ബേപ്പൂർ: മത്സ്യവുമായി ചാലിയം ഫിഷ് ലാൻഡ് സെന്റർ ലക്ഷ്യമാക്കി വന്ന മാളിയേക്കൽ എന്ന ഫൈബർ വള്ളം ശക്തമായ കടലാക്രമണത്തിൽ അഴിമുഖത്തിന് സമീപം മറിഞ്ഞു. നാല് തൊഴിലാളികളെ
സമീപത്തുണ്ടായിരുന്ന കടലുണ്ടി ബർക്കത്ത് വള്ളത്തിന്റെ കാരിയർ വള്ളത്തിൽ രക്ഷപ്പെടുത്തി. തൊഴിലാളികളെ ചെട്ടിപ്പടി ഭാഗത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിയം സ്വദേശി അഷറഫിന്റെ ഉടമസ്ഥയിലുള്ള വള്ളമാണ് മറിഞ്ഞത്. ലക്ഷങ്ങൾ വിലയുള്ള മത്സ്യവും വലയും നഷ്ടമായി. വെസ്റ്റ് ബംഗാൾ, കൊൽക്കത്ത സ്വദേശികളായ അശോക്, ഷജിൻ ദാസ്, സോനൻ, ചാലിയം സ്വദേശി അഷറഫ് എന്നിവരാണ് രക്ഷപ്പെട്ടത്. കോസ്റ്റൽ പൊലീസിന്റെ രക്ഷാ ബോട്ടിന് പ്രതികൂല കാലാവസ്ഥ മൂലം അഴിമുഖം മുറിച്ച് കടക്കാനാവാത്തതിനാൽ തിരിച്ച് പോയി. ഫിഷറീസ് വകുപ്പിന്റെ ജീവൻ രക്ഷാ ബോട്ട് കടലിൽ മറിഞ്ഞ വള്ളം കെട്ടി വലിച്ച് കരക്കെത്തിക്കുവാൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം തിരിച്ച് പോകുകയായിരുന്നു. ട്രോളിംഗ് നിരോധന കാലയളവിൽ സുരക്ഷാ സംവിധാനങ്ങൾ അഴിമുഖത്തിന് സമീപം സജ്ജമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഒരാഴ്ചക്കുള്ളിൽ മൂന്ന് ഫൈബർ വള്ളങ്ങളാണ് അഴിമുഖത്തിന് സമീപം മറിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |