെ.വി.അബ്ദുൾ ഖാദർ. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന കെ.വി.അബ്ദുൾ ഖാദർ എന്ന ഈ ചാവക്കാട്ടുകാരൻ പാർട്ടിക്കുള്ളിലെ വേറിട്ട വ്യക്തിത്വമാണ്. 15 വർഷത്തോളം ഗുരുവായൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ഒരിക്കൽ പോലും വിവാദങ്ങളിൽ ഉൾപ്പെടാതെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർച്ചയായി മൂന്നു തവണയാണ് ക്ഷേത്രനഗരി ഉൾപ്പെടുന്ന ഗുരുവായൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. പതിറ്റാണ്ടിലേറെക്കാലം പ്രദേശിക മാദ്ധ്യമ പ്രവർത്തന രംഗത്ത് നിറഞ്ഞുനിന്ന അനുഭവ സമ്പത്തും പൊതുപ്രവർത്തന രംഗത്ത് മുതൽക്കൂട്ടായി. എല്ലാ നേതാക്കളുമായി പുലർത്തുന്ന തികഞ്ഞ സൗഹൃദവും പുതിയ സ്ഥാനലബ്ദിക്കുള്ള വഴികാട്ടലായി മാറി. എൽ.ഡി.എഫിന്റെ ജില്ലാ കൺവീനറെന്ന നിലയിൽ മറ്റ് ഘടകക്ഷികളെ ഒരേ ചരടിൽ കൊണ്ടുപോകുന്നതിനും അബ്ദുൾ ഖാദർ ഏറെ ശ്രദ്ധ പുലർത്തി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പരാജയം സംഭവിച്ചെങ്കിലും എൽ.ഡി.എഫിനെ വീണ്ടും മുന്നോട്ട് കൊണ്ട് പോകുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച നേതൃപാടവവും മികച്ചതായി. 1979ൽ കെ.എസ്.വൈ.എഫ് ബ്ലാങ്ങാട് യുണിറ്റ് സെക്രട്ടറിയായി പൊതുപ്രവർത്തന രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം മികച്ച സംഘാടകൻ കൂടിയാണ്. സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും സമര മുഖങ്ങളിൽ സജീവസാന്നിദ്ധ്യമാണ്. കഴിഞ്ഞ നിരവധി വർഷങ്ങളായി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എന്ന നിലയിൽ നിന്നാണ് പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോൽവി മറികടന്ന് വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ വിജയതീരമണിയിക്കുകയെന്ന പ്രധാന വെല്ലവിളിയാണ് പുതിയ സെക്രട്ടറിക്ക് നേരിടാനുള്ളത്. അതോടൊപ്പം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന കരുവന്നൂർ ഉൾപ്പടെയുള്ള വിഷയങ്ങളിലെ ഇടപെടലുകളും നിർണായകമാണ്.
സ്ഥാനങ്ങൾ
ജില്ലാ സെക്രട്ടറിയേറ്റംഗം, എൽ.ഡി.എഫ് ജില്ലാ കൺവീനർ, പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, പ്രവാസി ക്ഷേമബോർഡ് ചെയർമാൻ, 2006 മുതൽ 2021 ഗുരുവായൂർ എം.എൽ.എ, 1991 മുതൽ ചാവക്കാട് ഏരിയ കമ്മിറ്റി അംഗം, 1997 മുതൽ ഏരിയ സെക്രട്ടറി, മത്സ്യതൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ്, ബീഡി വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് , സംസ്ഥാന കമ്മിറ്റി അംഗം, കേരള നിയമസഭയിലെ പ്രവാസി കേരളീയരുടെ ക്ഷേമ സമിതിയുടെ ആദ്യ ചെയർമാൻ, കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |