
തൃശൂർ: നടവഴിയും കാനകളും ഒരുക്കാതെ കെണിയായി കുറുപ്പം റോഡ്. റോഡ് നിർമ്മാണം പൂർത്തിയാക്കിയെങ്കിലും കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും വ്യാപാരികളും ദുരിതത്തിലാകുകയാണ്. ചെട്ടിയങ്ങാടി മുതൽ സ്വരാജ് റൗണ്ടിലെ മണികണ്ഠനാൽ വരെയുള്ള പ്രദേശമാണ് കാൽനടയാത്രക്കാരുടെ ദുരിതക്കയം. റെയിൽവേ സ്റ്റേഷനിലേക്കും കെ.എസ്.ആർ.ടി.സി, ശക്തൻ ബസ് സ്റ്റാൻഡുകളിലേക്കും സ്വരാജ് റൗണ്ടിൽ നിന്നും പോകുന്നവരും തിരികെ വരുന്നവരും റോഡിന് മദ്ധ്യേ കൂടിയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.
രണ്ട് വാഹനങ്ങൾ ഇരുദിശകളിൽ നിന്നും എത്തിയാൽ കാൽനടയാത്രക്കാർ പ്രതിസന്ധിയിലാകും. സാധാരണ നിരപ്പിൽ നിന്നും രണ്ടടിയോളം ഉയരത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. കാന നിർമ്മിക്കാതെ റോഡ് ഉയർത്തിയതിൽ വ്യാപാരികളും ആശങ്കയിലാണ്. മഴ പെയ്താൽ വെള്ളം റോഡിൽ നിന്നും ഷോപ്പിലേക്ക് ഇറങ്ങുമെന്നതാണ് ആശങ്ക. ടാറിംഗിന്റെ അവശിഷ്ടങ്ങൾ റോഡിന്റെ ഇരുവശത്തുമിട്ടാണ് കോൺക്രീറ്റ് റോഡിന്റെ കൂർത്ത വശം മറച്ചിരിക്കുന്നത്. മഴ പെയ്താൽ ഈ മണ്ണും കല്ലും ടാറും ചെളിക്കുളമായി കടകളിലേയ്ക്ക് ഒഴുകിയെത്തുമെന്ന് വ്യാപാരികൾ പറയുന്നു.
പൂരപ്രേമികളും കുടുങ്ങും
പൂരം കാണാൻ ജനങ്ങളെത്തുന്ന പ്രധാന റോഡാണിത്. കെ.എസ്.ആർ.ടി.സി, ശക്തൻ സ്റ്റാൻഡുകളിൽ നിന്നും കോഴിക്കോട്, പാലക്കാട് ഭാഗത്ത് നിന്നും തൃശൂരിന്റെ തെക്ക്, പടിഞ്ഞാറ് മേഖലകളിൽ നിന്നുമെല്ലാം എത്തുന്ന പൂരപ്രേമികളുടെ പ്രവേശന കവാടം കൂടിയാണ് കുറുപ്പം റോഡ്. അശാസ്ത്രീയ നിർമ്മാണം മൂലം നടവഴികളും കാനകളും ഇല്ലാതിരുന്നാൽ അപകടസാദ്ധ്യതയേറും. മണികണ്ഠനാലിൽ പന്തൽ ഉയർന്നാൽ കുറുപ്പം റോഡിൽ കുരുക്ക് അനുഭവപ്പെടാറുണ്ട്. ഈ സമയം കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാനാകില്ല. പൂരത്തിന് മുൻപേ കുറുപ്പം റോഡ് നിർമ്മിക്കുമെന്ന വാഗ്ദാനം കോർപറേഷൻ അധികൃതർ പാലിച്ചെങ്കിലും നിർമ്മാണം അശാസ്ത്രീയമാണെന്നാണ് വ്യാപാരികളുടെ ആരോപണം.
റോഡിന് ഇരുവശവും കാനകൾ വേണമെന്ന് കൗൺസിലിൽ മുൻപേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാന നിർമ്മാണം മറ്റൊരു പ്രൊജക്ടായി നടത്താനാണ് തീരുമാനം. എന്തായാലും പൂരത്തിന് മുൻപ് നടക്കുമെന്ന് ഉറപ്പില്ല.പൂർണിമ സുരേഷ്, കോർപറേഷൻ കൗൺസിലർ
നിർമ്മാണം ഡിസംബർ 15ന് മുൻപ് തീർക്കുമെന്ന് പറഞ്ഞിരുന്നു. കാന പണിതില്ലെങ്കിൽ ഷോപ്പുകളിലേക്ക് ചെളിയും മണ്ണും ഒലിച്ചിറങ്ങും. മഴക്കാലത്തിന് മുൻപ് കാന നിർമ്മാണം പൂർത്തിയാകില്ല. കച്ചവടത്തിരക്കുള്ള സ്ഥലമാണ് കുറുപ്പം റോഡും.സെബി വർഗീസ്, ചെട്ടിയങ്ങാടി യൂണിറ്റ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |