തൃശൂർ: മിന്നൽച്ചുഴലിയിൽ വിറച്ച് നാട്, വ്യാപകനാശം. പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ എൽ.കെ.ജി സ്കൂൾ വഴിയിൽ മരങ്ങൾ കടപുഴകി വീണു. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായി. നടത്തറ, പൂച്ചട്ടി, കൊഴുക്കുള്ളി, വലക്കാവ്, കോർപറേഷൻ പരിധിയിലെ വില്ലടം, വിൽവട്ടം, ചേറൂർ തുടങ്ങിയിടങ്ങളിൽ ഇന്നലെ രാവിലെയാണ് മിന്നൽച്ചുഴലി നാശം വിതച്ചത്.
നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിച്ചു. മരങ്ങൾ വീണ് നിരവധി വീടുകൾക്കും നാശനഷ്ടമുണ്ടായി. വില്ലടത്ത് മരങ്ങൾ റോഡിലേക്ക് കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. വീട്ടുപറമ്പുകളിലെ മരങ്ങളും ഫലവൃക്ഷങ്ങളും നിലംപതിച്ചിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ജില്ലയുടെ മറ്റിടങ്ങളിലും കാറ്റും മഴയും ജനജീവിതത്തെ ബാധിച്ചു. ഗുരുവായൂർ പഞ്ചാരമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. ആർക്കും പരിക്കില്ല. ചാലക്കൽ ജോളി ജോണിന്റെ കാറിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചൂളക്കടവിൽ വീട് തകർന്നുവീണു. വരാക്കരയിൽ മുല്ലക്കപ്പറമ്പിൽ ലതയുടെ വീടും മരം വീട് തകർന്നു.
വില്ലനായി മിന്നൽച്ചുഴലി
വില്ലടം, പെരേപ്പാടം, നെല്ലിക്കാട്, രാമവർമ്മപുരം എന്നിവിടങ്ങളിൽ മിന്നൽച്ചുഴലിയെത്തുടർന്ന് വൈദ്യുതിബന്ധം തടസപ്പെട്ടു. വില്ലടം പെരേപ്പാടം കാങ്കപ്പറമ്പിൽ ഗോപി, നെല്ലിക്കാട് നടുവത്ത് സുബ്രഹ്മണ്യൻ, വിളക്കത്തറ തങ്ക എന്നിവരുടെ വീടിന്റെ മുകളിലെ ഷീറ്റ് തകർന്നു. ഗോപിയുടെ വീടിന്റെ ഷീറ്റ് വീണ് മകൻ വിപിന്റെ ഓട്ടോറിക്ഷയ്ക്കും കേടുപാടുകളുണ്ട്. സുബ്രഹ്മണ്യന്റെ വീടിന്റെ പാരപ്പറ്റും തകർന്നിട്ടുണ്ട്.
രാമവർമ്മപുരം പുളിഞ്ചോട് എലുവത്തിങ്കൽ ഫ്രാൻസിന്റെയും ചിറമ്മൽ സി.ജെ. ജോസഫിന്റെയും വീടിന് മുകളിൽ മരം വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. മരം റോഡിലേക്ക് വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. രാജൻ പല്ലൻ എം.എൽ.എ, കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ എന്നിവർ ഇവിടങ്ങളിൽ സന്ദർശനം നടത്തി.
മേൽക്കൂരകൾ നിലംപതിച്ചു
കൊഴുക്കുള്ളി മേഖലയിൽ മിന്നൽച്ചുഴലിയിലും വ്യാപകനാശം. പഞ്ഞിക്കാരൻ വീട്ടിൽ ജോസ്, അയൽവാസി രമണൻ എന്നിവരുടെ 1000 സ്‌ക്വയർഫീറ്റിൽ അധികമുള്ള ട്രസ് മേഞ്ഞ മേൽക്കൂരകൾ പറന്ന് നിലപതിച്ചു, ആളപായമില്ല. സ്‌കൂൾ കുട്ടികളും മറ്റും നടന്നു പോകുന്ന റോഡിന് സമീപമുള്ള വീടാണിത്. പ്രദേശത്ത് നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകിയും ഒടിഞ്ഞും വീണിട്ടുണ്ട്. വൈദ്യുതിബന്ധം പലയിടത്തും പുനഃസ്ഥാപിക്കാനായിട്ടില്ല. പലയിടത്തും ഗതാഗതവും തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |