SignIn
Kerala Kaumudi Online
Monday, 25 May 2026 1.59 AM IST

അടിത്തറ ഉറപ്പിക്കാൻ സിമന്റ് കമ്പനികൾ

cement

അദാനി-ബിർള യുദ്ധം മുറുകുന്നു

കൊച്ചി: ഇന്ത്യൻ സിമന്റ് വിപണിയിലെ മേധാവിത്തം അരക്കിട്ടുറപ്പിക്കാൻ അദാനി ഗ്രൂപ്പും കുമാര മംഗലം ബിർളയുടെ അൾട്രാടെക്കും തമ്മിൽ യുദ്ധം മുറുകുന്നു. ഉത്പാദനശേഷി ഗണ്യമായി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇരു ഗ്രൂപ്പുകളും ചേർന്ന് 50,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് രാജ്യത്ത് നടപ്പാക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഉത്പാദനശേഷിയിൽ 400 ലക്ഷം ടണ്ണിന്റെ വർദ്ധന ഇതിലൂടെയുണ്ടാകും. പ്രതിവർഷം ആറ് മുതൽ എട്ട് ശതമാനം വരെ ഉപഭോഗ വളർച്ച ദൃശ്യമാകുന്ന ഇന്ത്യയിലെ സിമന്റ് വിപണിയു‌ടെ സിംഹഭാഗവും കൈക്കലാക്കാനാണ് ശ്രമം.

രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അൾട്രാടെക്ക് 2027-28 സാമ്പത്തിക വർഷത്തിൽ പ്രതിവർഷ ഉത്പാദനശേഷി 2,407.6 ലക്ഷം ടണ്ണായി ഉയർത്താനാണ് ആലോചിക്കുന്നത്. പ്രമുഖ സിമന്റ് കമ്പനികളായ ഇന്ത്യ സിമന്റ്‌സ്, കെസോറാം സിമന്റ്‌സ് എന്നിവയുടെ ഉത്പാദന പ്ളാന്റുകൾ ഈയിടെ അൾട്രാടെക്ക് ഏറ്റെടുത്തിരുന്നു.

അംബുജ സിമന്റ്‌സ്, എ.സി.സി എന്നിവയുടെ പ്രവർത്തനം വിപുലീകരിച്ചാണ് അദാനി ഗ്രൂപ്പ് സിമന്റ് വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഉത്പാദനം 1550 ടൺ പ്രതിവർഷ ശേഷിയിലെത്തിക്കാനാണ് അംബുജ സിമന്റ്സിന്റെ ശ്രമം. പെറ്റ സിമന്റ്‌, ഓറിയന്റ് സിമന്റ് എന്നിവയെ ഈയിടെ അംബുജ സിമന്റ്സ് ഏറ്റെടുത്തിരുന്നു.

ഉപഭോഗം കുതിച്ചുയരുന്നു

കേന്ദ്ര സർക്കാരിന്റെ പശ്ചാത്തല വികസന പദ്ധതികൾ ആവേശത്തോടെ മുന്നേറുന്നതിനാൽ രാജ്യത്തെ സിമന്റ് ഉപഭോഗം കുത്തനെ കൂടുമെന്ന് വിലയിരുത്തുന്നു. ഭവന നിർമ്മാണ രംഗത്തെ സിമന്റ് വിൽപ്പനയിലും മികച്ച വളർച്ചയാണുണ്ടാകുന്നത്. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ മൊത്തം സിമന്റ് ഉത്പാദനശേഷിയിൽ 1,700 ടണ്ണിന്റെ വർദ്ധനയുണ്ടാകുമെന്ന് കണക്കുകൾ പറയുന്നു. ഇതിനായി മൊത്തം 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്.

ഇറാൻ യുദ്ധം വെല്ലുവിളി

പശ്ചിമേഷ്യയിലെ യുദ്ധം ക്രൂഡോയിൽ വിലയിൽ കുതിപ്പുണ്ടാക്കിയതോടെ കമ്പനികളുടെ പ്രവർത്തന ചെലവ് കുത്തനെ കൂടുകയാണ്. ഇന്ധന, പാക്കേജിംഗ്, ഗതാഗത ചെലവിലുണ്ടായ വർദ്ധനയാണ് പ്രധാന വെല്ലുവിളി. സിമന്റ് ഉത്പാദന ചെലവ് നടപ്പുവർഷം ടണ്ണിന് 500 രൂപ വരെ കൂടിയേക്കും.

ലഭ്യത ഉയരും

കമ്പനികൾ വലിയ തോതിൽ ഉത്പാദനശേഷി ഉയർത്തുന്നതിനാൽ സിമന്റ് ലഭ്യത വരും വർഷങ്ങളിൽ കുത്തനെ കൂടിയേക്കും. ഇറാൻ യുദ്ധം അവസാനിച്ചാൽ സിമന്റ് വില ഗണ്യമായി കുറയാനും കമ്പനികളുടെ നടപടി കാരണമായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360