
തൃശൂർ: സൗകര്യങ്ങൾ ഒരുക്കാതെ ബസ് സ്റ്റാൻഡുകളിലും പാർക്കിംഗ് ഗ്രൗണ്ടിലും പ്രവേശിക്കാൻ കോർപറേഷൻ ഫീസ് വർദ്ധിപ്പിച്ചെന്ന് ബസ് ഉടമകൾ. അക്വാട്ടിക് കോംപ്ലക്‌സിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിറുത്തിയിടുന്നതിനും ശക്തൻ ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനുമാണ് ഇന്നലെ മുതൽ ഫീസ് വർദ്ധിപ്പിച്ചത്. ബസ് വ്യവസായം പ്രതിസന്ധിയിലായിരിക്കെ വർദ്ധനവ് അംഗീകരിക്കാനാകില്ലെന്നും ഫീസ് നൽകില്ലെന്നുമുള്ള നിലപാടിലാണ് ബസ് ഉടമകൾ. നേരത്തെ ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കാൻ 25 രൂപ ഈടാക്കിയത് ഇപ്പോൾ 40 രൂപയാക്കി. സർവീസുകൾക്കിടെയുള്ള ഒഴിവുസമയത്ത് അക്വാട്ടിക് കോംപ്ലക്‌സിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ ബസുകൾ നിറുത്തിയിട്ടാണ് ജീവനക്കാർ വിശ്രമിക്കാറ്. ഇതിനായി 40 രൂപയായിരുന്നു ഈടാക്കിയിരുന്നതെങ്കിൽ ഇന്നലെ മുതൽ 70 രൂപയാക്കി. ഏകദേശം 60 ശതമാനത്തോളം വർദ്ധന. പാർക്കിംഗ് ഗ്രൗണ്ടിൽ രാത്രി നിറുത്തിയിടുന്നതിന് മുൻപ് ഫീസ് ഉണ്ടായിരുന്നില്ല. പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇപ്പോൾ 100 രൂപ ഈടാക്കുന്നുണ്ട്.
സൗകര്യങ്ങളില്ലെന്ന് ജീവനക്കാർ
അക്വാട്ടിക് കോംപ്ലക്‌സിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ ബസുകൾ നിറുത്തിയിടുമ്പോൾ അടിസ്ഥാന സൗകര്യമില്ലെന്ന് ജീവനക്കാർ. രാവിലെ അഞ്ചര മുതൽ തുടങ്ങുന്ന ദീർഘദൂര സർവീസുകൾക്കായി അതിരാവിലെ തന്നെ ജീവനക്കാർക്ക് എത്തേണ്ടിവരും. ഈ സമയം കുളിക്കാനും പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. രാത്രി നിറുത്തിയിടുന്ന സ്ഥലത്ത് ബസുകൾ കഴുകുന്നതിനുള്ള ജലസൗകര്യം വേണമെങ്കിലും അതുമില്ല. സമീപത്തെ ഹോട്ടലുകാരെ ആശ്രയിച്ചാണ് പ്രഭാതകൃത്യങ്ങളും മറ്റും നിർവഹിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.
സുരക്ഷയെവിടെ
കഴിഞ്ഞ മാസമാണ് ശക്തൻ സ്റ്റാൻഡിൽ നിറുത്തിയിട്ട ബസിൽ ഒരാൾ മരിച്ചുകിടക്കുന്നത് കണ്ടത്. നിറുത്തിയിട്ട ബസുകളുടെ ചില്ലുകളും മുൻപ് തകർക്കപ്പെട്ടിരുന്നു. പലരും തകർത്തിരുന്നു. ബസുകൾ നിറുത്തിയിടുന്ന പാർക്കിംഗ് ഗ്രൗണ്ടിലും ശക്തൻ സ്റ്റാൻഡിലും സുരക്ഷയൊന്നുമില്ലെന്നാണ് പരാതി. ക്യാമറകളോ സെക്യൂരിറ്റി ജീവനക്കാരോ ഒന്നും ഇവിടെയില്ലാത്തതിനാൽ സമൂഹ വിരുദ്ധരുടെ കേന്ദ്രങ്ങളാകുന്നുണ്ട് ഇവിടം. വടക്കേ സ്റ്റാൻഡിന് മാത്രമാണ് ആകെ അടച്ചുറപ്പുള്ളത്.
പ്രഖ്യാപനം പാഴായി, ആശുപത്രിയിലും പാർക്കിംഗ് ഫീസ്
പാർക്കിംഗ് ഫീസ് ഈടാക്കില്ലെന്ന മേയറുടെ നിലപാടിന് വിരുദ്ധമായി ജില്ലാ ജനറൽ ആശുപത്രിയിലും പിരിവ്. ആശുപത്രിയിലെ പാർക്കിംഗ് ഫീസ് പിരിക്കൽ രണ്ടുവർഷം മുൻപ് പ്രശ്‌നമായപ്പോൾ കോർപറേഷൻ സ്ഥാപനങ്ങളിലൊന്നും ഫീസ് പിരിക്കില്ലെന്ന് മേയർ എം.കെ. വർഗീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇരട്ടിയോളം ഫീസ് പിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ പരാതി. രണ്ടുമണിക്കൂറിന് ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചും മുച്ചക്ര വാഹനങ്ങൾക്ക് പത്തും നാലുചക്ര വാഹനങ്ങൾക്ക് 15 രൂപയും ഈടാക്കുമെന്നാണ് അറിയിപ്പെങ്കിലും ഇതിന്റെ ഇരട്ടിയോളമാണ് കരാറുകാരൻ ഈടാക്കുന്നതത്രെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |