വടക്കാഞ്ചേരി : കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങളിലൂടെയുള്ള പൊയ്ക്കുതിരകളുടെ എഴുന്നള്ളിപ്പ് കൊണ്ടും, ആചാര വൈവിദ്ധ്യം കൊണ്ടും കേളികേട്ട മച്ചാട് മാമാങ്കത്തിന്റെ പറ പുറപ്പാട് ഇന്ന് നടക്കും. എടുപ്പന്മാരുടെ തോളിലേറി മച്ചാട് ഭഗവതി തട്ടകത്തേയ്ക്ക് എഴുന്നള്ളുമ്പോൾ കൊമ്പ്, കുറുംകുഴൽ, കുത്ത് വിളക്ക് അകമ്പടിയാകും. മറ്റ് ക്ഷേത്രങ്ങളിലെല്ലാം വാദ്യമേളത്തിന്റെ അകമ്പടിയോടെ വെളിച്ചപ്പാടുമാരാണ് പറയെടുപ്പിന് എത്താറുള്ളതെങ്കിൽ ഇവിടെ ഭഗവതിയുടെ പ്രതിനിധിയായി ഇളയതാണ് കാർമ്മികനാവുക.
അരീക്കര ഇല്ലത്തെ ഇളയതുമാരാണ് എടുപ്പന്മാരുടെ തോളിലേറി റോഡും പാടവും മലയും കാടും കുന്നുമൊക്കെ താണ്ടി പറയെടുപ്പിനെത്തുന്നത്. ഇന്നലെ വൈകീട്ട് ശ്രീകോവിലിന് മുന്നിൽ ദേവിക്ക് അഭിമുഖമായിരിക്കുന്ന ഇളയത് ഭഗവതിയെ പ്രത്യേക പൂജാ മന്ത്രങ്ങളിലൂടെ തന്നിലേക്ക് ആവാഹിച്ചെടുക്കും. തുടർന്ന് ക്ഷേത്ര ആൽത്തറ വലം വെച്ച് അരിയും, പൂവും എറിഞ്ഞ് ഭക്തജനങ്ങളെ അനുഗ്രഹിച്ച് ക്ഷേത്രം വലം വെച്ച ശേഷം ആദ്യം ഹരിജൻ വിഭാഗത്തിൽപെട്ട കുടുംബത്തിന്റെ പറ സ്വീകരിക്കും.
തുടർന്ന് വടക്കും വാതിൽക്കലിലെ ഭക്തരുടെ പറയും സ്വീകരിച്ച ശേഷമാണ് തട്ടകയാത്രയ്ക്ക് തുടക്കം കുറിക്കുക. പാടശേഖരത്തിലൂടെ പനങ്ങാട്ടുകര കാർത്യായനി ക്ഷേത്രത്തിലെത്തി സഹോദരി കൂടിയായ കാർത്യായനി ഭഗവതിയോട് ഭക്തജനങ്ങളെ കാണാൻ പോവുകയാണെന്നും തട്ടകം സംരക്ഷിക്കണമെന്നും ആവശ്യപ്പെടുമെന്നാണ് വിശ്വാസം. വരുംദിവസങ്ങളിൽ രാത്രിയും, പകലുമായി അയ്യായിരത്തോളം പറകൾ സ്വീകരിക്കും.
ക്ഷേത്രക്കുതിരകൾക്ക് പുതിയ തല
മച്ചാട് മാമാങ്കത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മാമാങ്കം നടത്തുന്ന പുന്നംപറമ്പ് വിഭാഗം പ്രസിഡന്റ് കെ.രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ട് ക്ഷേത്ര കുതിരകൾക്ക് ഇത്തവണ പുതിയ തലകൾ നിർമ്മിച്ചിട്ടുണ്ട്. നിലവിലെ തലകൾ കാലപ്പഴക്കം മൂലം ഉപയോഗയോഗ്യമല്ലാത്ത സ്ഥിതിയാണ്. മാമാങ്കം കഴിഞ്ഞാൽ പുതിയ തലകൾ ദേശ ഓഫീസിൽ സൂക്ഷിക്കും. ഇന്ന് പുറപ്പാടിന് മുന്നോടിയായി രാത്രി ഏഴിന് പോരൂർ ഉണ്ണിക്കൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവരുടെ ഡബിൾ തായമ്പക നടക്കും. രാത്രി ഒമ്പതരയ്ക്ക് ചെമ്മീൻ ബാൻഡ് ഒരുക്കുന്ന ലൈവ് കൺസേർട്ട് ഉണ്ടാകും. മാമാങ്കദിനത്തിൽ ഉച്ചയ്ക്ക് 12 നാണ് തട്ടകങ്ങളിൽ നിന്നുള്ള കുതിര വരവ് ആരംഭിക്കുക. രണ്ടിന് കണ്ടത്തിലെത്തും. രണ്ടരയ്ക്ക് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 100 കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളംനടക്കും. അഞ്ചിനാണ് കുതിരകളി. എഴുന്നള്ളിപ്പിൽ 11 കുതിരകൾ പങ്കെടുക്കും. മാമാങ്കം 50 ലക്ഷം രൂപയ്ക്ക് ഇൻഷ്വർ ചെയ്തിട്ടുണ്ട്. വെള്ളി മുതൽ ബുധൻ വരെയാണ് ഇൻഷ്വർ പരിരക്ഷ. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ എം.എസ്.ജയൻ, ട്രഷറർ സി.എ.നന്ദകുമാർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |