
കൊച്ചി: പോയവർഷം രാജ്യത്തെ ഇരുചക്ര വാഹനങ്ങളുടെ വില്പനയിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ കുതിപ്പ്. 2024ൽ 20 കമ്പനികൾ രാജ്യത്ത് വിറ്റത് 11,21,821 സ്കൂട്ടറുകളെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബറിൽ മാത്രം 71,626 ഇലക്ട്രിക് സ്കൂട്ടറുകളാണ് രാജ്യത്ത് വിറ്റഴിക്കപ്പെട്ടത്. 2024ൽ രാജ്യത്ത് ആകെ വിറ്റ ഇലക്ട്രിക് വാഹനങ്ങളിൽ 70 ശതമാനത്തിലേറെയും ഇരുചക്ര വാഹനങ്ങളാണെന്നും പരിവാഹനിലെ കണക്കുകൾ വ്യക്തമാക്കുന്നു.
ചേതക്, ടി.വി.എസ്.ഐക്യൂബ്, ഒല, ഏഥർ, ഗ്രേവ്സ് ഇലക്ട്രിക് മൊബിലിറ്റി, ബഗാസ്, പ്യുർ, വിഡ, ബൗൺസ് ഇൻഫിനിറ്റി, റിവോൾട്ട് എന്നീ കമ്പനികളാണ് കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റത്. മുൻനിര നിർമ്മാതാക്കളെ കൂടാതെ മറ്റുചില കമ്പനികളും ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ പുറത്തിറക്കുന്നുണ്ട്. ഏഥർ, ടി.വി.എസ്, ഒല, ബജാജ് എന്നീ കമ്പനികളുടെ സ്കൂട്ടറുകളാണ് കൂടുതലായി പുറത്തിറങ്ങുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം 90,629 (ജനുവരി മുതൽ ജൂലായ് വരെ) ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് വിറ്റത്. ഓല, ടി.വി.എസ് മോട്ടോർ, ബജാജ്, ഏഥർ എന്നിവയാണ് കേരളത്തിൽ കൂടുതൽ വിറ്റഴിഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകൾ. മറ്റ് ഇരു ചക്ര വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതലാണെങ്കിലും യാത്രാ ചെലവിലുണ്ടാകുന്ന വ്യത്യാസമാണ് ആളുകൾക്ക് ഇ.വി വാഹനങ്ങൾ പ്രിയപ്പെട്ടതാക്കുന്നത്.
ചെലവ് നാലിലൊന്ന് മാത്രം
ഒറ്റ ചാർജിൽ കുറഞ്ഞത് നൂറ് കിലോ മീറ്ററെങ്കിലും സഞ്ചരിക്കാൻ സാധിക്കുമെന്ന പ്രത്യേകതയാണ് ഉപഭോക്താക്കളെ ഇലക്ട്രിക് സ്കൂട്ടറുകളോട് അടുപ്പിക്കുന്നത്. ഒരു ലിറ്റർ പെട്രോളിൽ 40 കിലോമീറ്റർ ഓടുന്ന ഇരു ചക്ര വാഹനത്തിന് ഒരു കിലോ മീറ്ററിന് ചെലവ് 2.5 രൂപ. ബാറ്ററി ചാർജ് ചെയ്താൽ നാല് യൂണിറ്റിൽ 100കി.മീ ഓടാനാകും. യൂണിറ്റിന് അഞ്ച് രൂപ കണക്കാക്കിയാലും ചെലവ് 20 രൂപയിൽ നിൽക്കും. ഒരു കിലോമീറ്ററിന് 20പൈസ മാത്രമാകും ചെലവ്. ബാറ്ററിയുടെ വാറണ്ടി അഞ്ച് മുതൽ എട്ട് വരെ വർഷമാക്കി ഉയർത്തിയതും ഇ.വി ഇരുചക്ര വാഹനങ്ങളോടുള്ള പ്രിയമേറ്റി. ഇതിനെല്ലാം പുറമേ 10,000 രൂപ ഒരു ഇ.വി സ്കൂട്ടറിന് കേന്ദ്രസർക്കാർ സബ്സിഡിയും നൽകുന്നുണ്ട്.
പെട്രോൾ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഉള്ളതിന്റെ നാലിലൊന്ന് ചെലവ് ഇ.വി സ്കൂട്ടർ ഉപയോഗിക്കുമ്പോൾ ഇല്ലെന്നതാണ് വില്പന ഇത്രകണ്ട് ഉയരാൻ കാരണം
ജെ. മനോഹർ, മേധാവി
ഇ-മൊബിലിറ്റി വിഭാഗം
അനർട്ട്
ഇ.വി സ്കൂട്ടർ വിൽപന- ആദ്യ അഞ്ച് സ്ഥാനത്തുള്ളവർ
(കമ്പനി, ഡിസംബറിലെ എണ്ണം, 2024ലെ എണ്ണം എന്ന കണക്കിൽ)
ചേതക്----18,295----1,93,460
ടി.വി.എസ് ഐക്യൂബ് ഇലക്ട്രിക്----17,231----2,20,512
ഒല ഇലക്ട്രിക്----13,770----4,07,553
ഏഥർ----10,429----1,26,173
ഗ്രേവ്സ് ഇലക്ട്രിക് മൊബിലിറ്റി----2,795----35,058
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |