സുൽത്താൻ ബത്തേരി: ഓണ വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി പൂകൃഷിയിറക്കിയ കർഷകർ കണ്ണീരിലായി. ചെടികൾ കൃത്യ സമയത്ത് പൂവിടാൻ വൈകിയതാണ് നഷ്ടത്തിൽ കലാശിച്ചത്. കൃഷിരീതിയും അവലംബിക്കേണ്ട മാർഗ്ഗങ്ങളും വ്യക്തമാക്കുന്ന കലണ്ടർ പ്രകാരമാണ് കൃഷിയിറക്കിയത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ മാറ്റമാണ് സമയത്തിന് ചെടികൾ മൊട്ടിടാൻ താമസിച്ചതെന്നാണ് കൃഷി വിദഗ്ധരുടെ അഭിപ്രായം. ഓണ വിപണി സ്വപ്നം കണ്ട് കൃഷിയിറക്കിയ കർഷകർക്ക് തിരിച്ചടിയായി തീർന്നു. ഓണം വിപണി മുന്നിൽക്കണ്ട് മാസങ്ങൾക്കു മുമ്പ് വിവിധ നിറങ്ങളിലുള്ള ചെണ്ടുമല്ലി തൈകൾ നട്ട് പരിപാലിച്ച കർഷകർക്ക് പൂക്കൾ കൃത്യസമയത്ത് ലഭിക്കാതെ വന്നതാണ് തിരിച്ചടിയായത്. സമയം തെറ്റി വിരിഞ്ഞ പൂക്കൾക്ക് ആവശ്യത്തിന് വിപണി ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി കർഷകരാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം ഉൾപ്പെടെയുള്ള വിവിധ നഴ്സറികളിൽ നിന്നും തൈകൾ വാങ്ങിയാണ് കർഷകർ കൃഷിയിറക്കിയത്. അഞ്ച് രൂപ നിരക്കിലാണ് തൈകൾ പലരും വാങ്ങിയത്. വ്യക്തികൾക്ക് പുറമെ അയൽക്കൂട്ടങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സാമൂഹിക -സാംസ്ക്കാരിക സംഘടനകൾ തുടങ്ങിയവയും ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കൃഷി നടത്തിയിരുന്നു. മഴയുടെ കുറവും കാലാവസ്ഥയിലെ വ്യതിയാനവും ചെടികളുടെ വളർച്ചയെയും പൂവിടലിനെയും കാര്യമായി ബാധിച്ചു.
സാധാരണയായി ഓണത്തിന് മുന്നോടിയായി പൂക്കൾ വിളവെടുക്കാൻ കഴിയുന്ന തരത്തിലാണ് കൃഷി ക്രമീകരിച്ചിരുന്നത്.
പൂക്കൾ മൊട്ടിട്ടത് തിരുവോണത്തിന് ശേഷം
ജില്ലയിലെ ഭൂരിഭാഗം തോട്ടങ്ങളിലും തിരുവോണത്തിന് ശേഷമാണ് ചെടികൾ മൊട്ടിടാൻ തുടങ്ങിയത്. ഇതോടെ ഓണവിപണിയിൽ വയനാട്ടിൽ ഉത്പാദിപ്പിച്ച പൂക്കൾക്ക് വലിയ തോതിൽ ഇടം ലഭിച്ചില്ല. ഏക്കറിന് ഏകദേശം 30,000 മുതൽ 50,000 രൂപവരെയാണ് പല കർഷകരും പൂക്കൃഷിക്കായി ചെലവഴിച്ചത്. മുൻവർഷങ്ങളിൽ പൂകൃഷിയിറക്കിയ കർഷകർക്ക് ഓണക്കാലത്ത് മികച്ച വിലയും വിപണിയും ലഭിച്ചതിന്റെ പ്രതീക്ഷയിലാണ് പലരും ഇത്തവണ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കിയത്. സമയത്ത് പൂക്കൾ ലഭിക്കാതെ വന്നതോടെ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. ഓണത്തിന് മുമ്പ് പൂവിട്ട ചില തോട്ടങ്ങളിലും കാര്യമായ പൂക്കളുടെ വിൽപ്പന നടന്നില്ല. ഇതോടെ വിളവെടുത്ത പൂക്കൾ സൂക്ഷിച്ചുവയ്ക്കാനും സാധിക്കാതെ വന്നതോടെ പല കർഷകരും പൂക്കൾ ഉപേക്ഷിക്കേണ്ട അവസ്ഥയിലായി.
പൂക്കച്ചവടക്കാർക്കും തിരിച്ചടി
വയനാട്ടിലെ വിവിധ ടൗണുകളിൽ ഓണക്കാലത്ത് പൂക്കച്ചവടം നടത്തിയ വ്യാപാരികൾക്കും ഇത്തവണ കനത്ത നഷ്ടമാണ് നേരിടേണ്ടിവന്നത്. ഓണവിപണിയെ പ്രതീക്ഷിച്ച് പൂക്കൾ ശേഖരിച്ച വ്യാപാരികൾക്ക് ആവശ്യക്കാർ കുറഞ്ഞതോടെ വലിയ തോതിൽ പൂക്കൾ വിറ്റഴിക്കാനാകാതെ വന്നു. പുറംജില്ലകളിൽ നിന്നുള്ള പൂക്കളുടെ വരവും വിപണിയിലെ കിടമത്സരവും പ്രാദേശിക കർഷകരെയും വ്യാപാരികളെയും പ്രതികൂലമായി ബാധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |