SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

കൊമ്പൻ, കുങ്കിയാന, ഏഴാറ്റുമുഖം ഗണപതി : ത്രില്ലർ ചേരുവയോടെ രക്ഷാപ്രവർത്തനം

ana
1

ചാലക്കുടി: ഒരു വന്യജീവിയുടെ ജീവൻ നിലനിറുത്താൻ വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമാണ് ഒരു മാസത്തോളമായി പ്ലാന്റേഷൻ കോർപ്പറേഷൻ കാട്ടിൽ നടന്നത്. ജനുവരി 11ന് മസ്തകത്തിൽ മുറിവേറ്റ ആനയെ ഏഴാറ്റുമുഖം എലിച്ചാണിയിൽ കാണുമ്പോൾ ആരും പ്രതീക്ഷിച്ചില്ല, ഇതൊരു സാഹസിക ചലച്ചിത്രം പോലെ ശ്രദ്ധിക്കപ്പെടുമെന്ന്.

ആദ്യം വനംവകുപ്പിന്റെ ഡോക്ടർമാരെത്തി ആനയെ നിരീക്ഷിച്ചു. പിന്നീട് വിപുലമായ നിരീക്ഷണത്തിന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സഖറിയയെത്തി. മുറിവ് മാരകമല്ലെങ്കിലും ചികിത്സ വേണമെന്ന് നിർദ്ദേശിച്ചു. പിന്നീട് 60 അംഗ ദൗത്യ സംഘം രൂപീകരിച്ചു. വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മി ചുക്കാൻ പിടിച്ചു. നാല് ദിവസത്തെ പരിശ്രമത്തിനൊടുവിൽ ജനുവരി 24ന് നാൽപ്പത് വയസുള്ള ആനയെ മയക്ക് വെടിവച്ച് നിറുത്തി ചികിത്സിച്ചു. നാല് ദിവസത്തിന് ശേഷം വീണ്ടും കണ്ടെത്തിയപ്പോൾ വ്രണത്തിൽ പുഴുവരിച്ച നിലയായിരുന്നു. അണുബാധയുണ്ടെന്ന സംശയം ബലപ്പെട്ടു. വീണ്ടും സി.സി.എഫ് പ്രമോജ് ജി.കൃഷ്ണനും സ്ഥലത്തെത്തി. എന്ത് വിലകൊടുത്തും ആനയെ പിടികൂടി ജീവൻ രക്ഷിക്കാൻ നിർദ്ദേശിച്ചു. രണ്ടാംവട്ടം മയക്കുവെടിയേറ്റാൽ 30 ശതമാനം മാത്രം രക്ഷപ്പെടൽ സാദ്ധ്യയുള്ളപ്പോഴും ആനയെ രക്ഷിക്കുന്ന തീരുമാനത്തിന് വനംവകുപ്പ് മെനക്കെട്ടിറങ്ങി.


അതിരപ്പിള്ളിയിൽ കുങ്കിയാനകൾ ആദ്യം

പരിക്കുള്ള ആനയെ പിടികൂടാൻ മുത്തങ്ങയിൽ നിന്നും മൂന്ന് കുങ്കിയാനകളെ എത്തിച്ചപ്പോൾ നാട്ടുകാർക്ക് ഹരമായി. കേട്ടറിഞ്ഞ ആനപ്രേമികൾ എണ്ണപ്പനത്തോട്ടത്തിൽ തമ്പടിച്ചു. കുങ്കിയാന കോന്നി സുരേന്ദ്രന് ഒടുവിൽ ആൾക്കൂട്ടത്തെ ഇഷ്ടപ്പെടാത്ത അവസ്ഥയായി. ഇതോടെ ചെക്ക് പോസ്റ്റുകൾ അടച്ചിട്ട് ജനത്തെ നിയന്ത്രിച്ചു. എന്നിട്ടും സാഹസികമായി നടന്ന ആന ദൗത്യം നേരിട്ടുകാണാൻ തടിച്ച് കൂടിയത് നൂറുകണക്കിന് ആളുകളായിരുന്നു. നിയന്ത്രണരേഖയായ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്ന് ജനങ്ങൾ കാഴ്ചകൾ ആവോളം ആസ്വദിച്ചു. ചൊവ്വാഴ്ച രാത്രി മുഴുവൻ പരിക്കേറ്റ ആന പുഴയുടെ തീരത്ത് നടന്നു, ഒപ്പം ഏഴാറ്റുമുഖം ഗണപതിയും. ഇന്നലെ ഇവയ്ക്ക് അകമ്പടിയായി മറ്റ് പത്തോളം ആനകളും. മയക്കുവെടി കൊണ്ട ആനയെ എത്രയും വേഗം കോടനാടെത്തിക്കുന്നതിന് വനപാലകർ മലയാറ്റൂർ വഴിയും തെരഞ്ഞെടുത്തു. മയങ്ങിയ കൊമ്പന്റെ ലോറിയിലെ യാത്രയും പിന്നാലെ കുങ്കിയാനകളുടെ തിരക്കിട്ട പോക്കും ദൗത്യം വിജയകരമായി പൂർത്തിയാക്കിയ വനപാലകപ്പടയുടെ പ്രവർത്തനങ്ങളുമെല്ലാം നാട്ടുകാരുടെ മനസിൽ ഒരു ത്രില്ലർ സിനിമ പോലെ എക്കാലവും തങ്ങിനിൽക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL