
ചാലക്കുടി: ട്രാഫിക് മീഡിയൻ സ്ഥാപിച്ചിട്ടും ഗതാഗതക്കുരുക്കിൽ നിന്ന് മോചനമില്ലാത മെയിൻ റോഡിലെ ട്രാംവെ ജംഗ്ഷൻ. രണ്ടാഴ്ച മുമ്പാണ് സെന്റ് ജെയിംസ് ആശുപത്രിയുടെ സഹകരണത്തോടെ നഗരസഭ ഇവിടെ ട്രാഫിക് മീഡിയൻ സ്ഥാപിച്ചത്. ഇത് ഗതാഗത തടസത്തിന് വലിയ മാറ്റമുണ്ടാക്കിയില്ല എന്നതാണ്
സ്ഥാപിച്ചതിന് ശേശമുള്ള അനുഭവം. ഇവിടെ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത് പതിവ് കാഴ്ചയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോഴാണ് കുരുക്ക് കൂടുതൽ മുറുകുന്നത്. രാവിലെ എട്ടുമണി മുതൽ രണ്ടു മണിക്കൂറോളവും വൈകിട്ടും ഇതുതന്നെ സ്ഥിതി.
ടൗണിൽ നിന്ന് തൃശൂർ, ഇരിങ്ങാലക്കുട ദിശകളിലേക്ക് പോകുന്ന ബസുകൾ ട്രാംവെ ജംഗ്ഷൻ വഴിയാണ് പോകുന്നത്. ട്രാഫിക് മീഡിയന് തൊട്ടടുത്താണ് യാത്രക്കാരെ കയറ്റുന്നതിന് ബസുകൾ നിറുത്തുന്നത്. ചിലപ്പോൾ സ്റ്റോപ്പിൽ രണ്ടും മൂന്നും ബസുകൾ ഒരുമിച്ച് നിറുത്തിയിടും. ഇതോടെ മെയിൻ റോഡിൽ നിന്ന് കോടതി ജംഗ്ഷനിലേയ്ക്കുള്ള വാഹനങ്ങൾ കുരുക്കിലമരും. ഒന്നര പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച നോർത്ത് ബസ്‌സ്റ്റാൻഡ് ഇനിയും പ്രവർത്തന യോഗ്യമാക്കാൻ നഗരസഭ അധികൃതർ ഇതുവരെയും മെനക്കെട്ടിട്ടില്ല. ബസ്സ്റ്റാൻഡ് തുറന്നാൽ റോഡരികിലെ ബസുകളുടെ സ്‌റ്റോപ്പ് ഇല്ലാതാക്കാനാകും. എങ്കിലും തിരക്കുള്ള സമയങ്ങളിൽ പൊലീസിന്റെ നിയന്ത്രണം ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
ടൗണിന്റെ പ്രധാന കവാടം
തൃശൂർ ജില്ലയിലെ ചാലക്കുടി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരുപ്രദേശമാണ് ട്രാംവെ ജംഗ്ഷൻ. തൃശൂർ- എറണാകുളം ദേശീയപാതയിൽ (NH 544) യാത്ര ചെയ്യുമ്പോൾ ചാലക്കുടി ടൗണിന്റെ പ്രധാന പ്രവേശന കവാടമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |