
കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞു
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ആഭ്യന്തര വിപണിയിലെ തളർച്ചയും ഇന്ത്യയുടെ വിദേശ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു. ഫെബ്രുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 10.9 ശതമാനം ഇടിഞ്ഞ് 3,691 കോടി ഡോളറിലെത്തി. ജനുവരിയിൽ കയറ്റുമതി 3,643 കോടി ഡോളറായിരുന്നു. ഇക്കാലയളവിൽ ഇറക്കുമതി 16.3 ശതമാനം കുറഞ്ഞ് 5,096 കോടി ഡോളറായി. 2,023 ഏപ്രിലിന് ശേഷം ആദ്യമായാണ് ഇറക്കുമതി ഇത്രയേറെ താഴുന്നത്.
ഇതോടെ കയറ്റുമതിയും ഇറക്കുമതിയുമായുള്ള അന്തരമായ വ്യാപാര കമ്മി 1,405 കോടി ഡോളറായി ചുരുങ്ങി. മൂന്ന് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വ്യാപാര കമ്മിയാണിത്.
നടപ്പുവർഷം വിദേശ വ്യാപാര വിപണിയിൽ വെല്ലുവിളികൾ ശക്തമാണെങ്കിലും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മൊത്തം കയറ്റുമതി ലക്ഷ്യമിടുന്ന 80,000 കോടി ഡോളറിലെത്തുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബാർത്‌വാൾ പറഞ്ഞു.
സ്വർണ ഇറക്കുമതി ഇടിയുന്നു
രാജ്യാന്തര വിപണിയിൽ വില കുത്തനെ ഉയർന്നതോടെ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി ഫെബ്രുവരിയിൽ 230 കോടി ഡോളറായി ഇടിഞ്ഞു. ജൂലായിൽ 268 കോടി ഡോളറിന്റെ ഇറക്കുമതിയുണ്ടായിരുന്നു. ക്രൂഡോയിൽ ഇറക്കുമതി ജനുവരിയിലെ 1340 കോടി ഡോളറിൽ നിന്ന് 1,180 കോടി ഡോളറായി താഴ്‌ന്നു.
ട്രംപിന്റെ എതിർചുങ്കം ഭീഷണിയാകുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധ ഭീഷണി ഇന്ത്യയുടെ ആഗോള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു. അടുത്ത മാസം മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് എതിർചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനാൽ കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങൾ ഏറെ കരുതലോടെ നീങ്ങുന്നതാണ് വിദേശ വ്യാപാര രംഗത്ത് തിരിച്ചടിയാകുന്നത്. ട്രംപിന്റെ നിർബന്ധത്തിന് വഴങ്ങി ഇന്ത്യ പ്രധാന ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ഇടയുള്ളതിനാൽ ആഭ്യന്തര കമ്പനികൾ ഇറക്കുമതി തീരുമാനം വൈകിക്കുകയാണ്.
സേവന മേഖലയിലെ കയറ്റുമതി ഫെബ്രുവരിയിൽ
3,503 കോടി ഡോളറായി കുറഞ്ഞേക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |