തൃശൂർ: ഒളകരയിൽ ആദിവാസി കുടുംബങ്ങൾക്ക് നൽകുന്ന ഭൂമിയുടെ അതിർത്തി നിർണയം തുടങ്ങി. ആദിവാസി ഉന്നതിയിലെ 44 കുടുംബങ്ങൾക്ക് ഭൂമിയെന്ന സ്വപ്‌നം ഇതോടെ യാഥാർത്ഥ്യമാകും. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിന് ശേഷം വനാവകാശ രേഖ കൈമാറാൻ തീരുമാനിച്ചതോടെയാണ് ഭൂമി അളന്ന് സർവേ കല്ല് സ്ഥാപിച്ചു തുടങ്ങിയത്. ഡി.എഫ്.ഒ കഴിഞ്ഞദിവസം രേഖയിൽ ഒപ്പിട്ടതോടെയാണ് ചുവപ്പുനാട നീങ്ങിയത്.
22ന് ഒളകരയിൽ നടക്കുന്ന ചടങ്ങിൽ വനാവകാശ രേഖ മന്ത്രി കെ.രാജൻ കൈമാറും. വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു, മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. ഇതിന്റെ സംഘാടക സമിതി രൂപീകരണ യോഗം അടുത്ത ദിവസം ചേരും. കളക്ടർ, പീച്ചി ഡി.എഫ്.ഒ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എന്നിവർ ഒപ്പിട്ട ശേഷമാണ് ഭൂമി നൽകുന്നത്. എന്നാൽ, ഡി.എഫ്.ഒ ഫയൽ പിടിച്ചുവച്ചത് ഒളകരക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. ഭൂമി പ്രശ്‌നം നീട്ടിക്കൊണ്ടുപോയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്ന റിപ്പോർട്ട് സർക്കാരിന് നൽകിയതോടെയാണ് വനാവകാശ രേഖയിൽ ഡി.എഫ്.ഒ ഒപ്പിട്ടത്. മന്ത്രി കെ.രാജൻ, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരുടെ ഇടപെടലാണ് നടപടികൾ വേഗത്തിലാക്കിയത്. ഉന്നതിയിൽ നിലവിൽ 47 കുടുംബങ്ങളാണ് താമസിക്കുന്നത്. മൂന്ന് കുടുംബങ്ങൾ അടുത്തിടെ താമസമാക്കിയവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |