SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

ഹോ​ർ​മു​സ് ​ആ​ശ​ങ്ക​യി​ൽ ആഗോള വി​പ​ണി​കൾ

crude

ക്രൂഡോയിൽ വില വെല്ലുവിളിയാകും

കൊച്ചി: ഹോർമുസ് ഇടനാഴി വീണ്ടും അടയ്‌ക്കാനുള്ള ഇറാന്റെ തീരുമാനം ആഗോള ധന വിപണികളിൽ നെഞ്ചിടിപ്പ് ഉയർത്തുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം വ്യാപാരം ആരംഭിക്കുമ്പോൾ ക്രൂഡോയിൽ വില കത്തിക്കയറുമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയുമായി രാഷ്ട്രീയ സംഘർഷം ശക്തമായതോടെ വെള്ളിയാഴ്ച രാത്രി മുതൽ ഹോർമുസ് ഇടനാഴി നിശ്ചലമാണ്. ഇതുവഴി കടന്നുപോകാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ വെടിവെച്ചതും ഗതാഗതം പൂർണമായി മുടക്കുമെന്ന ഭീഷണിയും നിക്ഷേപകർക്ക് ആശങ്ക ഉയർത്തി. ഇന്ന് ഏഷ്യയിലെ ഓഹരി വിപണികൾ കനത്ത തകർച്ച നേരിട്ടേക്കും. സ്വർണ വിലയും കുത്തനെ കുറയുമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയും ഇറാനുമായി സമാധാന ഉടമ്പടിയിലെത്തുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ വാരം ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതിനാൽ വിപണികൾ ആശ്വാസ മുന്നേറ്റത്തിലായിരുന്നു. വെള്ളിയാഴ്ച ക്രൂഡ് വില ഒൻപത് ശതമാനം ഇടിഞ്ഞ് ബാരലിന് 90 ഡോളറിലെത്തിയിരുന്നു. ഇതോടൊപ്പം ഡോളറും യു.എസ് ബോണ്ടുകളും ദുർബലമായതും വിപണികൾക്ക് ആവേശമായി. ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കാനുള്ള അമേരിക്കയുടെ തീരുമാനമാണ് സാഹചര്യങ്ങൾ വഷളാക്കിയത്. സമാധാന ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായില്ലെങ്കിൽ നടപ്പുവാരം ഓഹരി, സ്വർണം, രൂപ എന്നിവ കനത്ത തകർച്ച നേരിട്ടേക്കും.

ഗതി നിശ്ചയിക്കുന്നത്

1. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ പുരോഗതി

2. ക്രൂഡോയിൽ വിപണിയിലെ ചലനങ്ങളും വില കുതിപ്പും

3. നാലാം ത്രൈമാസത്തിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ

4. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ

വിദേശ നിക്ഷേപക നീക്കം നിർണായകം

ക്രൂഡോയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തിയാൽ രാജ്യത്തെ ഓഹരി വിപണിയിൽ രണ്ട് ശതമാനത്തിലധികം തിരുത്തലുണ്ടായേക്കും. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപ തീരുമാനമാണ് വിപണി കരുതലോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യങ്ങൾ ചൂടുപിടിച്ചതോടെ വിദേശ പണം പുറത്തേക്ക് ഒഴുകുമെന്നാണ് വിലയിരുത്തുന്നത്.

യു.എസ് സംഘം ചർച്ചകൾക്ക് ഇന്നെത്തും

ഇറാനുമായുള്ള സമാധാന ചർച്ചകൾക്ക് അമേരിക്കൻ സംഘം ഇന്ന് പാക്കിസ്ഥാനിലെത്തുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ധാരണയ്ക്ക് ഇറാൻ വഴങ്ങിയില്ലെങ്കിൽ കടുത്ത ആക്രമണമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വാരം സെൻസെക്സിലെ നേട്ടം

1.2 ശതമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360