SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.4 ശതമാനമായി കുറഞ്ഞേക്കും

gdp

കാർഷിക, വ്യാവസായിക ഉത്പാദനം കരുത്താകുമെന്ന് കേന്ദ്ര സർക്കാർ

കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച 6.4 ശതമാനമാകുമെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. നാല് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജി.ഡി.പി വളർച്ച 8.2 ശതമാനമായിരുന്നു. ഏപ്രിൽ മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ വ്യവസായ, കാർഷിക മേഖലകളുടെ പ്രകടനം പ്രതീക്ഷിച്ച തലത്തിലേക്ക് ഉയർന്നില്ല. അതേസമയം സെപ്തംബറിന് ശേഷം ഗ്രാമീണ ഉപഭോഗത്തിലുണ്ടായ വർദ്ധനയുടെ കരുത്തിൽ വളർച്ച 6.4 ശതമാനം മുതൽ 6.8 ശതമാനം വരെയായി ഉയരുമെന്നാണ് പ്രതീക്ഷയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് വ്യക്തമാക്കി.

കാർഷിക ഉത്പാദനത്തിൽ നടപ്പു സാമ്പത്തിക വർഷം 3.8 ശതമാനം വളർച്ചയുണ്ടാകുമെന്നും വിലയിരുത്തുന്നു. മുൻവർഷമിത് 1.4 ശതമാനം മാത്രമായിരുന്നു. നിർമ്മാണ സേവന മേഖലകളും നടപ്പുവർഷം മികച്ച വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണ രംഗം 8.6 ശതമാനവും ധനകാര്യ, റയിൽറ്റി തുടങ്ങിയവ അടങ്ങിയ സേവന മേഖല 7.3 ശതമാനവും വളർച്ച നേടിയേക്കും. സ്വകാര്യ ഉപഭോഗത്തിൽ 7.3 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

സർക്കാർ നിക്ഷേപം ഉയരുന്നു

നടപ്പു സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാർ ഉത്പന്നങ്ങളിലും സേവനങ്ങളിലുമായി നടത്തുന്ന നിക്ഷേപങ്ങളിൽ 4.1 ശതമാനം വളർച്ചയുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഈ മേഖലയിൽ 2.5 ശതമാനം വർദ്ധനയുണ്ടായിരുന്നു.

റിസർവ് ബാങ്കും വളർച്ചാ ലക്ഷ്യം കുറച്ചു

നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.6 ശതമാനം കുറയുമെന്നാണ് റിസർവ് ബാങ്കിന്റെ പുതുക്കിയ റിപ്പോർട്ടിൽ പറയുന്നത്. ജി.ഡി.പിയിൽ 7.2 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കേന്ദ്ര ബാങ്ക് വിലയിരുത്തിയിരുന്നത്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ വളർച്ച 5.4 ശതമാനമായി ഇടിഞ്ഞതോടെയാണ് റിസർവ് ബാങ്ക് വളർച്ച ലക്ഷ്യം പുനർനിശ്ചയിച്ചത്.

വെല്ലുവിളികൾ

ഉയരുന്ന നാണയപ്പെരുപ്പം

നഗര മേഖലയിലെ ഉപഭോഗത്തിലെ ഇടിവ്

ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ

വ്യാപാര കമ്മിയിലെ വർദ്ധന

രൂപയുടെ മൂല്യയിടിവ്

പ്രതീക്ഷകൾ

ഗ്രാമങ്ങളിലെ വാങ്ങൽ താത്പര്യമേറുന്നു

സർക്കാരുകൾ ചെലവുകളും നിക്ഷേപങ്ങളും കൂടുന്നു

സേവന കയറ്റുമതിയിലെ കുതിപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360