SignIn
Kerala Kaumudi Online
Saturday, 24 October 2026 2.51 AM IST

അബ്ദുൾ ഖാദറും ഡോ.ബിന്ദുവും പുതുമുഖങ്ങൾ : മൂന്നുപേരെ ഒഴിവാക്കി, രണ്ട് പേർക്ക് ഇടം

തൃശൂർ: പുതുതായി കെ.വി.അബ്ദുൾ ഖാദറും ഡോ.ബിന്ദുവും ഉൾപ്പെട്ടതോടെ, സി.പി.എം സംസ്ഥാന സമിതിയിലേക്ക് ജില്ലയിൽ നിന്ന് ആറു പേർ. കെ.രാധാകൃഷ്ണൻ, എ.സി.മൊയ്തീൻ, എം.എം.വർഗീസ്, പി.കെ.ബിജു എന്നിവരാണ് സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ. ഏറെക്കാലമായി തൃശൂരിൽ താമസിക്കുന്ന പി.കെ.ബിജു തൃശൂരിൽ നിന്നുള്ള സംസ്ഥാനസമിതി അംഗമെന്ന നിലയിലാണ് ഉൾപ്പെടുന്നത്.

സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും പി.കെ.ബിജു തെരഞ്ഞടുക്കപ്പെട്ടു. നിലവിൽ ഏഴ് പേരാണ് സംസ്ഥാന സമിതിയിലുണ്ടായിരുന്നതെങ്കിലും പുതിയ കമ്മിറ്റിയിൽ ആറ് പേർക്കാണ് സ്ഥാനം ലഭിച്ചത്. അതേസമയം പ്രായപരിധി പിന്നിട്ടതോടെ എം.കെ.കണ്ണൻ, എൻ.ആർ.ബാലൻ എന്നിവരെയും ആരോഗ്യ പ്രശ്‌നങ്ങളാൽ ബേബി ജോണിനെയും ഒഴിവാക്കി.
എ.സി.മൊയ്തീനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജാതിപരിഗണനകൾ കൂടി കണക്കിലെടുത്താണ് ഒഴിവാക്കിയതെന്നറിയുന്നു. കെ.രാധാകൃഷ്ണൻ കേന്ദ്ര കമ്മിറ്റി അംഗമാണ്. സംസ്ഥാന സമിതിയിൽ 15 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയതിൽ രണ്ട് പേർ തൃശൂരിൽ നിന്നായത് പാർട്ടിക്കുള്ള അംഗീകാരമായി. മുൻ ജില്ലാ സെക്രട്ടറി എം.എം.വർഗീസിന് 75 തികയാത്തതിനാൽ അദ്ദേഹത്തെ നിലനിറുത്തി.


പടിയിറങ്ങി നാലു പ്രമുഖർ

പതിറ്റാണ്ടായി സി.പി.എമ്മിന്റെ മുഖങ്ങളായിരുന്ന കെ.എസ്.കെ.ടി.യു നേതാവ് എൻ.ആർ.ബാലൻ, ബേബി ജോൺ തുടങ്ങിയവരാണ് സംസ്ഥാന സമിതിയിൽ നിന്ന് പടിയിറങ്ങുന്നത്. പതിറ്റാണ്ടായി രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന എം.കെ.കണ്ണനും പടിയിറങ്ങി. കേരള ബാങ്കിന്റെ വൈസ് ചെയർമാൻ കൂടിയാണ് കണ്ണൻ. ബേബി ജോൺ, എൻ.ആർ.ബാലൻ എന്നിവർ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.


ജില്ലയിൽ നിന്നുള്ള ആദ്യ വനിത

സി.പി.എം സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ വനിതയെന്ന ബഹുമതിയാണ് മന്ത്രി ആർ.ബിന്ദുവിന് ലഭിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിശാലാക്ഷി ടീച്ചർ അടക്കമുള്ള നിരവധി നേതാക്കൾ തൃശൂരിൽ നിന്ന് വർഗ ബഹുജന സംഘടനകളുടെ സംസ്ഥാന നേതാക്കളായി വന്നിട്ടുണ്ടെങ്കിലും പാർട്ടി സംസ്ഥാന ഘടകത്തിലേക്കെത്തിയില്ല. കേരള വർമ്മ കോളേജിലെ അദ്ധ്യാപികയായിരുന്ന ആർ.ബിന്ദു പിന്നിട് തൃശൂർ മേയറായി. രണ്ടാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുകയാണ്.

തൃശൂരിന് നഷ്ടം

നിലവിലെ സംസ്ഥാന സമിതിയിൽ ജില്ലയിൽ നിന്ന് മൂന്നുപേർ വിവിധ കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടപ്പോൾ രണ്ട് പേർക്ക് മാത്രമാണ് അവസരം ലഭിച്ചത്. മൂന്നുപേർ ഒഴിവാകുമ്പോൾ പുതുതായി യു.പി.ജോസഫ്, കെ.കെ.രാമചന്ദ്രൻ, ഡോ.ആർ.ബിന്ദു, കെ.വി.അബ്ദുൾ ഖാദർ എന്നിവർ എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും രണ്ട് പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL