SignIn
Kerala Kaumudi Online
Friday, 23 October 2026 1.19 AM IST

ക്യാമറയും ജനകീയ തെരച്ചിലും... പുലിയെ കണ്ടെത്താൻ വനം വകുപ്പ്

puli

ചാലക്കുടി: പുലി ഭീതി തുടരുന്നതിനിടെ ചാലക്കുടിയിലും കാടുകുറ്റിയിലും കനത്ത പ്രതിരോധ പ്രവർത്തനങ്ങളുമായി വനം വകുപ്പ്. ചാലക്കുടിപ്പുഴയുടെ മുരിങ്ങൂർ കേന്ദ്രീകരിച്ച് ഇടതു വലതു കരകളിലായി അമ്പതോളം ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചു. രണ്ടിത്തും രണ്ട് വീതം കെണിക്കൂടുകളും വച്ചു. മറ്റൊരു കൂട് അടുത്ത ദിവസം കാടുകുറ്റിയിലെത്തിക്കും. ഏഴാറ്റുമുഖം സ്റ്റേഷനിലെ കേടായി കിടക്കുന്ന കൂടാണ് അറ്റകുറ്റപ്പണികൾക്ക് ശേഷം കൊണ്ടുവരുന്നത്. ചാലക്കുടിയിലും കാടുകുറ്റിയിലുമായി പുഴത്തീരം കേന്ദ്രീകരിച്ച് ഇരുപത് സി.സി ടിവി ക്യാമറകളും സ്ഥാപിക്കും. രണ്ടിടത്തുമായി എഴുപത്തി അഞ്ചോളം വനം വകുപ്പ് ജീവനക്കാരും പുലി ദൗത്യത്തിലുണ്ട്. തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോൺ പറത്തലും നടന്നുവരുന്നു. ഒരു പുലിയെ പിടികൂടുന്നതിന് ഇത്രയേറെ സന്നാഹങ്ങളുമായി രണ്ട് ഡി.എഫ്.ഒമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത് ഒരു പക്ഷെ സംസ്ഥാനത്തെ ആദ്യ സംഭവമായിരിക്കും.


പുലിവേഗതയിൽ വ്യാജ വാർത്തകളും

ചാലക്കുടിപ്പുഴയുടെ തീരങ്ങളിൽ ഒളിച്ചുകളി നടത്തുന്ന പുലി വലയിലാകുമെന്നാണ് വനം വകുപ്പ് വിശ്വസിക്കുന്നത്. ആർ.ആർ.ടി സംഘങ്ങളും പ്രതിരോധ പ്രവർത്തകരുമായി ഒരു പട തന്നെ പുലിയെ തേടി പരക്കം പായുന്നു. കാടുകുറ്റിയിലെ വിജനമായ തോട്ടങ്ങളും കുറ്റിക്കാടുകളും അരിച്ചുപെറുക്കിയുള്ള പരിശോധനയായിരുന്നു ഇന്നലെ നടന്നത്. വലതുകര ഭാഗത്ത് ആൾത്താമസമില്ലാത്ത കെട്ടിടങ്ങളും പാലങ്ങളുടെ അടിഭാഗത്തും വിശദമായ തെരച്ചിലുണ്ടായി. നിരവധി കുറ്റിക്കാടുകളിലും ദൗത്യസംഘം എത്തി. ഇതിനിടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ദൗത്യ സംഘത്തിന് തലവേദന സൃഷ്ടിക്കുന്നു. പലിടത്തും പുലിയെ കണ്ടെന്ന വിവരം അറിഞ്ഞാൽ ആർ.ആർ.ടി സംഘത്തിന് പിന്നെ മണിക്കൂറുകളോളം അവിടെ ചെലവഴിക്കേണ്ടി വരുന്നു. ഒടുവിൽ ഒന്നുമില്ലെന്ന് വ്യക്തമാവുകയും ചെയ്യും. വിഡ്ഢി ദിനമായ ഇന്നലെ ഇത്തരത്തിൽ ഒത്തിരി വാർത്തകളാണ് പ്രചരിച്ചത്. പുതുക്കാട് ഭാഗത്ത് കൂട്ടിൽ അകപ്പെട്ട് കിടക്കുന്ന പുലിയുടെ ചിത്രം സഹിതം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. കാണാത്ത പുലിയുടെ പ്രായവും തൂക്കവും രേഖപ്പെടുത്തിയ വാർത്തയുമെത്തി.

പുലിയെ ജീവനോടെ പിടികൂടണമെങ്കിൽ ജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. കെണിക്കൂടുകളുടെ പരിസരത്ത് ആളുകളുടെ സാമിപ്യമുണ്ടായാൽ പുലി മണത്തറിയും. കുട്ടികളെ തനിച്ച് പുറത്തു വിടരുത്. രാത്രികാലങ്ങളിൽ ഇടവഴിയിലൂടെ കാൽ നടയാത്ര ഒഴിവാക്കണം. അവസാനഘട്ടമെന്ന നിലയിൽ ജനകീയ തെരച്ചിലിനും ആലോചിക്കുന്നുണ്ട്. ഇത്തരം ദൗത്യത്തിൽ പുലി കൂടുതൽ ദൂരത്തേയ്ക്ക് ഓടിപ്പോകാനും സാദ്ധ്യതയുണ്ട്.

-ആർ.ലക്ഷ്മി,​

വാഴച്ചാൽ ഡി.എഫ്.ഒ


ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ​ ​വ​ല​തു​ക​ര​ ​ഭാ​ഗ​ത്തെ​ ​ഒ​ഴി​ഞ്ഞു​ ​കി​ട​ക്കു​ന്ന​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​ആ​ർ.​ആ​ർ.​ടി​ ​സം​ഘം​ ​പ​രി​ശോ​ധി​ക്കു​ന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, PULI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL