SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

വെളളമില്ലാതെ പാടശേഖരങ്ങൾ; ഇറിഗേഷൻ ഓഫീസ് ഉപരോധിച്ച് കർഷകർ

തൃശൂർ: ചിമ്മിനി ഡാമിൽ നിന്ന് വെള്ളം തുറന്നുവിടാത്തതിനാൽ കോൾമേഖലയിലെ നെൽച്ചെടികൾ വരണ്ടുണങ്ങുന്നതിൽ പ്രതിഷേധിച്ച് കർഷകർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. വെളളം തുറന്നുവിടാൻ പലതവണ പറഞ്ഞിട്ടും ഇലക്ഷൻ ഡ്യൂട്ടിയാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കയ്യൊഴിഞ്ഞെന്ന് കർഷകർ പറയുന്നു. ജനപ്രതിനിധികളും 'ഇലക്ഷൻ ഡ്യൂട്ടി'യിലായതോടെയാണ് ജില്ലാ കോൾ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഉപരോധം ശക്തമായതോടെ ഇന്നും നാളെയുമായി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നൽകി. ചിമ്മിനിയിലെ വാൽവ് കൂടുതൽ തുറന്നുവിടുമെന്നും വ്യക്തമാക്കി. യഥാസമയം വെള്ളത്തിന്റെ അളവ് പരിശോധിക്കാത്തതാണ് പ്രശ്‌നം ഗുരുതരമാക്കിയതെന്ന് കർഷകർ ആരോപിക്കുന്നു. വെളളം കുറഞ്ഞതോടെ ഇത്തവണയും നെല്ലുത്പാദനം കുറയുമെന്ന ആശങ്കയിലാണ് കർഷകർ. മരുന്ന് തളിച്ചതോടെ വെളളം അനിവാര്യമായ സമയത്താണ് അപ്രതീക്ഷിതമായി വെള്ളം വറ്റിയത്. പുറംചാലുകളിൽ മൂന്നടി താഴ്ചയിലാണ് വെള്ളം താഴ്ന്നത്. തീരദേശത്തോട് ചേർന്ന സ്ഥലങ്ങളിൽ ഉപ്പുവെളളം കയറി. പറപ്പൂർ ചാത്തൻകോൾ പടവിൽ പുളിവെളളം നിറഞ്ഞ നിലയിലാണ്. ഇവിടെ ഒഴുക്കും തീരെയില്ല. ചിലയിടങ്ങളിൽ നടീലും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പെട്ടെന്ന് വെള്ളം കുറഞ്ഞത് കൃഷിക്ക് തിരിച്ചടിയായെന്ന് കർഷകർ പറയുന്നു.

യോഗം ചേരാത്തതും തിരിച്ചടി

കോൾ അഡൈ്വസറി യോഗം യഥാസമയം ചേരുന്നില്ല. ഒക്ടോബറിലാണ് അവസാന അഡൈ്വസറി യോഗം നടന്നത്. ഡിസംബർ മൂന്നിന് വിളിക്കുന്ന അഡൈ്വസറി യോഗത്തിലാണ് ഇനി പ്രതീക്ഷയെന്ന് കർഷകർ പറയുന്നു. പോയ വർഷങ്ങളിൽ വരൾച്ചയും വെള്ളക്കെട്ടും കുളവാഴയുമെല്ലാം കോൾകർഷകരെ ത്രിശങ്കുവിലാക്കിയിരുന്നു. നിലവിൽ കോൾമേഖലയിലെ നെല്ലുത്പാദനം കുറയുന്ന അവസ്ഥയിലാണ്.

വെളളം വറ്റിയ പടവുകൾ: ചേർപ്പ്, അരിമ്പൂർ, പുല്ലഴി, പറപ്പൂർ, മുല്ലശേരി, വെങ്കിടങ്ങ്.


വേണ്ട ജലനിരപ്പ്: 90 പോയിന്റ്

നിലവിലുളളത്: 35


കർഷകരെ വഞ്ചിക്കുന്ന നിലപാടുകൾ തുടർന്നാൽ ശക്തമായ പ്രതിഷേധത്തിലേക്ക് കർഷകർ നീങ്ങും.

കൊളങ്ങാട്ട് ഗോപിനാഥൻ,

പ്രസിഡന്റ്, പുല്ലഴി കോൾപടവ്

സഹകരണസംഘം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL