
ഓഹരികളും രൂപയും മൂക്കുകുത്തി, സ്വർണം കുതിക്കുന്നു
റെക്കാഡ് ഉയരത്തിൽ പവൻ വില @63,840 രൂപ
റെക്കാഡ് താഴ്ചയിൽ രൂപ @87.95
സെൻസെക്സ് 548 പോയിന്റ് ഇടിഞ്ഞ് @77,311.80
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്‌റ്റീലിനും അലുമുനിയത്തിനും 25 ശതമാനം തീരുവ ചുമത്തിയതോടെ വിപണികൾ മുൾമുനയിലായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ചരിത്രത്തിലാദ്യമായി ഔൺസിന് 2,900 ഡോളർ കവിഞ്ഞു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോള ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങി കൂട്ടുന്നതാണ് വില ഉയർത്തുന്നത്. കേരളത്തിൽ സ്വർണ വില പവന് 280 രൂപ ഉയർന്ന് 63,840 രൂപയിലെത്തി. ഗ്രാമിന്റെ വില 35 രൂപ വർദ്ധനയോടെ 7,980 രൂപയായി.
ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 40 ഡോളറാണ് കൂടിയത്.
നടപ്പുവർഷത്തെ പവൻ വിലയിലെ വർദ്ധന
ജനുവരി 1, 2025: 57,200 രൂപ
ഫെബ്രുവരി 10, 2025 : 63,840 രൂപ
വർദ്ധന : 6,640 രൂപ
ഓഹരികളിൽ വിലത്തകർച്ച
ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം ഇന്ത്യൻ ഓഹരി വിപണിക്കും കനത്ത തിരിച്ചടി സൃഷ്‌ടിക്കുന്നു. സെൻസെക്സ് 548.39 പോയിന്റ് നഷ്‌ടവുമായി 77,311.80ൽ അവസാനിച്ചു. നിഫ്‌റ്റി 178.35 പോയിന്റ് ഇടിഞ്ഞ് 23,381.60ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും വിലത്തകർച്ച നേരിട്ടു. ട്രെന്റ്, ടാറ്റ സ്‌റ്റീൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, ടൈറ്റൻ, ഒ.എൻ.ജി.സി എന്നിവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.
നിലയുറക്കാതെ രൂപ
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നലെ 87.95 വരെ താഴ്ന്ന് പുതിയ റെക്കാഡിട്ടു. ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ പിൻമാറ്റവും രൂപയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കുന്നു. നടപ്പുവർഷം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയാണ് പിൻവലിച്ചത്. വ്യാപാരാന്ത്യത്തിൽ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതോടെ രൂപയുടെ മൂല്യം 87.47ൽ അവസാനിച്ചു. ഈയാഴ്ച വിവിധ രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് ചുമത്തുന്ന തീരുവയുടെ വിശദാംശംങ്ങൾ അറിയിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |