SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.07 AM IST

 തൃശൂർ റെയിൽവേ സ്റ്റേഷൻ ലക്ഷ്യം രാജ്യാന്തര നിലവാരം: അപ്രോച്ച് റോഡ് പാതാളം

1

തൃശൂർ: ആയിരക്കണക്കിന് യാത്രക്കാർ നിത്യേനയെത്തുന്ന തൃശൂർ റെയിൽവേ സ്റ്റേഷൻ വിമാനത്താവള മാതൃകയിൽ നവീകരണത്തിന് ഒരുങ്ങുമ്പോൾ, സ്റ്റേഷൻ വളപ്പിലെ റോഡ് പാതാള തുല്യം! പൂത്തോളിലെ പടിഞ്ഞാറൻ കവാടത്തിൽ നിന്ന് പ്ലാറ്റ്ഫോമുകളിലേക്കും പാർക്കിംഗ് ഏരിയയിലേക്കുമുള്ള റോഡാണ് കുണ്ടും കുഴിയും ചെളിവെള്ളവും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്. രാത്രിയിൽ വെളിച്ചമില്ലാത്തത് ദുരിതം ഇരട്ടിയാക്കുന്നു.

രാജ്യാന്തര നിലവാരത്തിലാക്കാൻ 345 കോടി രൂപയുടെ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചിരുന്നു. 2028 ജൂലായിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. അതിന്റെ പേരിൽ അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികൾ അവഗണിക്കുന്നതായാണ് ആക്ഷേപം.

എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവൃത്തികളും ഇഴയുന്നുണ്ട്. അവിടെ കരാറുകാർ പാതിവഴിയിൽ നിർമ്മാണം ഉപേക്ഷിച്ചുപോയിരുന്നു. അതിനാൽ നവീകരണത്തിന് കാത്തുനിൽക്കാതെ റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് തൃശൂരിലെ യാത്രക്കാരുടെ ആവശ്യം.

പടിഞ്ഞാറ് പാർക്കിംഗില്ല

പാർക്കിംഗ് സംവിധാനവും വാഹനങ്ങളും കത്തിനശിച്ച ശേഷം പടിഞ്ഞാറൻ കവാടത്തിനരികിൽ വാഹനങ്ങൾ നിറുത്താൻ സൗകര്യമില്ല. പടിഞ്ഞാറുള്ള ടിക്കറ്റ് കൗണ്ടറും പ്രവർത്തിക്കാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നുണ്ട്. വടക്ക് മാറിയുള്ള കാർ പാർക്കിംഗിലാണ് ഇപ്പോൾ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിറുത്തുന്നത്. അതിനാൽ കൂടുതൽ വാഹനങ്ങൾക്ക് കുണ്ടും കുഴിയും നിറഞ്ഞ പാത ഉപയോഗിക്കേണ്ടി വരുന്നുണ്ട്.

ഫുട് ഓവർബ്രിഡ്ജിനരികിൽ യാത്രക്കാരെ ഇറക്കാനും ധാരാളം വാഹനങ്ങളെത്തുന്നുണ്ട്. താത്ക്കാലിക പാർക്കിംഗിൽ മഴയും വെയിലും തടയാനുള്ള മേൽക്കൂരയോ സ്ഥലസൗകര്യമോ ഇല്ലെങ്കിലും ഉയർന്ന ഫീസ് തന്നെയാണ് കരാറുകാർ ഈടാക്കുന്നത്.

റെയിൽവേ വളപ്പിലെ റോഡിന്റെ തകർച്ചയും അപര്യാപ്തതകളും റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തും. അടിയന്തര പരിഹാരം ആവശ്യപ്പെടും.

- എം.ആർ. ഫ്രാൻസിസ്, തൃശൂർ ചേംബർ‌ ഒഫ് കൊമേഴ്സ്

(ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL