SignIn
Kerala Kaumudi Online
Monday, 29 June 2026 11.51 PM IST

മാതൃകയായി തൃത്തല്ലൂരിലെ 'ഗോട്ട് ക്ലബ്ബ്' തലമുറ കൈമാറിയ 'ആടു സൗഹൃദം'!

goat

തൃത്തല്ലൂർ: വിദ്യാർത്ഥികളിൽ പ്രകൃതിസ്‌നേഹവും സഹജീവി കരുതലും വളർത്തുകയെന്ന ലക്ഷ്യത്തോടെ തൃത്തല്ലൂർ യു.പി സ്‌കൂളിൽ ആരംഭിച്ച പദ്ധതിയായ 'ജീവൻ ജീവന്റെ ജീവൻ' വിജയകരമായി 18 വർഷം പൂർത്തിയാക്കി. ഒരു ആട്ടിൻകുട്ടിയിൽ തുടങ്ങി 18 വർഷത്തിനിടെ 64 ആട്ടിൻകുട്ടികളിലൂടെയാണ് ഈ പദ്ധതി വിദ്യാർത്ഥികളിലേക്ക് കരുതലായി പടർന്നത്. പദ്ധതിയുടെ പൂർത്തീകരണ ആഘോഷവും ഈ വർഷത്തെ 'ഗോട്ട് ക്ലബ്' നറുക്കെടുപ്പും ആട്ടിൻകുട്ടികളുടെ വിതരണവും നടന്നു. 2008ൽ വിദ്യാർത്ഥികൾ പച്ചക്കറി വിറ്റ് ലഭിച്ച തുകയും തങ്ങളുടെ പോക്കറ്റ് മണിയും ചേർത്തുവെച്ച് അദ്ധ്യാപിക കെ.ബി. മിനിയുടെ നേതൃത്വത്തിൽ വാങ്ങിയ 'മണിക്കുട്ടി' എന്ന ആട്ടിൻകുട്ടിയിലൂടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. സ്‌കൂളിൽ വളർത്തിയ മണിക്കുട്ടിയെ പിന്നീട് നറുക്കെടുപ്പിലൂടെ ഒരു വിദ്യാർത്ഥിക്ക് കൈമാറുകയായിരുന്നു. ആദ്യ പ്രസവത്തിലെ ആട്ടിൻകുട്ടികളെ വീണ്ടും സ്‌കൂൾ ഗോട്ട് ക്ലബ്ബിലേക്ക് തിരികെ നൽകണമെന്ന വ്യവസ്ഥയോടെയായിരുന്നു പദ്ധതി. 18 വർഷത്തിനിടെ മണിക്കുട്ടിയുടെ 15ാം തലമുറയിൽ വരെ എത്തിനിൽക്കുന്ന പദ്ധതിയിലൂടെ ഇതുവരെ 64 ആട്ടിൻകുട്ടികളെയാണ് വിദ്യാർത്ഥികൾക്ക് കൈമാറിയത്.

ആട്ടിൻകുട്ടികളെ കൈമാറി

ഈ വർഷം സ്‌കൂളിലെ നസ്ര വളർത്തിയ 'നങ്ങിണി'യുടെ മകൾ 'ചിന്നൂട്ടി'യെ നബീലയ്ക്കും, ശ്രീലക്ഷ്മിയുടെ 'കിങ്ങിണി'യുടെ മകൾ 'കുഞ്ഞൂട്ടി'യെ നിയാസിനും, മുഹമ്മദ് സിനാന്റെ 'പൊന്നു'വിന്റെ മകൾ 'പൊന്നൂട്ടി'യെ മുഹമ്മദ് റിവാസ്, മുബഷിർ എന്നിവർക്കുമായി വളർത്താൻ കൈമാറി. മുൻ എം.എൽ.എയും മുൻ എം.പിയുമായ ടി.എൻ. പ്രതാപന്റെ ആശയത്തിൽ കെ.എസ്. ദീപൻ മാസ്റ്റർ, സീനിയർ വെറ്റിനറി സർജൻ ഡോ. പി.ഡി. സുരേഷ് എന്നിവർ ചേർന്നാണ് അന്ന് ഈ പദ്ധതിക്ക് രൂപം നൽകിയത്. പിന്നീട് സംസ്ഥാന സർക്കാർ ഇതൊരു മാതൃകാ പദ്ധതിയായി അംഗീകരിച്ചിരുന്നു. ക്ലബ്ബിന്റെ സ്ഥാപക ചെയർമാൻ ടി.എൻ. പ്രതാപൻ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗോട്ട് ക്ലബ്ബിലെ ആടുകൾക്കാവശ്യമായ ചികിത്സയും മരുന്നുകളും ഡോ. പി.ഡി. സുരേഷ് സൗജന്യമായാണ് നൽകുന്നത്. പി.ടി.എ. പ്രസിഡന്റ് എ.എ. ജാഫർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.ഡി. സുരേഷ് മുഖ്യാതിഥിയായി. കെ.എസ്. ദീപൻ, പി.വി. ശ്രീജ മൗസമി, കെ.ജി. റാണി, കെ.ബി. മിനി, വി. ഉഷാകുമാരി, രജനി, പി.പി. ജ്യോതി, കെ.എസ്. ഷീന, എൻ.എസ്. നിഷ, അജിത് പ്രേം, ബി.എ.വി. നിഷ, എച്ച്. ഷാഹിന, സ്വാലിഹ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL