
ഗുരുവായൂർ: ദേവഗണങ്ങൾക്കും ഭക്തർക്കും ദർശനം നൽകി ഗുരുവായൂരപ്പൻ സ്വർണപ്പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളി. ഉത്സവം രണ്ടാം ദിവസം മുതലാണ് സ്വർണപ്പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിക്കുക. രാവിലെ ശ്രീഭൂതബലിക്ക് നാലമ്പലത്തിനകത്ത് സപ്തമാതൃകകൾക്ക് ബലിതൂവുന്ന സമയത്ത് ഭഗവാൻ സ്വർണപ്പഴുക്കാ മണ്ഡപത്തിൽ ഉപവിഷ്ടനായി തന്നെ വണങ്ങാനെത്തുന്ന ദേവഗണങ്ങൾക്ക് ദർശനം നൽകുന്നു. പൂർണമായും സ്വർണത്താൽ നിർമ്മിച്ച പഴുക്കാ മണ്ഡപത്തിൽ വീരാളിപ്പട്ട് വിരിച്ച് ആലവട്ടം, വെഞ്ചാമരം എന്നിവക്കൊണ്ട് അലങ്കരിച്ച് അതിൽ രാജകീയ പ്രൗഡിയിലാണ് ഭഗവാനെ എഴുന്നള്ളിച്ചിരുത്തിയത്. വടക്കേ പ്രദക്ഷിണ വഴിയിൽ ശ്രീശങ്കരാചാര്യർ സാഷ്ടാംഗം ഭഗവാനെ പ്രണമിച്ച പുണ്യസ്ഥാനത്താണ് രാത്രിയിൽ എഴുന്നള്ളിച്ച് വയ്ക്കുന്നത്. ചുറ്റും കർപ്പൂര ദീപം തെളിയിച്ച് അഷ്ടഗന്ധത്തിന്റെ ധൂമപ്രപഞ്ചത്തിലാണ് ഭഗവാന്റെ എഴുന്നള്ളത്ത്. മൂന്ന് മണിക്കൂർ നേരം തായമ്പകയുടെ ശബ്ദതരംഗങ്ങൾ ആസ്വദിച്ച് തന്റെ പ്രജകൾക്ക് ഗുരുവായൂരപ്പൻ ദർശനം നൽകി. രാത്രിയിൽ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളുന്ന ഗുരുവായൂരപ്പന് മുന്നിൽ കേരളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ വാദ്യവിദഗ്ധർ തായമ്പക അവതരിപ്പിക്കും. ഉത്സവം രണ്ടാം ദിവസമായ ഇന്നലെ രാത്രി ഗുരുവായൂർ കൃഷ്ണകുമാറിന്റെ തായമ്പകയോടെയാണ് തുടക്കമായത്. തുടർന്ന് കരയിടം ചന്ദ്രൻ മാരാർ, നീർവേലി പത്മകുമാർ മാരാർ എന്നിവർ ചേർന്നവതരിപ്പിച്ച ഡബിൾ തായമ്പകയും ഗുരുവായൂർ ഗോപൻ, പറമ്പന്തള്ളി വിജേഷ്, രജീഷ് പാർത്ഥസാരഥി എന്നിവർ ചേർന്നവതരിപ്പിച്ച ത്രിബിൾ തായമ്പകയും അരങ്ങേറി.
ഗുരുവായൂർ ഉത്സവം:
പ്രസാദ ഊട്ട് തുടങ്ങി
ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിന്റെ സവിശേഷതയായ ഉത്സവക്കഞ്ഞിയും മുതിരപ്പുഴുക്കും ഉൾപ്പെടുന്ന പ്രസാദ ഊട്ട് വിതരണം തുടങ്ങി. തെക്കേനടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലാണ് പ്രസാദ ഊട്ട് നടക്കുന്നത്. ശ്രീഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി.നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പ്രസാദ ഊട്ട് വിളമ്പി. കഞ്ഞിയോടൊപ്പം മുതിരയും ഇടിച്ചക്കയും ചേർത്ത് തയ്യാറാക്കുന്ന പുഴുക്കും, പപ്പടം. തേങ്ങാപ്പൂള്, ശർക്കര എന്നിവയാണ് പ്രസാദഊട്ടിലെ വിഭവങ്ങൾ. പാള കൊണ്ട് നിർമ്മിച്ച പ്ലേറ്റിൽ കഞ്ഞി വിളമ്പുമ്പോൾ ഇലയിൽ പുഴുക്കും മറ്റ് വിഭവങ്ങളും വിളമ്പുന്നു. രാവിലെ ഒമ്പതിനാണ് പ്രസാദ ഊട്ട് ആരംഭിക്കുന്നത്. ഇന്നലെ വൈകിട്ട് മൂന്നിനാണ് അവസാനിച്ചത്. 18,000 ഓളം ഭക്തരാണ് ആദ്യ ദിനം പ്രസാദ ഊട്ടിൽ പങ്കെടുത്തത്. പ്രസാദ ഊട്ടിന് പുറമേ രാവിലെയും വൈകിട്ടും ഉത്സവപ്പകർച്ചയും നൽകുന്നുണ്ട്. രാവിലത്തെ പകർച്ചയ്ക്ക് കഞ്ഞിയും മുതിരപ്പുഴുക്കും പപ്പടവുമാണ് വിഭവങ്ങൾ. വൈകിട്ട് ചോറ്, രസകാളൻ, ഓലൻ, പപ്പടം എന്നിവയുമാണ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |