SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

അന്ത്യശാസന സമയം കഴിഞ്ഞു : ഇറാന് യു.എസിന്റെ കനത്ത പ്രഹരം, ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കുമെന്ന് ട്രംപ്

iran


 ട്രംപ് മനോരോഗിയെന്ന് ഇറാൻ

വാഷിംഗ്ടൺ: ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിൽ ആക്രമണം കടുപ്പിച്ച് യു.എസ്. ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങളിലും ടെഹ്റാനിലെ വിവിധ നഗരങ്ങളിലും വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയം അവസാനിച്ചതോടെയാണിത്. ഇറാന്റെ എണ്ണ ശുദ്ധീകരണ ശാലകളെയോ സംഭരണികളെയോ ആക്രമിച്ചിട്ടില്ലെന്ന് യു.എസ് വ്യക്തമാക്കി.

അതിനിടെ, ഇറാനിലെ കഷാനിലുള്ള റെയിൽവേ പാലം ഇസ്രയേൽ ആക്രമിച്ചു. രണ്ടുപേർ കൊല്ലപ്പെട്ടു. യഹ്യ അബാദ് പാലവും 10 റെയിൽവേ ട്രാക്കുകളും തകർന്നു. ടെഹ്റാനിലും മറ്റ് നഗരങ്ങളിലും വൻ സ്ഫോടനങ്ങളുമുണ്ടായി. ചരക്ക് കപ്പലും ആക്രമിച്ചു. ഇസ്താംബൂളിലെ ഇസ്രയേൽ കോൺസുലേറ്റിൽ നടന്ന വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലടക്കം ഇറാനും ആക്രമണം കടുപ്പിച്ചു. ഇറാന്റെ ഭീഷണി നേരിടാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്ന് യു.എ.ഇയും അറിയിച്ചു.

ഒറ്റ രാത്രിക്കൊണ്ട് ഇറാൻ എന്നെന്നേക്കുമായി അവസാനിക്കുമെന്നായിരുന്നു ട്രംപിന്റെ ഇന്നലത്തെ ഭീഷണി. അലക്സാണ്ടർ ചക്രവർത്തിക്കും മംഗോളിയൻ പടയ്ക്കും തങ്ങളെ ഇല്ലാതാക്കാനായിട്ടില്ലെന്ന് ഇറാൻ തിരിച്ചടിച്ചു. ട്രംപ് മനോരോഗിയാണെന്നും ആക്ഷേപിച്ചു. അവർ വിട്ടുവീഴ്ച്ചയ്ക്ക് തയാറാണെങ്കിൽ ഞങ്ങൾ തയ്യാറാണെന്നും ഇറാൻ അറിയിച്ചു. അതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നാവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ ബഹ്റൈൻ കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.

ഇന്ത്യക്കാർ പുറത്തിറങ്ങരുത്

അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് ഇറാനിലെ ഇന്ത്യക്കാർക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ അടുത്ത 48 മണിക്കൂർ തുടരണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. വീടിനുള്ളിൽ തുടരണം. വൈദ്യുത നിലയങ്ങളുടെയോ സൈനിക കേന്ദ്രങ്ങളുടെയോ സമീപത്തും ബഹുനിലക്കെട്ടിടങ്ങളുടെ മുകൾനിലയിലും പോകരുതെന്നും അഭ്യർത്ഥിച്ചു.

ബാബുൽ മൻദബ് അടയ്ക്കാൻ നീക്കം

ഹോർമുസിന് പിന്നാലെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കപ്പൽ പാതകളിലൊന്നായ ബാബുൽ മൻദബ് കടലിടുക്ക് അടയ്ക്കാൻ ഇറാന്റെ നീക്കം. യമനും ആഫ്രിക്കൻ രാജ്യങ്ങളായ ജിബൂട്ടി, എറിത്രിയ എന്നിവയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന കടലിടുക്ക്, ചെങ്കടലിനെയും ഗൾഫ് ഒഫ് ഏദനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ലോകത്തെ ആകെയുള്ള കപ്പൽ വ്യാപാരത്തിന്റെ പത്ത് ശതമാനത്തോളം നടക്കുന്നത് ഈ പാതയിലൂടെയാണ്. കടലിടുക്ക് അടച്ചുപൂട്ടുന്നത് ഇന്ത്യയെയും സാരമായി ബാധിക്കും.

രാജ്യത്തിന് വേണ്ടി ജീവൻ നൽകാൻ ഞാനും 14 ദശലക്ഷം ഇറാനിയൻ പൗരന്മാരും സന്നദ്ധരാണ്

-മസൂദ് പെസെഷ്കിയാൻ

ഇറാൻ പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, AMERICA, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360