തൃശൂർ: സർക്കാരിന്റെയും ഗതാഗത വകുപ്പിന്റെയും നടപടികളിൽ പിടിച്ചുനിൽക്കാൻ പ്രയാസമാണെന്ന് ബസുടമാ സംഘടനകൾ. 15 വർഷം മുൻപ് സംസ്ഥാനത്ത് 34,000 സ്വകാര്യ ബസുണ്ടായിരുന്നത് ഇപ്പോൾ 7,000 മാത്രമേയുള്ളൂ. കടക്കെണിയിൽപെട്ടും നഷ്ടം സഹിച്ചുമാണ് പലരും സർവീസ് അവസാനിപ്പിച്ചത്. സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുന്ന നടപടികളൊന്നും അധികൃതരിൽ നിന്നുണ്ടാകുന്നില്ലെന്നാണ് കുറ്റപ്പെടുത്തൽ.
ഒരു സ്വകാര്യ ബസ് നിരത്തിലിറക്കണമെങ്കിൽ 35 ലക്ഷത്തോളം ചെലവ് വരും. നിത്യവരുമാനം 3,000 മുതൽ 5,000 രൂപയേ ലഭിക്കൂ. രണ്ട് ജീവനക്കാർക്കുള്ള കൂലിക്കും ഡീസലിനും അറ്റകുറ്റപ്പണിക്കുമുള്ള ചെലവും കഴിഞ്ഞാൽ തുച്ഛമായ തുക മാത്രമാകും ബാക്കി. വായ്പാതിരിച്ചടവിന് മറ്റ് വഴികൾ തേടണം. ഇതിനിടെ ഗതാഗത നയമാറ്റം തിരിച്ചടിയാകുന്നുവെന്നാണ് ബസുടമകളുടെ പക്ഷം. 140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റൂട്ടും ലിമിറ്റഡ് സ്റ്റോപ്പ് റൂട്ടും പിടിച്ചെടുക്കാനുള്ള തീരുമാനവും കാലോചിതമായി വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാത്തതും തിരിച്ചടിയാകുന്നു. സാമൂഹികമായും സാമ്പത്തികമായും മാനദണ്ഡങ്ങൾ നിശ്ചയിച്ച് കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ഉടമകളുടെ നിർദ്ദേശം.
ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയും നിസാര കാര്യങ്ങൾക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതും ദ്രോഹകരമാണ്. ജുഡീഷ്യറിക്ക് മാത്രമേ ശിക്ഷിക്കാൻ അധികാരമുള്ളൂവെന്നിരിക്കെ എം.വി.ഐ പോലും ശിക്ഷാ നടപടികളെടുക്കുകയാണെന്നും ബസുടമകൾ പറയുന്നു.
കെ.കെ.മേനോൻ, മയിൽ വാഹനം, പി.എസ്.എൻ മോട്ടോഴ്‌സ്... ഒരു പതിറ്റാണ്ടുകാലം മുൻപ് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലേക്കൊക്കെ സർവീസ് നടത്തിയ സ്വകാര്യ ബസ് ഭീമന്മാരാണിവർ. ഇവരാരും ഇന്ന് ഈ വ്യവസായത്തിലില്ല. വണ്ടിപ്പണിയെടുത്ത് വഴിമുട്ടിയപ്പോൾ ലീസിനെടുത്തും വായ്പയെടുത്തും ഒരു ബസ് വാങ്ങിയവരാണ് ഇന്നത്തെ ബസുടമകളിലേറെയും.
-എം.എസ്. പ്രേംകുമാർ
(പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ)
റൂട്ട് പിടിച്ചെടുക്കൽ നിറുത്തലാക്കണം. കൺസെഷൻ പരിഷ്‌കരിക്കണം. പല ബസും ബ്ലാക്ക് ലിസ്റ്റിലാണ്. 27ന് തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നിശ്ചയിച്ചിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് വിംഗ് ഒന്നരലക്ഷം ഡ്രൈവർമാരുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. അപകടങ്ങൾക്ക് കാരണം മോശം റോഡുകളാണെന്നാണ് തുളസീദാസൻ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത് പരിഹരിക്കാൻ ശ്രമമില്ല.
-ജോൺസൻ പടമാടൻ
(സംസ്ഥാന പ്രസിഡന്റ്, ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |