
തൃശൂർ: എം.ജി റോഡ് വികസനം ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന മേയറുടെ പ്രഖ്യാപനം നടപ്പായില്ല. വീതി കൂട്ടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്നും പ്രവൃത്തി ഉടൻ തുടങ്ങുമെന്നുമായിരുന്നു പ്രഖ്യാപനം. മേയറുടെ പ്രഖ്യാപനം തടഞ്ഞത് കോർപറേഷനിൽ തന്നെയുള്ളവരാണെന്നാണ് പരസ്യമായ രഹസ്യം. വികസനം കോർപറേഷൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയാൽ മതിയെന്നും നിർദ്ദേശം വന്നുവത്രേ. എന്നാൽ, പാർട്ടി ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ലെന്ന് പറയുന്നു. അയ്യന്തോളിൽ നിന്ന് തുടങ്ങിയ മോഡൽ റോഡ് വികസനം പടിഞ്ഞാറെക്കോട്ടയിലെത്തിയിട്ട് 10 വർഷമായിട്ടും അത് തുടരാത്തത് തിരിച്ചടിയാണ്. കോർപറേഷൻ മുൻകൈയെടുക്കാതെ പണികൾ ആരംഭിക്കാൻ കഴിയില്ല. അടുത്ത മാസം പണികൾ നടക്കില്ല. മേയ് ആദ്യവാരം തൃശൂർ പൂരമായതിനാൽ എം.ജി റോഡിൽ പണികൾ തുടങ്ങിയാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും.
വ്യാപാരികൾ അനുകൂലം
റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച് വ്യാപാരികളുമായി കോർപറേഷൻ ചർച്ച ചെയ്തിരുന്നു. കൗൺസിലർ അനൂപ് ഡേവിസ് കാടയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. പ്രവർത്തനം തുടങ്ങുമെന്ന് വ്യാപാരികൾക്ക് ഉറപ്പും നൽകിയിരുന്നു. ശങ്കരയ്യർ റോഡ് ജംഗ്ഷനിലുള്ള മലബാർ ഗോൾഡ് ഉടമകൾ വികസനത്തിനായി തങ്ങളുടെ സ്ഥാപനത്തിന്റെ മുന്നിലുള്ള അര സെന്റിലേറെ ഭൂമി സൗജന്യമായി കോർപറേഷന് നൽകി. മറ്റ് ഭൂഉടമകളും ഭൂമി വിട്ടുനൽകാൻ തയ്യാറായിട്ടുണ്ട്.
വികസനം ഇനിയും അകലെ
മുൻ മേയർ രാജൻ പല്ലന്റെ കാലത്ത് സ്വരാജ് റൗണ്ടിനോട് ചേർന്ന് ജംഗ്ഷൻ വികസനം നടത്തിയെങ്കിലും തുടർന്ന് ഒന്നുമുണ്ടായില്ല. സി.പി.എം ഭരണത്തിൽ വന്നതോടെ എം.ജി റോഡ് വികസനം മറന്നു. പടിഞ്ഞാറെക്കോട്ടയിൽ നിന്ന് പാറയിൽ കടയുടെ സമീപത്ത് വരെ റോഡ് വീതി കൂട്ടാനായിരുന്നു തീരുമാനം. സ്ഥലം നഷ്ടപ്പെടുന്ന പത്തോളം വ്യാപാരികൾക്ക് ശക്തനിൽ പണിതിട്ടിരിക്കുന്ന മുറികൾ നൽകുന്നതിലും തീരുമാനമെടുത്തിട്ടുണ്ട്. സ്വരാജ് റൗണ്ടിൽ നിന്നും 2.9 കിലോമീറ്റർ നീളത്തിൽ 21 മീറ്റർ വീതിയിലാണ് റോഡ് വികസനം. ഓവർബ്രിഡ്ജിന്റെ നിർമ്മാണത്തെ സംബന്ധിച്ച് നടപടികളൊന്നുമെടുത്തിട്ടില്ല. രാജൻ പല്ലന്റെ കാലത്ത് നിർമ്മാണച്ചെലവ് മുഴുവൻ സി.കെ.മേനോൻ വഹിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഭരണം മാറിയതോടെ വികസനം വഴിമുട്ടി. സി.കെ.മേനോൻ മരണപ്പെട്ടതോടെ ആ വാഗ്ദാനത്തിന്റെ കാര്യത്തിൽ തീരുമാനം വരേണ്ടതുണ്ട്.
എം.ജി റോഡ് വികസനത്തിന്റെ പണികൾ കഴിഞ്ഞ മാസം തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിരുന്നു. കോർപറേഷൻ ഭാരവാഹികളുമായി ചർച്ചകൾ നടത്തിയതിനുശേഷമാണ് ധാരണയായത്. എന്താണ് പണികൾ തുടങ്ങാത്തതെന്ന് അറിയില്ല.
എ.എൽ. ടോണി
വ്യാപാരി വ്യവസായി ഏകോപന സമിതി വെസ്റ്റ് ഫോർട്ട് മണ്ഡലം പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |