SignIn
Kerala Kaumudi Online
Friday, 12 June 2026 1.59 AM IST

രാജേഷ് എക്‌സ്‌പോർട്ട്‌സ് കണക്കുകൾ 'സർവം മായം'

rajesh

നിലയില്ലാ കയത്തിൽ നിക്ഷേപകർ

കൊച്ചി: പതിനായിരക്കണക്കിന് നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപ നഷ്‌ടമുണ്ടാക്കിയ പ്രമുഖ സ്വർണ കയറ്റുമതി സ്ഥാപനമായ ബംഗളൂരു ആസ്ഥാനമായ രാജേഷ് എക്‌സ്‌പോർട്ട്സിന്റെ വരുമാന തട്ടിപ്പിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി), കനറാ ബാങ്ക് അടക്കം വിവിധ പൊതുമേഖല സ്ഥാപനങ്ങൾക്കും വൻ നഷ്‌ടമുണ്ടാക്കാൻ രാജേഷ് എക്‌സ്‌പോർട്ട്‌സിന്റെ നടപടികൾ കാരണമായിട്ടും സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അടക്കമുള്ള കേന്ദ്ര ഏജൻസികൾ ഇതുവരെ ഇടപെട്ടിട്ടില്ല.

അഞ്ച് വർഷത്തിനിടെ കമ്പനിയുടെ വിറ്റുവരവ് യഥാർത്ഥത്തിലുള്ളതിലും 15.15 ലക്ഷം കോടി രൂപ പെരുപ്പിച്ച് കാട്ടി രാജേഷ് എക്‌സ്‌പോർട്ട്‌സ് ബാലൻസ് ഷീറ്റിൽ കൃത്രിമം കാട്ടിയെന്ന് ഓഹരി വിപണിയിലെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) കണ്ടെത്തിയിരുന്നു. കമ്പനിയുടെ അക്കൗണ്ടുകളിൽ ഫോറൻസിക് ഓഡിറ്റ് നടത്താനും സെബി ആവശ്യപ്പെട്ടു. അന്വേഷണം തീരുന്നതുവരെ കമ്പനി ഉടമയായ രാജേഷ് മേഹ്തയെ ഓഹരി ഇടപാടുകളിൽ നിന്ന് നിരോധിച്ചതു മാത്രമാണ് ഇതുവരെയുള്ള ഏക നടപടി. ഓഹരി വില കൃത്രിമമായി ഉയർത്തി നിക്ഷേപകരെ കബളിപ്പിക്കാനാണ് വരുമാനം കൂട്ടിക്കാണിച്ചതെന്നാണ് ആരോപണം.

കനറാ ബാങ്കിനെയും തട്ടിച്ചു

കനറാ ബാങ്കിൽ നിന്നുമെടുത്ത 509 കോടി രൂപയുടെ വായ്പ മുടങ്ങിയതിന് 2020 മുതൽ രാജേഷ് എക്‌സ്‌പോർട്ട്സിനെതിരെ കേസ് നടക്കുകയാണ്. സ്വർണ ഇറക്കുമതിക്കായി രാജേഷ് എക്‌സ്‌പോർട്ട്സിന് അനുവദിച്ച ലെറ്റേഴ്‌സ് ഒഫ് ക്രെഡിറ്റിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് നിയമ നടപടി ആരംഭിച്ചത്. രാജേഷ് എക്‌സ്‌പോർട്ട്സിന്റെ ഉപകമ്പനിയായ സ്വിറ്റ്സർലൻഡിലെ വൽകാമ്പിക്കാണ് കനറാ ബാങ്ക് പണം കൈമാറിയത്.

ആറ് ദിവസത്തിൽ ഓഹരി ഉടമകളുടെ നഷ്‌ടം

980 കോടി രൂപ

ഓഹരി നിക്ഷേപകർ കണ്ണീർകടലിൽ

സെബിയുടെ നടപടി പുറത്തുവന്നതിനു ശേഷം കഴിഞ്ഞ ആറ് ദിവസവും രാജേഷ് എക്‌സ്‌പോർട്ട്‌സിന്റെ ഓഹരി വില പ്രതിദിനം അഞ്ച് ശതമാനം വീതം ഇടിഞ്ഞു. ജൂൺ മൂന്നിന് 110 രൂപയായിരുന്നത് ഇന്നലെ 80.43 രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിക്ക് രാജേഷ് എക്‌സ്‌പോർട്ട്‌സിൽ പത്ത് ശതമാനത്തിലധികം ഓഹരിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360