SignIn
Kerala Kaumudi Online
Saturday, 24 October 2026 10.52 AM IST

വാഴാനി വിനോദസഞ്ചാര കേന്ദ്രം മുഖം മിനുക്കുന്നു, കളർഫുള്ളാക്കാൻ സംഗീത ജലധാരയും

pool

വടക്കാഞ്ചേരി: വാഴാനി ഡാമും വിനോദസഞ്ചാര കേന്ദ്രവും മുഖം മിനുക്കാനൊരുങ്ങുന്നു. മണ്ണു കൊണ്ട് നിർമ്മിച്ച രാജ്യത്തെ തന്നെ പ്രമുഖ ഡാമുകളിലൊന്നായ വാഴാനിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനാണ് വിവിധ പദ്ധതികൾ അണിയറയിലൊരുങ്ങുന്നത്. 5.99 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സംഗീത ജലധാര ഒട്ടേറെ പേർക്ക് ദൃശ്യവിരുന്നാകും. സംസ്ഥാന ടൂറിസം വകുപ്പാണ് ഇതിനായി ഫണ്ട് അനുവദിച്ചത്. ഡാമിനോട് ചേർന്നുള്ള നാല് ഏക്കർ വിസ്തൃതിയുള്ള പൂന്തോട്ടത്തിലാണ് ജലധാര ഒരുക്കുന്നത്. മൾട്ടിമീഡിയ ലേസർ ആൻഡ് വീഡിയോ പ്രൊജക്ടർ, കമ്പ്യൂട്ടറൈസ്ഡ് മ്യൂസിക്കൽ ഫൗണ്ടൻ, പൂൾ, കൺട്രോൾ റൂം എന്നിവയടങ്ങുന്ന പദ്ധതിയുടെ നിർമ്മാണച്ചുമതല കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ്. ബംഗളൂരു ആസ്ഥാനമായ ബി.എൻ.എയാണ് കരാറുകാർ. ജലധാരയോടൊപ്പം വർണം വിതറുന്ന കൂടുതൽ വിളക്കുകൾ സ്ഥാപിച്ച് മനോഹരമാക്കും.

നിലവിൽ കോൺക്രീറ്റ് ഉപയോഗിച്ച് വാഴാനി ഡാം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് വെളിച്ച വർണത്തിലേക്ക് മാറും. ജലാശയത്തോട് ചേർന്നുള്ള കോൺക്രീറ്റ് കാലുകളിലെ ലൈറ്റുകളും ആകർഷകമാക്കും. പ്രകൃതിഭംഗിക്ക് കോട്ടം വരാത്ത വിധത്തിലാകും പ്രവർത്തനങ്ങൾ. വടക്കാഞ്ചേരി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ ടൂറിസം മുന്നേറ്റം ഉറപ്പാക്കാൻ പ്രത്യേക യോഗം ചേർന്നു.

കുളമാക്കിയ കുളവും നവീകരിക്കും

വാഴാനി ഡാം പ്രവേശന കവാടത്തിന് സമീപം നിർമ്മിച്ച സ്വിമ്മിംഗ് പൂൾ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം നിലയില്ലാ കുളമായത് ചരിത്രം. ഇവിടെയാണ് സംഗീത ജലധാരയ്ക്കും സ്ഥലം കണ്ടെത്തിയിരുന്നത്. പൂളിന് ആഴം കൂടിയതോടെ ഇറങ്ങിയാൽ മുങ്ങി താഴുമെന്നായി. ഇതോടെ ലക്ഷങ്ങളുടെ പദ്ധതി അടച്ചുകെട്ടി. ഇപ്പോൾ നവീകരിക്കുന്നതിന് ആലോചന നടക്കുന്നു. തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജ് വിദഗ്ദ്ധ സംഘമെത്തി പഠനം നടത്തി. ആർക്കിടെക്ച്ചർ എൻജിനീയർമാരും വാഴാനിയിലെത്തി. അടിയിൽ കോൺക്രീറ്റിംഗ് നടത്തി ബലപ്പെടുത്തുന്നത് ആലോചനയിലാണ്. അലങ്കാര മത്സ്യങ്ങളുടെ നിക്ഷേപത്തിനും പദ്ധതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL