
പ്രവേശനത്തിനായി കാത്തിരിക്കുന്നത് ആയിരങ്ങൾ
വടക്കാഞ്ചേരി: പ്രഖ്യാപനങ്ങളിലൊതുങ്ങി മുണ്ടത്തിക്കോട് സഹകരണ നഴ്‌സിംഗ് കോളേജ്. മുൻ സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 25നഴ്‌സിംഗ് കോളേജുകളിൽ ഒന്ന് വടക്കാഞ്ചേരി മണ്ഡലത്തിലെ മുണ്ടത്തിക്കോട് സ്ഥാപിക്കണമെന്ന സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എയുടെ താത്പര്യം സ്വപ്‌നത്തിൽ മാത്രം. സാദ്ധ്യത മങ്ങുകയാണ്. നടപടി ക്രമങ്ങളൊന്നും പൂർത്തിയായിട്ടില്ല. സഹകരണമേഖലയിൽ നിർമ്മാണമാരംഭിച്ച എൻജിനീയറിംഗ് കോളേജ് കെട്ടിടവും 5 ഏക്കർ 40 സെന്റ് സ്ഥലവും പ്രയോജനപ്പെടുത്തി കേപ്പിന്റെ നേതൃത്വത്തിൽ നഴ്‌സിംഗ് കോളേജ് ആംഭിക്കാമെന്ന നിർദ്ദേശമാണ് എം.എൽ.എ മുന്നോട്ടുവെച്ചിരുന്നത്. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയെ പാരന്റ് ആശുപത്രിയാക്കാനും ആലോചന നടന്നിരുന്നു. 11കോടി രൂപ മുടക്കി കോളേജ് കെട്ടിടം ഭാഗികമായി പണികഴിപ്പിച്ചിരുന്നു. എൻജിനീയറിംഗ് കോളേജ് എന്ന പദ്ധതി പിന്നീട് ഉപേക്ഷിച്ചു. മുൻ മന്ത്രി വി.എൻ. വാസവൻ സഹകരണ വകുപ്പിന്റെ പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫണ്ടിൽ നിന്ന് 8 കോടി രൂപ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. ആയിരക്കണക്കിനാളുകളുടെ കാത്തിരിപ്പിന് അനുയോജ്യമായ ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
നടപടിവേണം
നഴ്‌സിംഗ് പ്രവേശനം ആഗ്രഹിച്ച് കഴിയുന്നവരുടെ വലിയ പ്രതീക്ഷയായിരുന്നു മുണ്ടത്തിക്കോട് നഴ്‌സിംഗ് കോളേജ്. മുണ്ടത്തിക്കോട് പഞ്ചായത്തായിരിക്കുമ്പോൾ സഹകരണ എൻജിനീയറിംഗ് കോളേജ് ആരംഭിക്കാൻ 5 ഏക്കർ 40 സെന്റ് ഭൂമി സൗജന്യമായി നൽകി. മുൻമന്ത്രി അന്തരിച്ച സി.എൻ.ബാലക്കൃഷ്ണൻ അനുവദിച്ച 11കോടി മുടക്കി കെട്ടിട നിർമ്മാണം ആരംഭിച്ചു. മുൻ സർക്കാർ എൻജിനീയറിംഗ് കോളേജിന് അന്ത്യം കുറിച്ചു. നഴ്‌സിംഗ് കോളേജിന് വേണ്ടി എം.എൽ.എ പ്രഖ്യാപനങ്ങളല്ലാതെ ഒന്നും ചെയ്തില്ല.
കെട്ടിടം ക്രിയാത്മകമായി ഉപയോഗിക്കണം. സഹകരണ മന്ത്രി എം.ലിജുവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
-കെ.അജിത് കുമാർ (മുൻ മുണ്ടത്തിക്കോട് പഞ്ചായത്ത് പ്രസിഡന്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |