പുൽപ്പള്ളി: രാസവളങ്ങളുടെയും കീടനാശിനികളുടെയും വിലക്കയറ്റവും വിലയിലെ അസമത്വവും മൂലം പുൽപ്പള്ളിയിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഒരേ വളത്തിന് വിവിധ കടകളിൽ വ്യത്യസ്ത വില ഈടാക്കുന്നത് കർഷകരെ വലയ്ക്കുകയാണ്. ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ ന്യായവിലയ്ക്ക് വളവും കീടനാശിനികളും ലഭ്യമാകുമ്പോഴാണ് പുൽപ്പള്ളിയിൽ ചില വ്യാപാരികൾ തോന്നുംപടി വില ഈടാക്കി കർഷകരെ ചൂഷണം ചെയ്യുന്നത്. രാസവളങ്ങൾക്കും കീടനാശിനികൾക്കും പുറമെ നടീൽ വസ്തുക്കൾക്കും വിത്തുകൾക്കും വൻ തുകയാണ് ഇവിടെ ഈടാക്കുന്നത്. ഇതിന് പുറമെ, വിലയിലെ വ്യത്യാസത്തെക്കുറിച്ച് ചോദ്യം ചെയ്യുന്ന കർഷകരോട് ചില വ്യാപാരികൾ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. പൊതുജനമധ്യത്തിൽ വെച്ച് കർഷകരെ അവഹേളിക്കുന്ന രീതിയിലാണ് ചില കടക്കാരുടെ പെരുമാറ്റം. 'കൂടിയ വില തന്ന് വേണമെങ്കിൽ സാധനം എടുത്താൽ മതി ' എന്ന തരത്തിലുള്ള ധിക്കാരപരമായ സമീപനമാണ് ഇവർ സ്വീകരിക്കുന്നതെന്ന് കർഷകർ പറയുന്നു.
ശക്തമായ പ്രക്ഷോഭവുമായി
കർഷക സംഘടനകൾ
കർഷകരുടെ മേൽ കുതിരകയറുകയും വൻതുക പിടിച്ചുപറിക്കുകയും ചെയ്യുന്ന ഇത്തരം വ്യാപാരികൾക്കെതിരെ ജില്ലാ ഭരണകൂടവും സിവിൽ സപ്ലൈസ് വകുപ്പും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അധികൃതർ രഹസ്യ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ചൂഷണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് പ്രദേശത്തെ വിവിധ കർഷക സംഘടനകൾ. വരും ദിവസങ്ങളിൽ കർഷകരെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനകളുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |