SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.35 AM IST

ആര് പിടിക്കും..., കൊടുങ്ങല്ലൂർ അടിയൊഴുക്കിൽ ഉലയുമോ..!

ele

  • ഈഴവ വോട്ടുകൾ നിർണായകം

കൊടുങ്ങല്ലൂർ: സംസ്ഥാന രൂപീകരണം മുതൽക്കേയുള്ള മണ്ഡലം. ഈഴവ വോട്ടുകൾ വിധി നിർണയിക്കുന്ന മണ്ഡലത്തിൽ ലത്തീൻ സമുദായക്കാരും സുറിയാനി ക്രിസ്ത്യാനികളും മുസ്ലിം വോട്ടർമാരും നിർണായക ഘടകമാകും. ഏകദേശം 15 ശതമാനത്തിലേറെ ന്യൂനപക്ഷ വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. രണ്ടാം നിയമസഭാ കാലത്ത് കോൺഗ്രസിലെ പി.കെ.അബ്ദുൾ ഖാദറും 11ാം നിയമസഭാകാലത്ത് ജെ.എസ്.എസിലെ ഉമേഷ് ചള്ളിയിലും 13ാം നിയമസഭയിൽ ടി.എൻ.പ്രതാപനും ജയിച്ചതൊഴിച്ചാൽ 12 തവണയും സി.പി.ഐയോടൊപ്പമാണ് ചേർന്നുനിന്നത്. ഇക്കുറി പക്ഷേ ആവേശത്തിന് കുറവില്ല.
എം.എൽ.എയെന്ന നിലയിലുള്ള ജനപ്രീതിയും വികസനവും വോട്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫ് വി.ആർ.സുനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. നാട്ടുകാരൻ തന്നെയായ ചെറുപ്പക്കാരൻ ഒ.ജെ.ജനീഷിനെ ഇറക്കി കളംപിടിക്കാനാണ് കോൺഗ്രസ് തയ്യാറെടുപ്പ്. എൻജിനിയറും ട്വന്റി 20 സ്ഥാനാർത്ഥിയുമായ ഡോ.വർഗീസ് ജോർജിന്റെ ശക്തി അദ്ദേഹത്തിന്റെ പ്രൊഫൈലാണ്. കാണുന്നതിനപ്പുറമുള്ള അടിയൊഴുക്ക് തന്നെയാകും കൊടുങ്ങല്ലൂരിന്റെ ജനവിധിയിൽ നിർണായകം.


തദ്ദേശഭരണവും നിർണായകം..!

കൊടുങ്ങല്ലൂർ നഗരസഭയും പൊയ്യ, അന്നമനട, കുഴൂർ, മാള, പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. എൽ.ഡി.എഫിനാണ് നഗരസഭാ ഭരണം. എന്നാൽ, എൻ.ഡി.എയ്ക്കും സ്വാധീനമുണ്ട്. നഗരസഭയിലെ 46 സീറ്റുകളിൽ 25 ഡിവിഷനും എൽ.ഡി.എഫിനൊപ്പമാണ്. 18 സീറ്റുകളിൽ എൻ.ഡി.എ ജയിച്ചപ്പോൾ കേവലം മൂന്ന് സീറ്റിൽ മാത്രമായിരുന്നു കോൺഗ്രസ് വിജയം. അന്നമനട, പൊയ്യ, കുഴൂർ, വെള്ളാങ്ങല്ലൂർ പഞ്ചായത്തുകൾ കോൺഗ്രസിനൊപ്പമാണ്. പുത്തൻചിറയും മാളയും മാത്രമാണ് ഇടതിന്റെ കൈയിൽ.

തീപാറും പ്രചാരണം

വിജയം തങ്ങൾക്കൊപ്പമെന്ന് അവകാശപ്പെട്ടാണ് മുന്നണികളുടെ പ്രചാരണം. എൽ.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തിയതോടെ പ്രചാരണം മൂർദ്ധന്യത്തിലെത്തി. കോൺഗ്രസിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പിമാരായ ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കൾ ഇതിനകം പ്രചാരണത്തിനെത്തി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എ.ഐ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സി.പി.എം നേതാവ് പി.കെ.ബിജു തുടങ്ങിയവരും മണ്ഡലത്തിലെത്തിയിരുന്നു. ട്വന്റി 20യുടെ സാബു ജേക്കബ് ഉൾപ്പെടെയുള്ളവർ എൻ.ഡി.എ സ്ഥാനാർത്ഥിക്കായും കൊടുങ്ങല്ലൂരിലെത്തി.


2026
ആകെ വോട്ടർമാർ: 1,87,212
പുരുഷന്മാർ: 91,157
സ്ത്രീകൾ: 96,055

2021
ആകെ വോട്ടർമാർ: 1,81,762
പുരുഷന്മാർ: 87,396
സ്ത്രീകൾ: 94,366

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL