SignIn
Kerala Kaumudi Online
Monday, 20 July 2026 6.14 PM IST

ഫാക്ട് കടുത്ത പ്രതിസന്ധിയിലേക്ക്

fact

വളം ഉത്പാദനം ഭാഗികമായി നിലച്ചു

കളമശേരി: ഉത്പാദനത്തിനുള്ള പ്രധാന അസംസ്‌കൃത സാധനങ്ങളായ സൾഫർ, ഫോസ്‌ഫോറിക് ആസിഡ് എന്നിവയുടെ ലഭ്യത കുറഞ്ഞതും വിലക്കയറ്റവും രാജ്യത്തെ പ്രമുഖ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിനെ(ഫാക്‌ട്) കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഉദ്യോഗമണ്ഡൽ ഡിവിഷൻ പ്രവർത്തനം പൂർണമായും നിലച്ചു. കൊച്ചിൻ ഡിവിഷൻ ഉത്പാദനം 50 ശതമാനം വരെ കുറച്ചു. സാഹചര്യം മെച്ചപ്പെട്ടില്ലെങ്കിൽ ഫാക്‌ടിന്റെ പ്രവർത്തനം കൂടുതൽ ഉത്പാദന നിയന്ത്രണം വേണ്ടിവന്നേക്കും.

കേന്ദ്ര സർക്കാരിന്റെ 1000 കോടി വായ്പയും കൊച്ചിൻ ഡിവിഷനിലെ ഭൂമി വിൽപ്പനയിൽ നിന്നുള്ള വരുമാനവും കമ്പനിയെ താത്കാലികമായി ലാഭത്തിലേക്ക് തിരിച്ചെത്തിച്ചിരുന്നു.എന്നാൽ അസംസ്‌കൃത സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ കമ്പനി വീണ്ടും കനത്ത നഷ്‌ടത്തിലായി. കഴിഞ്ഞ സാമ്പത്തിക വർഷം 49 കോടി രൂപയാണ് നഷ്ടം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ നഷ്‌ടം 100 കോടി രൂപ കവിയുമെന്ന് കമ്പനിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറയുന്നു.

വിലക്കയറ്റം വിനയായി

ക്രൂഡോയിലിന്റെ ഉപോത്‌പന്നമായ സൾഫറിന്റെ വില ടണ്ണിന് 40000 രൂപയിൽ നിന്ന് 96,500 രൂപയിലേക്ക് കുതിച്ചുയർന്നു. സൾഫ്യൂറിക് ആസിഡ് ഉത്പാദിപ്പിക്കാനുള്ള സൾഫർ കൊച്ചിൻ റിഫൈനറി, മംഗലാപുരം റിഫൈനറി എന്നിവിടങ്ങളിൽ നിന്നാണ്, അന്താരാഷ്ട്ര വിപണി വിലയേക്കാൾ അഞ്ച് ശതമാനം വില കുറച്ചാണ് കൊച്ചി റിഫൈനറിയിൽ നിന്ന് ഫാക്ടിന് സൾഫർ ലഭിക്കുന്നത്. എന്നാലും വിലക്കയറ്റം കമ്പനിക്ക് കടുത്ത വെല്ലുവിളിയാണ്.

വളം ലഭ്യത അവതാളത്തിലാകും

കൊച്ചിൻ ഡിവിഷനിൽ ഒരു ദിവസം 2000 മെട്രിക് ടൺ എൻ. പി.കെ. വളമാണ് ഉത്പാദിപ്പിക്കുന്നത്, 1650 മെട്രിക് ടണ്ണിന്റെ പുതിയ പ്ലാന്റ് നിർമാണം പൂർത്തിയാകാൻ ഇരിക്കുമ്പോഴാണ് പ്രതിസന്ധി . ഉത്പാദനത്തിലെ ഇടിവ് ദക്ഷിണേന്ത്യയിലെ വളം വിതരണത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വളം സബ്സിഡി ഉയർത്താനും ഫാക്‌ടിന് പ്രത്യേക നഷ്ട പരിഹാരം നൽകാനും കേന്ദ്ര സർക്കാർ തയ്യാറാകണം

ടി.വി. സുജിത്ത്

ജനറൽ സെക്രട്ടറി

ഫ്യൂവൽ യൂണിയൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FACT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360