സുൽത്താൻ ബത്തേരി: വർഷാവർഷം വെള്ളംകയറുമ്പോൾ ചീരാൽ വെള്ളച്ചാൽ ഉന്നതിക്കാർക്ക് അധികൃതർ നൽകുന്ന വാക്ക് ഇത്തവണയും ജലരേഖയായി. ഉന്നതിയിൽ വെള്ളംകയറിയതോടെ ഇപ്രാവശ്യവും ക്യാമ്പിലേക്ക് മാറേണ്ടിവന്നു. 9 കുടുംബങ്ങളാണ് കല്ലിങ്കര ഗവ. യു.പി സ്കൂളിലെ ക്യാമ്പിലേക്ക് മാറിയത്. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴ ഉന്നതിക്ക് സമീപത്തെ വെള്ളച്ചാൽതോട് കരകവിഞ്ഞ് വെള്ളം വീടുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഇതോടെയാണ് കുടുംബങ്ങളെ അധികൃതർ ക്യാമ്പിലേക്ക് മാറ്റിയത്.
മുൻവർഷങ്ങളിലെല്ലാം മഴക്കാലത്ത് പലതവണകളിലായി ക്യാമ്പിലേക്ക് മാറേണ്ടിവന്നവരാണ്. ഈ വർഷം ആദ്യമായാണ് ക്യാമ്പിലേക്ക് മാറുന്നത്. ഇനി എത്രതവണ മാറേണ്ടിവരുമെന്ന് അറിയില്ലെന്നാണ് ഇവർ പറയുന്നത്. പുനരധിവാസം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മുൻവർഷം ഉന്നതിയിൽ വെള്ളംകയറിയപ്പോൾ കുടുംബങ്ങൾ ക്യാമ്പിലേക്ക് മാറാൻ തയ്യാറിയില്ല. പിന്നീട് മണിക്കൂറുകളോളം ഉന്നതിവാസികളെ ജനപ്രതിനിധികളും, പൊലീസും, റവന്യു ട്രൈബൽ വകുപ്പ് അധികൃതർ സംസാരിച്ച് അനുനയിപ്പിച്ചാണ് ക്യാമ്പിലേക്ക് മാറ്റിയത്. അന്ന് ഈ മഴക്കാലമാകുമ്പോഴേക്കും സ്ഥലംകണ്ടെത്തി വീടുംവെച്ച് പുനരധിവാസം ഉറപ്പാക്കുമെന്ന് വാഗ്ദാനവും നൽകിയിരുന്നു. വാഗ്ദാനം നടപ്പാക്കത്തതിൽ കഴിഞ്ഞദിവസം വെള്ളംകയറിയപ്പോൾ ഉന്നതിയിലെ കുടുംബങ്ങൾ ആദ്യംക്യാമ്പിലേക്ക് മാറാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട് നെന്മേനി പഞ്ചായത്ത് അധികൃതരും പൊലീസും റവന്യുവകുപ്പും ട്രൈബൽ വകുപ്പുമെത്തി അനുനയിപ്പിച്ച് ക്യാമ്പിലേയ്ക്ക് മാറ്റുകയായിരുന്നു. ഇനി വെള്ളമിറങ്ങിയാലും ഉന്നതിയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ഇവർ. കഴിഞ്ഞതവണ തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കപെടണമെന്ന ആവശ്യമാണ് ഉന്നതിക്കാർ ഉന്നയിക്കുന്നത്.
വാഗ്ദാനം നടപ്പാക്കും: പഞ്ചായത്ത് പ്രസിഡന്റ്
വെള്ളച്ചാൽ ഉന്നതിക്കാരുടെ ആവശ്യം നടത്തികൊടുക്കാൻ പഞ്ചായത്തും ട്രൈബൽ വകുപ്പും ബാധ്യസ്ഥരാണ്. അതിനാൽ അടുത്ത വർഷകാലത്തിനുമുന്നോടിയായി ഭൂമി കണ്ടെത്തി കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ. നിലവിൽ ട്രൈബൽ വകുപ്പ് ഒരു കുടംബത്തിന് മൂന്ന് ലക്ഷത്തി ഇരുപത്തിയയ്യായിരം രൂപ ഫണ്ടുണ്ടെന്നാണ് പറയുന്നത്. ഇതിനായി അഞ്ച് സെന്റിൽ കുറയാത്ത ഭൂമി വാങ്ങി നൽകിയാൽ പഞ്ചായത്ത് വീട് വെച്ചുനൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |