
വടക്കാഞ്ചേരി: മുണ്ടത്തിക്കോട് പടക്കശാല സ്‌ഫോടനം നടന്ന സ്ഥലത്തെ മണ്ണിൽ മാരകമായ വിഷാംശങ്ങളും ഹാനികരമായ ലോഹങ്ങളും കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര നടപടിക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം. കെ. രാധാകൃഷ്ണൻ എം.പി. നൽകിയ നിവേദനത്തെ തുടർന്നാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ഇടപെടൽ. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് അടിയന്തര നിർദ്ദേശം നൽകി. മണ്ണിൽ സയനൈഡ്, ക്രോമിയം, കോപ്പർ, വനേഡിയം എന്നിവയുടെ സാന്നിധ്യം അനുവദനീയമായ അളവിലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടും മേൽമണ്ണ് നീക്കം ചെയ്യുന്നതിൽ വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടിയാണ് എം.പി. കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയത്. എൻവിറോൺമെന്റ് പ്രൊട്ടക്ഷൻ ചട്ടങ്ങൾ, 2025 പ്രകാരം അടിയന്തരമായി മണ്ണിന്റെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ സ്വീകരിച്ച നടപടികളും മലിനീകരണം നീക്കാൻ ഇനി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും വ്യക്തമാക്കുന്ന ആക്ഷൻ ടേക്കൺ റിപ്പോർട്ട് 30 ദിവസത്തിനകം സമർപ്പിക്കാനും നിർദ്ദേശിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ശാസ്ത്രജ്ഞൻ അമിത് വസിഷ്ഠ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ജി. രാംബാബു എന്നിവരും ഇതുസംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചു.
ദുരന്തഭൂമി
കഴിഞ്ഞ ഏപ്രിൽ 21ന് ഉച്ചകഴിഞ്ഞ് 3.20നാണ് തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിനായി വെടിമരുന്ന് നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന ഷെഡുകളിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ 17 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു കിലോമീറ്ററിലേറെ ചുറ്റളവിലുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇവർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടികൾ ഇഴയുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |