
തൃശൂർ: ആറാട്ടുപുഴ പൂരത്തിനായി ദേവീദേവന്മാരെ വരവേൽക്കാൻ തട്ടകങ്ങൾ ഒരുങ്ങി. ആതിഥേയനായ ആറാട്ടുപുഴ ക്ഷേത്രത്തിൽ കൊടിയേറ്റവും ദേവസംഗമത്തിലെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ മകയീര്യം പുറപ്പാടും നാളെ നടക്കും. പങ്കാളിത്ത ക്ഷേത്രങ്ങളിലും ചടങ്ങുകൾക്ക് തുടക്കമാകും. പൂരത്തിന് മുന്നോടിയായുള്ള മേളപ്പെരുക്കം നിറയുന്ന പെരുവനം പൂരവും ആറാട്ടുപുഴ ക്ഷേത്രത്തിലെ തിരുവാതിര വിളക്കും തറയ്ക്കൽ പൂരവും പൂരത്തിന്റെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ മകയീര്യം പുറപ്പാടും പള്ളിയോടത്തിൽ പുഴ കടക്കുന്നതും മന്ദാരം കടവിലെ ദേവീദേവന്മാരുടെ ആറാട്ടും ഉപചാരം ചൊല്ലലുമെല്ലാം വ്യത്യസ്ത നിറഞ്ഞതാണ്.
കൊടിയേറ്റം നാളെ
ആറാട്ടുപുഴ ക്ഷേത്രത്തിൽ നാളെ വൈകിട്ട് കൊടിയേറ്റം നടക്കും. നാട്ടുകാരാണ് കൊടിയേറ്റം നടത്തുക. തുടർന്നുള്ള ദിവസങ്ങളിൽ ശാസ്താവ് ഗ്രാമപ്രദക്ഷിണത്തിനായി പുറപ്പെടും. ഏപ്രിൽ അഞ്ചിന് പുലർച്ചെ മൂന്നിന് ആരംഭിക്കുന്ന തിരുവാതിര വിളക്കും ഏപ്രിൽ എട്ടിന് നടക്കുന്ന തറയ്ക്കൽ പൂരത്തിനും പതിനായിരങ്ങളെത്തും.
തൃപ്രയാറിൽ മകയീര്യം പുറപ്പാട്
ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് നാളെ ഉച്ചയ്ക്ക് 1.10നും 2.00നും മദ്ധ്യേയാണ്. തുടർന്ന് പുറത്തേക്ക് ഇറങ്ങുന്ന തേവർ സേതുകുളത്തിൽ ആറാടും. ആറിനാണ് പൈനൂർ പാടത്ത് ചാലുകുത്തൽ. ഏഴിന് സ്വന്തം പള്ളിയോടത്തിൽ പുഴ കടന്ന് കിഴക്കേകരയിലെത്തും. ഒമ്പതിന് രാത്രി രാജകീയ അകമ്പടിയോടെ ആറാട്ടുപുഴയിലേക്ക് യാത്രയാകും.
ദേവസംഗമം
മുപ്പത്തി മുക്കോടി ദേവകൾ സംഗമിക്കുന്ന ദേവസംഗമം ഒമ്പതിനാണ്. അന്ന് വൈകിട്ട് സർവാഭരണ വിഭൂഷിതനായി ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് ദേവസംഗമ ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. പുലർച്ചെയാണ് എഴുന്നള്ളിപ്പ്.ഒമ്പതിനാണ് പെരുവനം പൂരവും. ദേവമേളയിൽ പങ്കെടുക്കുന്ന 18 ദേവീദേവന്മാർ പെരുവനം പൂരത്തിൽ പങ്കെടുക്കും. ഏഴിന് രാവിലെയാണ് വല്ലച്ചിറ പിടിക്കപറമ്പ് ക്ഷേത്രത്തിന് അടുത്തുള്ള പാടത്ത് ആറാട്ടുപുഴ ശാസ്താവിന്റെ സാന്നിദ്ധ്യത്തിൽ ആനയോട്ടം നടക്കുക.
മന്ദാരം കടവിലെ ആറാട്ട്
തേവർ കൈതവളപ്പിലെത്തിയാലാണ് മന്ദാരം കടവിൽ ആറാട്ട് ആരംഭിക്കുക. കടലാശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം ആറാടുക. അവസാനം തേവരും ഊരകത്തമ്മയും ഒരുമിച്ച് ആറാടും.
' ഓചാരം ' ചൊല്ലൽ
കൂട്ടിയെഴുന്നള്ളിപ്പ് കഴിഞ്ഞ് തേവർ മന്ദാരം കടവിലേക്ക് യാത്രയായാൽ ദേവീദേവന്മാരെ ശാസ്താവ് യാത്രയാക്കും. അവസാനം തേവരെ ഏഴുകണ്ടം വരെ അനുഗമിച്ച് അടുത്ത വർഷത്തെ പൂര തീയതി കുറിച്ച് യാത്രയാക്കുന്നതോടെ ദേവസംഗമത്തിന് പരിസമാപ്തിയാകും. പിന്നീട് രാത്രി ശാസ്താവിന് ഗ്രാമബലിയും ഉണ്ടാകും.
പങ്കെടുക്കുന്ന ക്ഷേത്രങ്ങൾ
ആറാട്ടുപുഴ ശാസ്താവ് (ആതിഥേയത്വം)
തൃപ്രയാർ തേവർ (നായകത്വം)
ഊരകത്തമ്മ തിരുവടി, ചേർപ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, അന്തിക്കാട് ഭഗവതി, തൊട്ടിപ്പാൾ ഭഗവതി, പിഷാരിക്കൽ
എടക്കുന്നി ഭഗവതി, അയ്യുന്ന് ഭഗവതി, തൈക്കാട്ടുശേരി ഭഗവതി, കടുപ്പശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പൂനിലാർക്കാവ് ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി, ചക്കംകുളങ്ങര ശാസ്താവ്, കോടന്നൂർ ശാസ്താവ്, നാങ്കുളം ശാസ്താവ്, ശ്രീമാട്ടിൽ ശാസ്താവ്, നെട്ടിശേരി ശാസ്താവ്, കല്ലേലി ശാസ്താവ്, ചിറ്റിച്ചാത്തക്കുടം ശാസ്താവ്, മേടംകുളം ശാസ്താവ്, തിരുവുള്ളക്കാവ് ശാസ്താവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |