SignIn
Kerala Kaumudi Online
Saturday, 24 October 2026 6.04 AM IST

മഴയെ സാക്ഷിയാക്കി... ഒളകരക്കാർ നെഞ്ചേറ്റി സ്വപ്നരേഖ

തൃശൂർ: കോരിച്ചൊരിയുന്ന മഴ ചടങ്ങിന്റെ പൊലിമ കുറച്ചെങ്കിലും സന്തോഷത്തിന്റെ തീരാ പെയ്ത്തായി ഒളകരക്കാർ സ്വന്തമായി ഭൂമിയെന്ന സ്വപനരേഖ നെഞ്ചേറ്റി. മന്ത്രിമാരും ജനപ്രതിനിധികളും മഴയെ അവഗണിച്ച് കുട പിടിച്ച് കൈവശരേഖ കൈമാറിപ്പോൾ വിരാമമിട്ടത് അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിനാണ്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നനഞ്ഞൊലിച്ച് മന്ത്രിമാരായ കെ.രാജനും മന്ത്രി എ.കെ.ശശീന്ദ്രനും ജില്ലാകളക്ടർ അർജുൻ പാണ്ഡ്യനും പ്രത്യേക ക്ഷണിതാവായെത്തിയ മുൻ ജില്ലാ കളക്ടർ ഹരിതാ വി.കുമാറുമെല്ലാം ചേർന്ന് 44 കുടുംബങ്ങൾക്ക് ഒന്നരേക്കർ വീതമുള്ള സ്ഥലത്തിന്റെ രേഖയാണ് കൈമാറിയത്. ഒരോ അവകാശികളും വേദിയിലെത്തി രേഖ വാങ്ങി തിരിച്ചിറങ്ങുമ്പോൾ പുഷ്പവൃഷ്ടി നടത്തിയാണ് എതിരേറ്റത്. ചീഫ് സെക്രട്ടറി ശാരജ മുരളിധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കെ.ആർ.രവി, പി.പി.രവീന്ദ്രൻ, സാവിത്രി സദാനന്ദൻ, കെ.വി. സജു,വി.രേണു രാജ്, മുഹമ്മദ് ഷെഫീഖ്, തഹസിദാർ ടി.ജയശ്രീ, ഡെപ്യൂട്ടി കളക്ടർ പി.എ.വിഭൂഷണൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം

ഒളകരയിൽ വർഷങ്ങളായുള്ള പോരാട്ടങ്ങൾക്കും നിയമനടപടികൾക്കുമൊടുവിലാണ് സ്വന്തമായി ഭൂമിയെന്ന സ്വപ്‌നം യാഥാർത്ഥ്യമായത്. ഒളകര ഉന്നതിയിലെ കുടുംബങ്ങൾ ഭൂമിക്കായ് സമരം ചെയ്തു. പലരെയും ജയിലിലടച്ചു. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകൾ ജയിലഴിക്കുള്ളിലായി. എന്നിട്ടും ഭൂമിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ വർഷങ്ങൾ പിന്നിടേണ്ടി വന്നു. ഇപ്പോൾ ഉന്നതിയിലെ 44 കുടുംബങ്ങൾ ഇനി സ്വന്തം ഭൂമിയുടെ അവകാശികളാണ്. ഭൂമി വിതരണത്തിന് തടസം നിന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുത്താണ് സർക്കാർ 44 കുടുംബങ്ങൾക്ക് വനാവകാശ രേഖ കൈമാറിയത്.


ഭൂമി വൈകിയത്
ഒളകരക്കാർക്ക്

1957ൽ പീച്ചി അണക്കെട്ടിന്റെ നിർമാണത്തിനായി വനത്തിൽ താമസിച്ചിരുന്ന പട്ടികവർഗ വിഭാഗത്തിലെ 'മലയൻ' വിഭാഗത്തിലുള്ളവരെ കുടിയൊഴിപ്പിച്ചിരുന്നു. ഇവർ പിന്നീട് താമരവെള്ളച്ചാൽ, മണിയൻകിണർ, ഒളകര എന്നീ സ്ഥലങ്ങളിൽ താമസമാക്കി. താമരവെള്ളച്ചാലും മണിയൻ കിണറും എത്തിയവർക്ക് നേരത്തേ വനാവകാശ രേഖകൾ അനുവദിച്ചിരുന്നു. ഒളകരയിൽ താമസിച്ചവർക്ക് മാത്രം നിയാനുസൃതമായ ഭൂമിയുടെ രേഖ നൽകിയില്ല.

ആറു പതിറ്റാണ്ടിലേറെക്കാലം മഴയും വെയിലും മഞ്ഞും സഹിച്ച ഊരിലെ മുഴുവൻ മനുഷ്യരുടെയും സ്വപ്‌ന സാഫല്യമാണിത്. ഞാൻ നൽകിയ വാക്ക് പാലിച്ചു. സർക്കാർ ഒരു പുതിയ ഉത്തരവ് പുറത്തിറക്കി. വനാവകാശരേഖയുള്ള വനഗ്രാമങ്ങളെ റവന്യു ഗ്രാമങ്ങളാക്കി നികുതി അടയ്ക്കാനുള്ള അവകാശം കൊടുക്കും. ആ അവകാശത്തിനുശേഷം ആദ്യം കൊടുക്കുന്ന വനാവകാശമാണ് ഒളകരയിലേത്.
കെ.രാജൻ
(റവന്യുമന്ത്രി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL