SignIn
Kerala Kaumudi Online
Friday, 30 October 2026 5.33 AM IST

തിരശ്ശീല വീഴാതെ വിവാദപ്പൂരം!

photo
1

തൃശൂർ: 'ആനയ്‌ക്കെന്തിനാ പട്ട...!' കുടമാറ്റത്തിന് തെക്കെ ഗോപുരനടയിൽ നിരന്ന ആനകളുടെ വിശപ്പകറ്റാൻ പട്ടയുമായി എത്തിയ പാപ്പാന്മാരോട് പൊലീസിന്റെ തട്ടിക്കയറ്റം. 3,500 ഓളം പൊലീസുകാർ അണിനിരന്ന 2024ലെ പൂരം എല്ലാംകൊണ്ടും സംഭവബഹുലം. രാത്രിയെഴുന്നള്ളത്ത് പൂർത്തിയാകും മുൻപേ ബാരിക്കേഡ് വച്ച് പൊലീസ് തടയൽ, പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ, നടുവിലാലിലും നായ്ക്കനാലിലും ലാത്തിച്ചാർജ്... അമിത പൊലീസ് നിയന്ത്രണത്തിൽ പ്രതിഷേധിച്ച് മിഴിയടച്ച തിരുവമ്പാടി പന്തൽ, പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ട് നടന്നത് രാവിലെ ഏഴരയോടെ... അങ്ങനെ 2024 ഏപ്രിൽ 19ന് അരങ്ങേറിയത് വിവാദപ്പൂരം.

2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണനാളുകളിൽ നടന്ന പൂരം നടത്തിപ്പിനൊപ്പം നിന്നെന്ന് വരുത്തിത്തീർക്കാൻ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും ഇടപെടൽ. പിന്നാലെ അന്വേഷണം, ആരോപണം. രണ്ടരവർഷം പിന്നിട്ടിട്ടും (923 ദിവസം) പൂരം കലക്കൽ അന്വേഷണത്തിൽ തൃപ്തിയില്ലാതെ നിൽക്കുകയാണ് എല്ലാവരും.

ജില്ലാ ഭരണകൂടം, പൊലീസ്, മാദ്ധ്യമപ്രവർത്തകർ, മേളക്കാർ, ആനക്കാർ, ദേവസ്വം ഭാരവാഹികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സ്ഥാനാർത്ഥികൾ, ആംബുലൻസ് ഡ്രൈവർ തുടങ്ങി മുന്നൂറോളം പേരുടെ മൊഴിയെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ ഏറ്റവുമധികം ആരോപണം കേട്ട പൊലീസിന് ക്ലീൻ ചിറ്റ്, പൊലീസിന്റെ അമിതാധികാര പ്രയോഗത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്... ഇതോടെയാണ് അന്വേഷണത്തിൽ അട്ടിമറി ആരോപണം ശക്തമായത്.

മൊഴികൾ അവഗണിച്ച്

പ്രതിചേർക്കപ്പെട്ട തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ മാത്രമല്ല, അന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽകുമാറും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിനെതിരെ രംഗത്തെത്തിയിരുന്നു. സമഗ്രാന്വേഷണം വേണമെന്നാണ് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ആവശ്യം. അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം ഉയരുന്നതിനിടെ വീണ്ടും അന്വേഷിക്കുമെന്നാണ് സർക്കാർ തിരുവമ്പാടി ദേവസ്വം അധികൃതർക്ക് നൽകിയ ഉറപ്പ്. അന്വേഷണം വരുന്നതോടെ വിവാദത്തിന് വീണ്ടും ചൂടേറും.
രേഖപ്പെടുത്തിയ ചില മൊഴികൾ അന്വേഷണത്തിൽ പരിഗണിച്ചില്ലെന്നാണ് പ്രധാന ആരോപണം. മാദ്ധ്യമവാർത്തകളും പൂരപ്രേമികൾ ഉന്നയിച്ച പ്രശ്‌നങ്ങളും അവഗണിച്ചെന്നും ആരോപണമുണ്ട്. പൂരം കലക്കൽ വിവാദത്തിലെ അന്വേഷണത്തിൽ ആരും തൃപ്തരല്ലെന്ന് തിരിച്ചറിഞ്ഞ് സമഗ്രാന്വേഷണത്തിന് സർക്കാർ തുനിയുന്നതോടെ വിവാദം ഇനിയും നീളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL