SignIn
Kerala Kaumudi Online
Monday, 13 July 2026 1.49 AM IST

 ഫ്‌ളീ മാർക്കറ്റ് വന്നിട്ട് 4വർഷം; നടപ്പാത കൈയേറി കച്ചവടം

f

 കാൽനടയാത്ര തട്ടിയും തടഞ്ഞും

തൃശൂർ:കാൽനടയാത്രക്കാരെ ദുരിതത്തിലാക്കി നടപ്പാത കൈയേറിയുള്ള കച്ചവടം. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക ലക്ഷ്യത്തോടെ കഴിഞ്ഞ കോർപ്പറേഷൻ ഭരണസമിതിയുടെ കാലത്ത് ശക്തൻ നഗറിൽ ഗോൾഡൻ ഫ്‌ളീ മാർക്കറ്റ് തുടങ്ങിയെങ്കിലും അനധികൃത കച്ചവടം ഇപ്പോൾ പൊടിപൊടിക്കുകയാണ്. കാൽനടയാത്രക്കാർക്ക് ഒട്ടും സഞ്ചരിക്കാനാകാത്ത വിധമാണ് നടപ്പാതകളിലെ കൈയേറ്റം. വഴിവാണിഭക്കാരെ പുനരധിവസിപ്പിക്കാനായാണ് 200ലേറെ സ്റ്റാളുകളുമായി ഗോൾഡൻ ഫ്‌ളീ മാർക്കറ്റ് 2022 ജൂലായ് 18ന് പ്രവർത്തനമാരംഭിച്ചത്. എന്നാൽ നാലുവർഷം പിന്നിടുമ്പോഴും കാൽനടയാത്രക്കാരുടെ യാത്ര തട്ടിയും തടഞ്ഞും തന്നെ. നടപ്പാതകളെല്ലാം കൈയേറിയതോടെ റോഡിലൂടെയും ടാക്സി സ്റ്റാൻഡുകൾക്കിടയിലൂടെയും നടക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.

കൺമുൻപിൽ കൈയേറ്റം

കൈയേറ്റം ഒഴിപ്പിക്കാൻ ഉത്തരവാദിത്വമുള്ള കോർപ്പറേഷന് മുൻപിൽ തന്നെയാണ് നഗരത്തിൽ ഏറ്റവും അധികം കൈയേറ്റമുള്ളത്. എം.ഒ റോഡിന് ഇരുവശത്തും ഒരാൾക്ക് പോലും നടന്നുപോകാനാകാത്ത വിധം വഴിവാണിഭക്കാർ തമ്പടിച്ചിരിക്കുകയാണ്. പഴയ പോസ്റ്റ് ഓഫീസ് റോഡും സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് മുൻപിലെ നടപ്പാതയും സ്വരാജ് റൗണ്ടും എല്ലാം വഴിയോര കച്ചവടക്കാർ കൈയടക്കി. നെഹ്റു പാർക്കിന് സമീപവും എക്സിബിഷൻ ഗ്രൗണ്ടിന് സമീപവുമാണിത്. വടക്കെച്ചിറയ്ക്ക് മുൻപിലെ റോഡിലൂടെയും വൈകുന്നേരങ്ങളിൽ നടക്കാൻ പറ്റാത്ത സ്ഥിതിയാണ്.

 റെഡ് സോണായില്ല

ഗോൾഡൻ ഫ്ളീ മാർക്കറ്റ് പ്രവർത്തനം തുടങ്ങുന്നതോടെ നഗരത്തിലെ നടപ്പാതകളിലുള്ള വഴിയോര വാണിജ്യ കേന്ദ്രങ്ങൾ റെഡ് സോണാക്കി മാറ്റുമെന്നും തുടർന്ന് കച്ചവടം അനിവദിക്കില്ലെന്നുമാണ് കഴിഞ്ഞ നഗരസഭാ ഭരണകാലത്ത് അറിയിച്ചത്. ആദ്യഘട്ടത്തിൽ ശക്തനിൽ നടപ്പാക്കിയ ശേഷം ലാലൂർ, മണ്ണുത്തി, ചേറൂർ എന്നിവിടങ്ങളിലും ഗോൾഡൻ ഫ്ളീ മാർക്കറ്റ് പോലുള്ള വഴിയോര വ്യാപാര കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കോർപ്പറേഷൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ നാലുവർഷത്തിനിപ്പുറവും ഒന്നും നടപ്പായില്ല. ജൂബിലി മിഷൻ - മണ്ണുത്തി റോഡിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും വഴിയോര കച്ചവടക്കാരുടെ സാന്ദ്രത കൂടുതലാണ്.

ഒരു ഷട്ടർ അടച്ചാൽ അടുത്ത ദിവസം അതിന് മുൻപിൽ വഴിവാണിഭക്കാർ വരും. പരാതിപ്പെട്ടിട്ടും കാര്യമില്ല. അധികൃതർ ഇടപെടണം.

- സെബി വർഗീസ്, വ്യാപാരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL